31 December 2016

പുതുവർഷം ,പുതു ശീലങ്ങൾ

പുതുവർഷം എന്നെ സംബന്ധിച്ചടത്തോളം മറ്റു ദിവസങ്ങൾക്കില്ലാത്ത ഒരു പ്രത്യേകതയും ഇല്ല .എങ്കിലും ചില തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും ന്യു ഇയർ ഉതകുമെങ്കിൽ അങ്ങനെയാവട്ടെ .
               പറഞ്ഞു വന്നത് നമ്മുടെ ചില ദുശ്ശീലങ്ങളെക്കുറിച്ചാണ് .എന്തെങ്കിലും ദുശ്ശീലങ്ങൾ ഇല്ലാത്തതായി ആരുമുണ്ടാവും എന്ന് തോന്നുന്നില്ല .സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള ചില ശീലങ്ങൾ നിർത്താനുള്ള ഒരു വഴി കളിയാക്കലാണ് .ഇത് ഞാൻ പരീക്ഷിച്ച് നോക്കിയിട്ടുള്ളതാണ് .കൂട്ടുകാരുടെ കളിയാക്കലുകളാണ് കൂടുതൽ ഫലം ചെയ്യുക .
     വിഷയം അതല്ല .നമ്മുടെ ശരീരത്തിനും സമ്പത്തിനും ദോഷമുണ്ടാക്കുന്ന ദുശ്ശീലങ്ങളാണ് നാം നിർബന്ധമായും ഉപേക്ഷിക്കേണ്ടത് .മദ്യപാനം ,പുകവലി ,പുകയില ഉത്പന്നങ്ങളായ എല്ലാ വസ്തുക്കളും ( തമ്പാക്ക് ,പാൻ പരാഗ് ,സിഗററ്റ് ,ബീഡി Etc ... ) ദോഷമല്ലാതെ ഒരു ഗുണവും ഉണ്ടാക്കുന്നില്ല .ഗുണം എന്ന് നമുക്ക് തോന്നുന്നത് നമ്മുടെ മാനസികോല്ലാസമാണ് .അതായത് മനസിന് അടിമപ്പെട്ട് പാവം നമ്മുടെ ശരീരത്തിന്റെ ആരോഗ്യം തകർത്ത് രോഗിയാക്കുക .
     ഇതൊക്കെ നിർത്താൻ വളരെയെളുപ്പമാണ് ,ഞാൻ തന്നെ അഞ്ചാറ് പ്രാവശ്യം നിർത്തിയിട്ടുണ്ട് എന്ന രീതിയിലുള്ള തീരുമാനമല്ല എടുക്കേണ്ടത് .ഉറച്ച തീരുമാനം തന്നെയെടുക്കുക .2017 മുതൽ ഇനിയീ വിഷവസ്തുക്കൾ എന്റെ ശരീരത്തിൽ ഞാൻ പ്രയോഗിക്കില്ല എന്ന് തീരുമാനിക്കുക .
    പുതിയൊരു ജീവിതം പുതിയൊരു മനുഷ്യൻ പുതിയൊരു കുടുംബം അതായിരിക്കട്ടെ ഈ പുതു വർഷത്തിൽ നമ്മളോരോരുത്തരും .

27 December 2016

അൻപൊടു സിംപിളാണ്

മലയാളം ക്ലാസ്. വിഷയം വീണപൂവ് .

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍.

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍.

.. ടീച്ചർ ഓരോ വാക്കും അർത്ഥം പറഞ്ഞു കൊടുത്ത് പഠിപ്പിക്കുകയാണ് .പഠിപ്പിച്ച് പഠിപ്പിച്ച്
"ലാളിച്ചു പെറ്റലതയൻപൊടു ശൈശവത്തിൽ "   - എന്ന വരി യിലെത്തി .ലത ലാളിച്ചാണ് പെറ്റത് അതും ശൈശവത്തിൽ എന്ന് വിശദീകരിച്ചു കൊടുത്തു .
ടീച്ചറേ ഈ അൻപൊടു വിന്റെ അർത്ഥമെന്താ ?
ലാസ്റ്റ് ബെഞ്ചിൽ നിന്നാണ് .ടീച്ചർ ഞെട്ടി .സാധാരണ ഒരു സംശയവുമില്ലാത്തവരാണ് ലാസ്റ്റ് ബെഞ്ചുകാർ .ഇതിപ്പോ എന്തു പറയും ദൈവമേ .ആശാനേ ആശാൻ ഈ ചതി ചെയ്തല്ലോ ആശാനേ .ടീച്ചർ തല പുകഞ്ഞ് ആലോചിച്ചു .അവസാനം ഉത്തരം കിട്ടി .
ടീച്ചർ.: ലത എപ്പോഴാ പ്രസവിച്ചത് ?
കുട്ടി: ശൈശവത്തിൽ
ടീച്ചർ: എടാ മണ്ടാ ശൈശവത്തിൽ തന്നെ ലത പ്രസവിക്കണമെങ്കിൽ അതിനൊരു കാരണക്കാരൻ വേണ്ടേ .അവനാണ് അൻപൊടു .

