ഗ്രാനൈറ്റ് പാടങ്ങളിലൂടെ ഒരു യാത്ര ...
പുതിയ വീടുകളിൽ പലതിലും ഫ്ലോറിംഗ് ചെയ്യുന്നത് ഗ്രാനൈറ്റ് ഉപയോഗിച്ചാണല്ലോ .എങ്ങനെയാണത് ആ രൂപത്തിൽ നമ്മുടെ വീട്ടിലെത്തുന്നത് .അതൊന്നറിയേം ചെയ്യാം ആന്ധ്രയിലെ സ്ഥലങ്ങളൊക്കെ ഒന്ന് കാണുകേം ചെയ്യാമെന്ന ആഗ്രഹത്തിലാണ് യഹ് യാ( Yahiya Yousaf) വിളിച്ചപ്പോൾ റെഡിയെന്ന് പറഞ്ഞ് ഇറങ്ങിയത്. പർച്ചേസിന് പോകുബോൾ വിളിക്കണമെന്ന് പറഞ്ഞിരുന്നു. കൊല്ലത്ത് നിന്ന് ട്രെയിനിൽ ഇരുപത് മണികൂർ യാത്രയുണ്ട് ആന്ധ്രയിലെ ഓങ്കോളിലേക്ക് .രാവിലെ അഞ്ചരക്ക് അവിടെയെത്തി .ഒന്ന് കുളിച്ച് ഫ്രഷ് ആയി, അടുത്ത ഹോട്ടലിൽ കയറി മസാല ദോശയും ചായയും ഓർഡർ ചെയ്തു .അവിടെ ചായ ഇല്ലത്രെ. അതിന് വേറെ കടയാണ് മിക്ക സ്ഥലത്തും .ഒരു ചെറിയ ഗ്ലാസിലാണ് ചായ കിട്ടുന്നത് .എരുമ പാൽ ഒഴിച്ച ചായ കുറച്ചേ ഉള്ളെങ്കിലും ചായ സൂപ്പർ ചായ തന്നെ .കാപ്പി കുടി കഴിഞ്ഞ് ചെറുതായൊന്ന് നടന്നു .ങേ ഇത് ആന്ധ്രയോ കേരളമോ ?എവിടെ നോക്കിയാലും നമമുടെ ലാലേട്ടന്റെ പോസ്റ്റർ .നാൽപത് കി.മീ ബസിൽ യാത്ര .ടി .വി യിൽ സിനിമയൊകെ കണ്ട് രസിച്ചാണ് യാത്രക്കാർ ഇരിക്കുന്നത് .ടിക്കറ്റ് തന്നിട്ട് കണ്ടക്ടർ ഇറങ്ങി പോയി .ചില സ്ഥലത്ത് ബസ് നിർത്തുബോൾ അവിടെ ചില കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നു മുണ്ട്. അതിന്റെ ഗുട്ടൻസ് പിടി കിട്ടിയില്ല .ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ചാ തെലുങ്കൊട്ട് അറിയുകയുമില്ല .
ബസിറങ്ങി ബൈക്കിലായി പിന്നെ യാത്ര .ദൂരെ ഗ്രാനൈറ്റ് മലകൾ കണ്ടു തുടങ്ങി .ചൂടും പൊടിക്കാറ്റും .നാനൂറിലധികം ഫാക്റികളാണിവിടെ .കറുത്ത ഗ്രാനൈറ്റ് ആണ് ഇവിടെയുള്ളത് .വലിയ പാറകൾ കട്ട് ചെയ്ത് പോളിഷ് ചെയ്യും .ബാക്കി വരുന്നവ പൊട്ടിച്ച് ട്രാക്ക് ബല്ലാസ്റ്റാക്കി റെയിൽവേക്ക് നൽകും .
ഉച്ചക്ക് പച്ചരി ചോറും തൊടുകറികളും ,കട്ടിത്തൈരും ഒരു ഗ്ലാസ് മോരും പിന്നെയൊരു പഴവും . ശൗചാലയത്തിന്റെ ബ്രാൻഡ് അംബാസഡർ വിദ്യാ ബാലൻ ആ വഴികൊന്നും പോയില്ലന്ന് തോന്നുന്നു .ബാത്ത് റൂം അന്വേഷിച്ചപ്പോൾ കുറച്ച് ദൂരെ ഒരു സ്ഥലം കാണിച്ച് തന്നു കൂടെ ഒരു കുപ്പി വെള്ളവും ഒരു ബൈക്കും .റോഡിനപ്പുറം ചൂണ്ടിക്കാണിച്ച സ്ഥലത്തിനപ്പുറം കുറ്റിക്കാടും എരുമകൾ മേയുന്ന മൈതാനവും .ഒരു കക്കൂസ് പോലും അവിടെങ്ങും ഇല്ല .വെളിമ്പ്രദേശം തന്നെ ശരണം.

No comments:
Post a Comment