14 February 2017

അവൾ

ഇന്ന് വാലന്റയിൻസ് ഡേയാണല്ലേ ? സോഷ്യൽ മീഡിയയിൽ യുവതീ യുവാക്കളുടെ തകർപ്പൻ പ്രണയ പോസ്റ്റുകൾ കണ്ട് അയാൾ സ്വയം ചോദിച്ചു .മുഖത്തെ കണ്ണട മാറ്റി നീളൻ ചാരുകസേരയിൽ കിടന്നു കൊണ്ട് തലയിൽ വെറുതെ ഉഴിഞ്ഞു; ഓർമകളെ ഉത്തേജിപ്പിക്കാനെന്നോണം .മുടിയെല്ലാം പൊഴിഞ്ഞ് പോയത് കൊണ്ട് തടവാനൊരു സുഖമുണ്ട് .പ്രവാസിയായതിന്റെ തെളിവിനായി കിട്ടുന്നതിലൊന്നാണ് കഷണ്ടിയെന്ന് പറത്തതാരാണ് .ഇല്ല ഓർമ കിട്ടുന്നില്ല .അല്ലെങ്കിൽ തന്നെ ആര് ആരെയാണ് ഓർത്തിരിക്കുന്നത് ? എല്ലാവരും വഴിയാത്രക്കാരാണല്ലോ .ഒന്നിച്ച് കുറച്ച് നാൾ താമസിക്കുമ്പോഴുള്ള സൗഹൃദമൊന്നും പിന്നെ അധിക കാലം നിലനിൽക്കില്ല .

പ്രവാസത്തിന്റെ പ്രയാസങ്ങളും പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ടെൻഷനുമാന് മുടി കൊഴിയാൻ കാരണമെന്ന് താനന്ന് തർക്കിച്ചിരുന്നു .അതല്ല ഭാര്യയുടെ പീഡനം കാരണമാണ് ഉള്ള മുടി കൂടി നരച്ചതെന്ന് വേറൊരു സഹമുറിയൻ.തർക്കവിതർക്കങ്ങളും വാദപ്രദിവാദങ്ങളുമാണ് പ്രവാസി റൂമുകളുടെ പ്രത്യേകത. അല്ല; ഞാനിതെന്താണ് ചിന്തിച്ച് കൂട്ടുന്നത് .ചിന്തകളിങ്ങനെയാണ് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വെറുതേ പാഞ്ഞുകൊണ്ടിരിക്കും .അവളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി മരുഭൂമിയിലെ ടെൻഷനുകളിലേക്കാണ് മനസ്സെത്തുന്നത് .

ആറിത്തുടങ്ങിയ ചായ ഒറ്റ വലിക്കകത്താക്കി ദൂരേക്ക് നോക്കി കുറേ നേരമിരുന്നു .മധുരമിടാത്ത ചായയുടെ കയ്പ്പ് .ജീവിതവുമിങ്ങനെയാണ്, യൗവനത്തിൽ എന്തൊരു മധുരമാണ് .പോകപ്പോകെ മധുരം കൂടിയും കുറഞ്ഞുമിരിക്കും .സ്ഥലം മാറി വന്നതാണവൾ .വെളുത്ത് മെലിഞ്ഞ സുന്ദരി .ലോകത്ത് ഏറ്റവും കൂടുതൽ സുന്ദരി ഇവളായിരിക്കുമെന്നാണ് അന്ന് തനിക്ക് തോന്നിയത് .പ്രേമത്തിന് കണ്ണില്ലെന്ന് പറയുന്നത് ഇതുകൊണ്ടായിരിക്കും .സ്വഭാവവും പെരുമാറ്റവുമൊക്കെ കണ്ടിട്ട് ആളൊരു ധൈര്യശാലിയാണെന്ന് തോന്നുന്നു .എങ്ങനെ ഇവളെയൊന്ന് വളക്കും .ക്ലാസിൽ ചിലപ്പോൾ പാറി വീഴുന്ന നോട്ടങ്ങളിൽ തീപ്പൊരിയാണോ എന്ന് ഭയക്കും .എങ്കിലും അവളുടെ ഒരു നോട്ടം മതി പിറ്റേ ദിവസം വരെയുള്ള ഊർജ്ജത്തിന് . വല്ലപ്പോഴും എന്നെ നോക്കുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിയില്ലേ ?ഇല്ലങ്കിലും ഉണ്ടെന്ന് തന്നെ വിശ്വസിച്ചു .

നിങ്ങൾ വിചാരിക്കും ഞാനവളോട് എന്റെ പ്രേമം തുറന്ന് പറഞ്ഞ് കാണുമെന്ന് .ഇല്ല ,എനിക്കതിന് കഴിയുമായിരുന്നില്ല .കാരണം ?എന്നെ ഇഷ്ടമല്ല എന്നെങ്ങാനും അവൾ പറഞ്ഞു കളഞ്ഞാൽ സഹിക്കാൻ കഴിയുമായിരുന്നില്ല .അവൾ വീണ്ടും സ്ഥലം മാറി പോയി .കോളേജും മാറി. എങ്കിലും വല്ലപ്പോഴും എവിടെയെങ്കിലും വെച്ച് കാണുമ്പോൾ പഠിത്തത്തെക്കുറിച്ച് മാത്രം സംസാരിച്ചു .ഇപ്പോഴും അവളുടെ കണ്ണിൽ നോക്കിയാൽ ആകെയൊരു വിറയൽ .ഭയന്നിട്ടല്ല .പിന്നെ? അതറിയില്ല .എന്തെങ്കിലും പറയാൻ ശ്രമിക്കുന്നതു കൂടി തെറ്റിപ്പോവും .അതിനെക്കുറിച്ച് പറയാൻ വന്നാൽ അതിനെ പറിച്ചായിപ്പോവും ,അതിനെ പറ്റിയാണെങ്കിൽ അതിനെ കുറ്റിയും എന്ന് പറഞ്ഞ അവസ്ഥ .