25 December 2016

പാലോട് ബൊട്ടാണിക്കൽ ഗാർഡൻ

പ്രകൃതി സുന്ദരമായ ഒരു സ്ഥലത്തേക്ക് യാത്ര പോകണമെന്നും കുറച്ച് നേരം നടന്ന് അവിടെയൊക്കെ ആസ്വദിക്കണമെന്നും ആഗ്രഹമുണ്ടോ ? അതോടൊപ്പം , നമ്മുടെ ചുറ്റും കാണപ്പെടുന്നതും ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്തതുമായ കുറെ സസ്യങ്ങളെ കുറിച്ച് പഠിക്കാനും കൂടി കഴിഞ്ഞാലോ . ഇതിനെല്ലാം പറ്റിയ സ്ഥലമാണ് പാലോടുള്ള  ജവഹർലാൽ നെഹ്രു ട്രോപിക്കൽ ബൊട്ടാണികൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് .
       
വിരസമായ പണിമുടക്ക് ദിനം വെറുതെയിരുന്ന്  മടുത്തപ്പോൾ തോന്നി ഒരു ട്രിപ് പോയാലോ എന്ന് .എന്തായാലും നാളെയാകട്ടെ എന്ന് കരുതി .കാരണം അവിടെയും മുടക്കിയാലോ .രാവിലെ കാപ്പി കുടിയും കഴിഞ്ഞ് ഭാര്യയും മോനുമായി ബൈക്കിൽ കയറി . അഞ്ചൽ നിന്ന് ചിതറ വഴി പാലോട് റോഡിൽ കയറി ഞങ്ങളവിടെത്തി .മറ്റ് റൂട്ടുകളിൽ നിന്ന് വരുന്നവർ പാലോട് നിന്ന് മടത്തറ ഭാഗത്തേക്ക് വരിക .( തിരുവനന്തപുരം -ചെങ്കോട്ട റോഡിൽ)
             പശ്ചിമഘട്ട മലനിരകളിൽ ഉൾപെട്ട സഹ്യപർവതത്തിലെ അഗസ്ത്യ വനം ബയോസ് ഫിയർ റിസർവിലെ ഒരു ഭാഗമാണ് അഗസ്ത്യാർകൂടം .ആയിരക്കണക്കിന് സസ്യവിഭാഗങ്ങളാൽ സമൃദ്ധമാണ് ഇവിടം .ഈ സ്ഥലത്താണ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത് .ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വ്യത്യസ്ത ഇനം സസ്യ ശേഖരമാണ് ഇവിടെയുള്ളത് .ആയിരത്തിൽ പരം വൃക്ഷയിനങ്ങൾ ,600 ഇനം ഓർക്കിഡുകൾ ,60 ഇനം മുളകൾ ,50 ഇനം ഇഞ്ചി ,നൂറിൽ പരം പന കൾ ,മരുന്നു ചെടികൾ ,സുഗന്ധ ദ്രവ്യങ്ങൾ ,പായലുകൾ അങ്ങനെയങ്ങനെ എന്തെല്ലാം .എല്ലാം കൂടി പറയാൻ പോലും ഓർമ കിട്ടുന്നില്ല .സസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഏഷ്യയിലെ തന്നെ പ്രശസ്തമായ സ്ഥാപനമാണിത് .മുന്നൂറേക്കറിൽ വിശാലമായി കിടക്കുന്ന ഈ പൂന്തോട്ടത്തിനും വച്ചുപിടിപ്പിച്ച വനത്തിനും ഇടയിലൂടെ് ചിറ്റാർ അങ്ങനെ പൊട്ടിച്ചിരിച്ചും കലപില കൂട്ടിയും ഒഴുകുന്നത് കാണാം . ചിറ്റാറിന്റെ തീരത്ത് മതിൽക്കെട്ടും പടിവാതിലും തുളസിത്തറയുമുള്ള ഒരു പഴയ വീട് .ഇവിടെയാണ് ,ഹോർത്തൂസ് മലബാറിക്കസ് തയാറാക്കാൻ ഹെൻറിച്ച് വാൻ റീഡിനെ സഹായിച്ച ഇട്ടി അച്യുതൻ വൈദ്യരുടെ സ്മാരകമുള്ളത് .
       രാവിലെ 9 മണി മുതൽ സന്ദർശകർക്ക് പ്രവേശനമുണ്ട് .പൊതു അവധി ദിനമൊഴികെ എല്ലാ ദിവസവും പോകാം .പോകുന്നവർ രാവിലെ തന്നെ പോകുക .ഇല്ലങ്കിൽ എല്ലാ ബ്ലോക്കും കണ്ടു തീർക്കാൻ കഴിയില്ല .ഭക്ഷണം കരുതുന്നത് നന്നായിരിക്കും .പ്രവൃത്തി ദിനത്തിൽ ചെടികളും മറ്റും വാങ്ങുവാനും കഴിയും .ഒരു ഗ്രൂപ്പിന് ഒരു ഗൈഡ് ഉണ്ടാവും .ഞങ്ങൾ ,ഒരു കോളേജിൽ നിന്ന് വന്ന ബോട്ടണി വിദ്യാർത്ഥികളോടൊപ്പമാണ് പോയത് .അവസാനം അവരുടെ ഗ്രൂപ് ഫോട്ടോയും എടുത്ത് കൊടുത്ത് അവിടെ നിന്ന് ഇറങ്ങി .സമയം തീർന്നതിനാൽ ഇനിയും കണ്ടു തീർക്കാൻ കഴിയാതെ പോയ സസ്യങ്ങളെ ഇനിയൊരിക്കലാവാം എന്ന പ്രതീക്ഷയോടെ .





21 December 2016

അച്ചൻകോവിൽ വഴി ചെങ്കോട്ടയിലേക്കൊരു യാത്ര



അച്ചൻ കോവിൽ വഴി ചെങ്കോട്ടയിലേക്കൊരു യാത്ര .

ഉണ്ടിരുന്ന നായർക്കൊരു ഉൾവിളി എന്ന് പറഞ്ഞ പോലെ ,രാവിലെ കാപ്പി കുടിയും കഴിഞ്ഞ്, പത്രവും വായിച്ചു തീർന്നു .ഇനി ??.ഓ ഗൾഫീന്ന് വന്ന് വീട്ടിക്കിടന്നുറങ്ങിയാ മതിയോ .അല്ലേൽ തന്നെ ഉറക്കം ഇച്ചിരി കൂടുതലാണെന്നാ ചിലരുടെ പരിഹാസം .വാട്സപ്പെടുത്ത് ഷിറാസിന് ( വാപ്പയുടെ അനുജന്റെ മകൻ) മെസ്സേജയച്ചു .എന്താ പരിപാടി ?.മറുപടി വന്നു - നതിംഗ്. എങ്കിൽ റെഡിയാ വ് നമുക്കൊരു യാത്ര പോകാം .അവനും ഗുൾഫീന്ന് വന്ന് വെറുതെ വീട്ടിലിരിക്കുന്നു .ഓകെ ഞാൻ റെഡിയെന്ന് മറുപടി കിട്ടി .ഇപ്പോൾ സമയം രാവിലെ 8.45 .ശരി ഞാൻ 9 മണിക്ക് നിന്റടുത്തുണ്ടാവും എന്ന് മറുപടി സെന്റ് ചെയ്ത് യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി .കുറച്ച് ദിവസത്തെ തോരാ മഴക്ക് ശേഷം ഇന്ന് ശാന്തമായ അന്തരീക്ഷം .വെയിലുമില്ല മഴയുമില്ല .എങ്കിലും ഒരു പേടി .മഴ പെയ്താലോ .റെയിൻകോട്ടുമില്ല .പെയ്താൽ നനയാമെന്ന് തന്നെ തീരുമാനിച്ചു .അതുമൊരു നല്ല അനുഭവമായിരിക്കും .മുൻപും കൂട്ടുകാരോടൊപ്പം മഴനനഞ്ഞ് നടന്ന് കാട് കേറിയ മുൻ പരിചയം എനിക്കുണ്ട് .ഒരു പ്ലാസ്റ്റിക് ക്യാരി ബാഗ് എടുത്ത് വെച്ചു .മൊബൈലും പണവും നനയാതെ സൂക്ഷിക്കണമല്ലോ .പിന്നെയൊരു തോർത്തും എടുത്തു ;ഇരിക്കട്ടെ ഒരു വഴിക്ക് പോകുന്നതല്ലേ .റോഡ് ചെളിക്കുളമാണെന്ന് അറിയാമായിരുന്നു .മുൻപ് ജോലി ചെയ്യുമ്പോൾ ഇട്ടിരുന്ന റബ്ബർ ഷൂ തപ്പിയെടുത്തു .ഇതാവുമ്പോ കാട്ടിലും ചെളിയിലും സുരക്ഷിതമായി നടക്കാം .ഒറ്റക്കുഴപ്പമേയുള്ളൂ ,അകത്ത് വെള്ളം കയറിയാൽ ഉണങ്ങാൻ പ്രയാസമാണ് .സമയം 9 ആയി .ഹെൽമറ്റും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി .ബൈക്ക് അനുജന്റെയാണ്. സൂക്ഷിക്കണം ഇല്ലേൽ പണി പാളും .ചുറ്റും നടന്ന് നോക്കി .രണ്ട് ടയറിലും തട്ടി നോക്കി .ഇത്രയൊക്കെ ബൈക്കിനെക്കുറിച്ചറിയാമോ എന്ന് ചോദിച്ചാൽ ,രൺജി പണിക്കർ ഒരു സിനിമയിൽ പറയുന്ന പോലെ - ഇതു വല്ലതും അറിഞ്ഞിട്ടാണോ ?എല്ലാരും ചെയ്യുന്നു .നമ്മളും -അത്ര തന്നെ .എ നിക്കും അതു തന്നെ പറയാനുള്ളൂ .