പഠിത്തം കഴിഞ്ഞ് തേരാ പാരാ നടക്കാൻ തുടങ്ങിയിട്ടും ,കൂടെ പഠിച്ചവളുമാരുടെ കുട്ടികൾ പഠിക്കാൻ പോയിത്തുടങ്ങിയിട്ടും അവളുടെ കല്യാണം ഇതു വരെ കഴിഞ്ഞിട്ടില്ല .അതിലൊരിത്തിരി സന്തോഷമുണ്ട് .ഇത്തിരിയോ ? അല്ല ഒത്തിരി .ഒരുത്തിയുടെ കല്യാണം നടക്കാത്തതിൽ സന്തോഷിക്കുന്ന ദ്രോഹീ... എന്തു വേണമെങ്കിലും വിളിച്ചോളൂ ഞാൻ സന്തോഷിക്കും .നാല് ജേഷ്ഠത്തിമാരായിരുന്നു അവൾക് .അതുകൊണ്ടാ പാവം അവൾ നിന്നു പോയത് .ഒരു ജോലി കിട്ടിയിരുന്നേൽ അവളോട് പറയാമായിരുന്നു .കൂടെ വരുമോ എന്ന് ചോദിക്കാമായിരുന്നു .

എല്ലാം പെട്ടന്നായിരുന്നു .ഗൾഫിലേക്കുള്ള വിസ ,യാത്ര, പ്രവാസം ,വിരഹം ,ജോലി . അവളോടൊന്ന് യാത്ര പറയാൻ പോലും പറ്റിയില്ല .ഇവിടെ നിന്ന് വിളിക്കാനാണേൽ അവളുടെ വീട്ടിൽ ഫോണുമില്ല. എഴുത്ത് തന്നെ ശരണം .എഴുതി .അപ്രതീക്ഷിതമായി മറുപടി വന്നു. കൈകൾ വിറക്കുന്നു .ഇതു പേടിച്ചിട്ടല്ല കേട്ടോ സന്തോഷം കൊണ്ടാ .സന്തോഷം കൊണ്ട് കൈ വിറയ്കുമോ ?വിറയ്കും ,സന്തോഷം കൊണ്ട് കരയാമെങ്കിൽ കൈക്ക് വിറയ്കാനും പറ്റും .വളരെ പാടുപെട്ട് കവറിന് പോലും പരിക്ക് പറ്റാതെ കത്ത് തുറന്നു വായിച്ചു .ശ്ശെ വെറും ഒഫീഷ്യൽ .എങ്കിലും ആദ്യ പ്രണയ ലേഖനം പോലെ ആ കത്ത് നൂറാവർത്തി വായിച്ചു .കാണാതെ പഠിച്ചു .മറുപടിയുമെഴുതി .പിന്നെയൊരു കാത്തിരുപ്പാണ് .ആഴ്ചകൾക്ക് മാസങ്ങളുടെ ദൈർഘ്യമുണ്ടാവുമെന്ന് മനസിലായ നാളുകൾ .പിന്നെ കത്തുകളിലൂടെ നാട്ടുകാരുടെയും കൂട്ടുകാരുടെയും പിന്നെ പിന്നെ അവളുടെയും വിശേഷങ്ങൾ എന്നെത്തേടിയെത്താൻ തുടങ്ങി. പറയാതെ പറഞ്ഞും അറിയാതെ അറിഞ്ഞും കത്തുകൾക്ക് വേണ്ടി കാത്തിരുന്ന നാളുകൾ.

അങ്ങനെ ഒരു കത്തിന്റെ അവസാനം ഒരു രണ്ടു വരി പാട്ട്.
കാനനച്ചോലയിൽ ആടു മേയ്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ ....
ഹോ .....പിന്നെയൊന്നും എനിക്കോർമയില്ല എന്നല്ല പിന്നെയാണ് ഓർമകൾക്ക് ജീവൻ വെയ്ക്കുന്നത് ,ചിറകടിച്ച് പറന്നത് ,സ്വപ്നങ്ങൾ നെയ്ത് കൂട്ടിയത് ,നാല് വർഷത്തിന് ശേഷം ലീവിനപേക്ഷിച്ചത് .
ആടു മേയ്കാനല്ല നമ്മുടെ കുട്ടികളെ മേയ്കാൻ പറ്റുമെങ്കിൽ കൂടെ പോരൂ എന്നൊരു വരി മാത്രമേ മറുപടിയെഴുതിയുള്ളു .എന്തിനധികം അല്ലേ ??

നിങ്ങളവിടെ ആരെ സ്വപ്നം കണ്ടോണ്ട് കിടക്കുവാ മനുഷ്യാ .. എണീറ്റ് വന്നീ പുള്ളാരുടെ യൂണിഫോമൊന്ന് ഇട്ടുകൊട്, സ്കൂൾ ബസിപ്പോ വരും .ഇവിടൊരുത്തി ഒറ്റക്ക് അടുക്കളയിൽ കിടന്ന് പാടുപെടുമ്പോഴാ അവിടെ ചാരിക്കെടന്നൊരു ഉറക്കം .

ആടുമേയ്കാൻ പോകാനിരുന്ന നിന്നെ കെട്ടിയെടുത്ത് കൊണ്ട് വന്ന ഞാനിത് കേൾക്കണം .വേണ്ട ഒന്നും മിണ്ടണ്ട .പോയേക്കാം അതാ നല്ലത്. എന്താണെന്നറിയില്ല അവളുടെ കണ്ണുകൾ എനിക്കിപ്പോഴും പേടിയാണ് .