ഷിറാസിന്റെ വീട്ടിലെത്തി, അവനുമായി


പുനലൂർ റോഡിൽ കയറി .പുനലൂർ എത്തുംമുൻപ് പമ്പിൽ നിന്ന് 500 രൂപക്ക് പെട്രോൾ അടിച്ചു .പുനലൂർ നിന്ന് പത്തനാപുരം റോഡിൽ കയറി .പുനലൂർ-പത്തനാപുരം റോഡിൽ ഏകദേശം രണ്ട് സ്ഥലത്തിനും ഇടക്കുള്ള ചെറിയ ജംഗ്ഷനാണ് - അലിമുക്ക് - ഇവിടെ നിന്നാണ് അച്ചൻകോവിലിലേക്കുള്ള അവിസ്മരണീയ യാത്രക്കുള്ള റോഡ് തിരിയുന്നത് .ജനവാസ മേഖല വിട്ട് കഴിയുമ്പോൾ ഫാമിംഗ് കോർപറേഷന് കീഴിലുള്ള തോട്ടങ്ങളും മറുഭാഗത്ത് വനത്തിന്റെയും മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് തുടങ്ങാം .ഇവിടമൊക്കെ നല്ല റോഡാണ് .കോർപറേഷന്റെ റബ്ബർതോട്ടത്തിൽ ജോലി ചെയ്യുന്നവരെയും മറ്റും ഇടക്ക് കാണാം .കുറച്ച് കൂടി കഴിഞ്ഞാൽ റോഡിന്റെ സ്വഭാവം മാറും .പിന്നെയങ്ങോട്ട് കുണ്ടും കുഴിയും ചെളിയും നീർച്ചാലുകളുമൊക്കെയാണ് റോഡ് എന്നറിയപ്പെടുന്നത്.

          .ഇതു വഴി ഫോർ വീൽ വാഹനങ്ങളിൽ പോകാതിരിക്കുന്നതാണ് നല്ലത് .യാത്രയുടെ എല്ലാ സുഖവും അത് നഷ്ടപ്പെടുത്തും .സമയവും കൂടുതലെടുക്കും .റോഡിന്റെ അവസ്ഥ മോശമാണെങ്കിലും വനത്തിലേക്ക് പ്രവേശിക്കുന്നതോടെ നാമതെല്ലാം മറക്കും .വനത്തിന്റെ ഗാംഭീര ഭാവം ,അതിന്റെ കുളിര് ,പക്ഷികളുടെ ശബ്ദം ,കളകളമൊഴുകുന്ന നീർചോലകൾ ,എല്ലാം നമ്മെ അവരുടെ അതിഥിയായി സ്വാഗതം ചെയ്യും .ഇപ്പോൾ നാം അവരുടെ ഭാഗമാവുകയാണ് .ഈ തണുപ്പ് ,ഈ തണൽ ,ഈ ജലം ,ഇതല്ലേ നിങ്ങൾ നശിപ്പിക്കുന്നത് ?എന്ന് നമ്മോടവർ ചോദിക്കുന്നപോലെ. ഇടക്ക് രണ്ട് മൂന്ന് സ്ഥലത്ത് വ്യത്യസ്ത ഇനങ്ങളിലെ പാമ്പുകൾ റോഡിൽ കിടന്ന് വിശ്രമിക്കുണ്ടായിരുന്നു .ഇവനാരടാ എന്ന ഭാവത്തിൽ ഒന്ന് നോക്കിയിട്ട് പതുക്കെ കാട്ടിലേക്ക് കേറിപ്പോയി .ങാ പൊയ്കോ എന്ന് പറയുന്ന പോലെ .

അകലെ സ ഹ്യൻ ആകാശത്തെ ചുംബിച്ച് നിൽക്കുന്നു .വെളുപ്പും കറുപ്പും മേഘങ്ങൾ അവരെ തഴുകി കടന്നു പോകുന്നു .അതാ ഒരാൺമയിൽ റോഡിൽ പീലി വിടർത്തി നിൽക്കുന്നു .അടുത്തു തന്നെ പിടയുമുണ്ട് .ഞങ്ങളുടെ വരവ് അവന് പിടിച്ചില്ലന്ന് തോന്നുന്നു .സ്വർഗത്തിലെ കട്ടുറുമ്പുകളെ നോക്കിയിട്ട് അവനവന്റെ പാട്ടിന് പോയി .ഞങ്ങൾ  മുന്നോട്ടും .അലിമുക്കിൽ നിന്ന് 40 കി.മി. ഉണ്ട് അച്ചൻ കോവിലിലേക്ക് .പുനലൂർ KSRTC ഡിപ്പോയിൽ നിന്ന് ബസുകൾ ഉണ്ട് ഇവിടേക്ക് .രാവിലെ 6 മണി മുതൽ സർവീസ് തുടങ്ങും . ബൈക്കോടിക്കാനും ഡ്രൈവ് ചെയ്യാനും വയ്യാത്തവർക്ക് ബസിൽ പോകാം .മൂന്ന് റൂട്ടുകളുണ്ട് .അതിലൊന്ന് ചെങ്കോട്ട വഴിയാണ് .ദൂര കൂടുതലാണെങ്കിലും നല്ല റോഡായതിനാൽ സുഖ യാത്രയായിരിക്കും .തിരിച്ച് വരുമ്പോൾ മറ്റേ റൂട്ടിലുള്ള ബസിൽ വേണമെങ്കിൽ വരുകയും ചെയ്യാം .കാനന യാത്രയോടൊപ്പം ,അച്ചൻകോവിലിലെ പ്രസിദ്ധമായ ക്ഷേത്ര സന്ദർശനവും നടത്താം .അടുത്തു തന്നെയുള്ള കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ വേണമെങ്കിൽ ഒരു കുളിയുമാവാം .

കാഴ്ചകൾ കണ്ട് 12 മണിയോടെ ഞങ്ങൾ അച്ചൻകോവിലിലെത്തി .വനശ്രീയുടെ റെസ്സ്റ്റോറന്റിൽ നിന്ന് പുഴുങ്ങിയ കപ്പയും മുളകും വാങ്ങി കഴിച്ചു .പൊറോട്ടയും ചപ്പാത്തിയുമൊക്കെയുണ്ട് .ഊണില്ല. സ്പെഷൽ ഐറ്റംസ് ഞായറാഴ്ച മാത്രം .അടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ (കാണാനായാലും)പോകണമെങ്കിൽ ടിക്കറ്റെടുക്കണം . വണ്ടി പാർക്കിങ്ങിനും വേണം ടിക്കറ്റ് .എടുത്താലും ഇല്ലേലും റോഡരികിലാണ് പാർക്കിംഗ് ,എടുക്കാത്തതാണ് നല്ലത് .അത്രയും ലാഭിക്കാം . തമിഴൻമാരും തെലുങ്കരു മൊക്കെ കുഞ്ഞുകുട്ടികളും കിളവിമാരുമുൾപടെ കുളിക്കാനായി പോകുന്നുണ്ട് .റോഡിൽ നിന്ന് 400 മീറ്റർ നടപ്പാത താണ്ടണം വെള്ളച്ചാട്ടത്തിലേക്ക് .നല്ല തിരക്ക് .പോയി കുളിച്ചിട്ട് വരാൻ കുറച്ച് കഷ്ടപ്പെടണം .പിന്നെ നമ്മൾ മലയാളികൾക്ക് ഈ വെള്ളവും വെള്ളച്ചാട്ടവുമൊന്നും പുത്തരിയല്ലാത്തതുകൊണ്ട്  "ഇതൊക്കെയെന്ത് " എന്ന് സലിം കുമാർ സ്റ്റൈലിൽ മുഖഭാവവുമായി കുറച്ച് നിന്നിട്ട് അവിടം വിട്ടു .ചെങ്കോട്ട റോഡ് വഴി വരുമ്പോഴും നീർച്ചോലകളും അകലെ വെള്ളച്ചാട്ടവുമൊക്കെ കാണാം .നല്ല റോഡും കാലാവസ്ഥയും .തമിഴ് നാട്ടിലേക്കുള്ള ചുരമിറങ്ങുമ്പോഴും അകലെയുള്ള മലനിരകളുടെ വശ്യത നമ്മെ കുറച്ച് നേരം അവിടെ പിടിച്ച് നിർത്തും.ചെങ്കോട്ടയിലെത്തി ഒരു ചിന്ന ഹോട്ടലിൽ കയറി ശാപ്പിട്ടാച്ച് .അതുക്ക് പിന്നാടി 8 km അകലെയുള്ള തെങ്കാശിക്ക് വിട്ടു .ഒരു ചിന്ന പർച്ചേസിങ് .ഇലക്ട്രിക്കൽ സാധനങ്ങൾ കേരളത്തിലേതിനെക്കാൾ വിലക്കുറവുണ്ട് .നിറയെ വ്യാപാര സ്ഥാപനങ്ങളാണിവിടെ




ഇനി മടക്കം ചെങ്കോട്ട ,തെൻമല വഴി പുനലൂർ .ആര്യങ്കാവ് ചെക് പോസ്റ്റ് കഴിഞ്ഞ് കുറച്ച് കൂടി വരുമ്പോഴാണ് പ്രസിദ്ധമായ പാലരുവി വെള്ളച്ചാട്ടമുള്ളത് .വാഹനത്തിൽ വരുന്നവർ ഒരു മണിക്ക് അച്ചൻകോവിൽ വിട്ടാൽ ഇവിടെ വന്ന് സുഖമായി കുളിക്കാം .തിരക്കുണ്ടെങ്കിലും സൗകര്യമുണ്ട് .ശരിക്കും വെള്ളവും .അല്ലങ്കിൽ ചെങ്കോട്ടയിൽ നിന്ന് കുറ്റാലത്തേക്കും പോകാം .സഹ്യന്റെ മുകളിൽ നിന്ന് സൂര്യൻ താഴേക്ക് പോകുന്നത് കണ്ട് കൊണ്ട് തമിഴ്നാട് അതിർത്തി കടന്നു .അവിടെ സന്ധ്യയെത്തി. നമ്മുടെ നാട്ടിൽ അതാ വീണ്ടും വെയിൽ .അതെ ഓരോ യാത്രയും അങ്ങനെയാണ് സന്തോഷവും അത്ഭുതങ്ങളും നിറഞ്ഞ,  കുളിരുന്ന ഓർമകൾ .പ്രകൃതിയുടെ വിരുന്ന് .

20 December 2016

ഗ്രാനൈറ്റ് പാടങ്ങളിലൂടെ ഒരു യാത്ര

ഗ്രാനൈറ്റ് പാടങ്ങളിലൂടെ ഒരു യാത്ര ...
പുതിയ വീടുകളിൽ പലതിലും ഫ്ലോറിംഗ് ചെയ്യുന്നത് ഗ്രാനൈറ്റ് ഉപയോഗിച്ചാണല്ലോ .എങ്ങനെയാണത് ആ രൂപത്തിൽ നമ്മുടെ വീട്ടിലെത്തുന്നത് .അതൊന്നറിയേം ചെയ്യാം ആന്ധ്രയിലെ സ്ഥലങ്ങളൊക്കെ ഒന്ന് കാണുകേം ചെയ്യാമെന്ന ആഗ്രഹത്തിലാണ് യഹ് യാ( Yahiya Yousaf) വിളിച്ചപ്പോൾ റെഡിയെന്ന് പറഞ്ഞ്  ഇറങ്ങിയത്. പർച്ചേസിന് പോകുബോൾ വിളിക്കണമെന്ന് പറഞ്ഞിരുന്നു. കൊല്ലത്ത് നിന്ന് ട്രെയിനിൽ ഇരുപത് മണികൂർ യാത്രയുണ്ട് ആന്ധ്രയിലെ ഓങ്കോളിലേക്ക് .രാവിലെ അഞ്ചരക്ക് അവിടെയെത്തി .ഒന്ന് കുളിച്ച് ഫ്രഷ് ആയി, അടുത്ത ഹോട്ടലിൽ കയറി മസാല ദോശയും ചായയും ഓർഡർ ചെയ്തു .അവിടെ ചായ ഇല്ലത്രെ. അതിന് വേറെ കടയാണ് മിക്ക സ്ഥലത്തും .ഒരു ചെറിയ ഗ്ലാസിലാണ് ചായ കിട്ടുന്നത് .എരുമ പാൽ ഒഴിച്ച ചായ കുറച്ചേ ഉള്ളെങ്കിലും ചായ സൂപ്പർ ചായ തന്നെ .കാപ്പി കുടി കഴിഞ്ഞ് ചെറുതായൊന്ന് നടന്നു .ങേ ഇത് ആന്ധ്രയോ കേരളമോ ?എവിടെ നോക്കിയാലും നമമുടെ ലാലേട്ടന്റെ പോസ്റ്റർ .നാൽപത് കി.മീ ബസിൽ യാത്ര .ടി .വി യിൽ സിനിമയൊകെ കണ്ട് രസിച്ചാണ് യാത്രക്കാർ ഇരിക്കുന്നത് .ടിക്കറ്റ് തന്നിട്ട് കണ്ടക്ടർ ഇറങ്ങി പോയി .ചില സ്ഥലത്ത് ബസ് നിർത്തുബോൾ അവിടെ ചില കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നു മുണ്ട്. അതിന്റെ ഗുട്ടൻസ് പിടി കിട്ടിയില്ല .ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ചാ തെലുങ്കൊട്ട് അറിയുകയുമില്ല .
     ബസിറങ്ങി ബൈക്കിലായി പിന്നെ യാത്ര .ദൂരെ ഗ്രാനൈറ്റ് മലകൾ കണ്ടു തുടങ്ങി .ചൂടും പൊടിക്കാറ്റും .നാനൂറിലധികം ഫാക്റികളാണിവിടെ .കറുത്ത ഗ്രാനൈറ്റ് ആണ് ഇവിടെയുള്ളത് .വലിയ പാറകൾ കട്ട് ചെയ്ത് പോളിഷ് ചെയ്യും .ബാക്കി വരുന്നവ പൊട്ടിച്ച് ട്രാക്ക് ബല്ലാസ്റ്റാക്കി റെയിൽവേക്ക് നൽകും .
ഉച്ചക്ക് പച്ചരി ചോറും തൊടുകറികളും ,കട്ടിത്തൈരും ഒരു ഗ്ലാസ് മോരും പിന്നെയൊരു പഴവും . ശൗചാലയത്തിന്റെ ബ്രാൻഡ് അംബാസഡർ വിദ്യാ ബാലൻ ആ വഴികൊന്നും പോയില്ലന്ന് തോന്നുന്നു .ബാത്ത് റൂം അന്വേഷിച്ചപ്പോൾ കുറച്ച് ദൂരെ ഒരു സ്ഥലം കാണിച്ച് തന്നു കൂടെ ഒരു കുപ്പി വെള്ളവും ഒരു ബൈക്കും .റോഡിനപ്പുറം ചൂണ്ടിക്കാണിച്ച സ്ഥലത്തിനപ്പുറം കുറ്റിക്കാടും എരുമകൾ മേയുന്ന  മൈതാനവും .ഒരു കക്കൂസ് പോലും അവിടെങ്ങും ഇല്ല .വെളിമ്പ്രദേശം തന്നെ ശരണം.