22 September 2019

മൂന്ന് മരണങ്ങൾ ..

ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി ചൊവ്വാഴ്ച രാത്രി 10 മണി സമയം. ഒരില പോലും ചലിക്കാത്ത അതി ഭീതിതമായ നിശബ്ദത .
മേടമാസത്തിലെ അസഹനീയമായ ഉഷ്ണവും വേവും അനുഭവപ്പെടുന്ന അന്തരീക്ഷം .ആ ഗ്രാമ പ്രദേശത്തിലെ പടിഞ്ഞാറുവശത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ അവിടവിടെയായി ഇട്ടിരുന്ന തെരുവുവിളക്കുകൾ തെമ്മാടി കുട്ടികൾ എറിഞ്ഞു പൊട്ടിച്ചതിനാൽ മറ്റു ഭാഗങ്ങളെ പോലെ അവിടെയും കൂരാ കൂരിരുട്ട് തന്നെ . 
പോലീസുകാരൻ സൈനുക്കാന്റെ കയ്യാലപ്പുറത്തെ വീടിന് താഴെയുള്ള ബൾബ് മാത്രം അദ്ദേഹത്തോടുള്ള ഭയഭക്തി ബഹുമാന സൂചകമായി ഞങ്ങളിൽ നിന്ന് രക്ഷപ്പെടുകയും 60 വാട്ടിന്റെ ശക്തിമത്തായ പ്രകാശം പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. കിഴക്കു നിന്നും ഒഴുകിവരുന്ന തോട് ഗ്രാമത്തിനെ രണ്ടായി പകുത്തു ഒഴുകിയിരുന്നുവെങ്കിലും ഇപ്പോൾ വെള്ളമില്ലാതെ ചത്തുമലച്ചു കിടക്കുന്നു . ചെളിയിലും പോട്ടിലും പുതഞ്ഞ് കിടന്നുറങ്ങിയിരുന്ന വരാൽ മീനുകളും ശ്വാസം മുട്ടി പുറത്തു ചാടി അവിടവിടെയായി പിടഞ്ഞു ചത്തു കിടപ്പുണ്ട്. 

             തോടിന്റെ വീതിയേറിയ കരയ്ക്കപ്പുറം ചെറിയൊരു കൈത്തോടും പിന്നെ വയലേലകളുമാണ് .കൊയ്ത്ത് കഴിഞ്ഞ വയലുകളിൽ ചിലത് ഉഴുത് മറിച്ചിട്ടിട്ടുണ്ട് . കൂർത്ത നെൽകുറ്റികളുമായി നിൽക്കുന്നവ ക്രിക്കറ്റ് ഗ്രൗണ്ടായി മാറിയിട്ടുമുണ്ട് ..
വേനലിന്റ  കാഠിന്യവും ജല ക്ഷാമവും കാരണം വയലുകളിൽ താത്കാലിക കുളങ്ങൾ കുഴിച്ച് കുളിക്കാനും ആടിനെയും പശുവിനെയും കുളിപ്പിക്കാനും മറ്റും ഉപയോഗിച്ചിരുന്നു .
ഗ്രാമത്തെ കുറിച്ചും നാട്ടുകാരെ കുറിച്ചും പറയാതെ സംഭവങ്ങളിലേക്ക് കടക്കുക സാധ്യമല്ല .

       സന്ധ്യ കഴിഞ്ഞാൽ അതുവഴി മൂന്ന് ബസുകളാണ് കടന്നുപോയിരുന്നത്. ഏഴര എട്ടര ഒമ്പതര സമയങ്ങളിലെ ബസുകൾ പോകുന്നത് അനുസരിച്ചാണ് വാച്ചും ക്ലോക്കും റേഡിയോയും ഇല്ലാത്ത വീടുകളിലെ ചിട്ടവട്ടങ്ങൾ ക്രമപ്പെടുത്തിയിരുന്നത്. ഗ്രാമത്തിലെ കൂലിപ്പണിക്കാരിൽ മിക്കവരും അന്നന്ന് കിട്ടുന്ന കൂലിയിൽ ഒരു ഭാഗം നാട്ടിലെ ഷാപ്പിൽ കൊടുത്ത് അനുഗ്രഹം വാങ്ങിയശേഷമേ വീടുകളിൽ എത്തിയിരുന്നുള്ളു .വെള്ളം ഉള്ളപ്പോൾ തോടുകളിലും ഇല്ലാത്തപ്പോൾ കുളങ്ങളിൽ നിന്നും കുളിച്ച്, വീട്ടിൽ പോകാതെ തോട്ടിൻ കരയിലെ വിശാലമായ പാറപ്പുറത്തിരുന്നു അന്നത്തെ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളും അന്യന്റെ കുറ്റവും കുറവും പെണ്ണുങ്ങളുടെ ദുസ്വഭാവങ്ങളും മറ്റും മറ്റും ചർച്ച ചെയ്ത് രസിക്കുകയും,
പെണ്ണുങ്ങൾ തമ്മിലുള്ള വഴക്കിന്റെ  ബാക്കി ഏറ്റെടുത്ത് അനുരഞ്ജനത്തിന്റെ  ചീത്ത വിളികളുമായും മറ്റും ഇരിക്കുന്ന ശീലവും ചിലർ വളർത്തിയെടുത്തിരുന്നു. അണുകുടുംബങ്ങൾ വ്യാപകമാകാതിരുന്ന അക്കാലത്ത് സമൂഹത്തിനെയും വീട്ടുകാരെയും മാത്രമല്ല ഭാര്യമാരെ കൂടി ഭയന്നു ജീവിക്കേണ്ടി വന്നിരുന്ന പാവം കുടിയന്മാർ ഏഴരക്കുള്ള ബസ് പോയാലുടൻ വീട് പിടിക്കും .ഞണ്ട് ഷാജിയെയും പാമ്പ് ഹസനെയും  പോലെ ഭാര്യമാരെ പേടി ഇല്ലാത്തവർ എട്ടരക്കുള്ള ബസ് വരെ അവിടെത്തന്നെ ഇരിക്കുകയും ശേഷം വീട്ടിൽ ചെന്ന് കറിയിൽ ഉപ്പ് കുറയുകയോ കൂടുകയോ ചെയ്തു എന്നത് പോലെ നിസാരമായതും അപ്പപ്പോൾ തോന്നുന്നതുമായ കുറ്റങ്ങ ളാരോപിച്ച് ഭാര്യയെ കുനിച്ച് നിർത്തിയോ നിവർത്തി വെച്ചോ ഇടി ,അടി ,ചവിട്ട് ,ചീത്തവിളി, പാത്രങ്ങൾ എറിഞ്ഞുടക്കൽ ( ഇത് അടിക്കുന്ന സാധനത്തിന് അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും )
എന്നീ കലാപരിപാടികൾക്ക് ശേഷം ഉറക്കത്തിലേക്ക് കടക്കും .കല്യാണം കഴിക്കാത്തതിനാൽ ഭാര്യയെയോ ഉത്തരവാദിത്തമൊന്നുമില്ലാത്തതിനാൽ വീട്ടുകാരെയോ ഭയക്കേണ്ടാത്ത യുവജനങ്ങൾ ഒമ്പതരയുടെ  കെഎസ്ആർടിസി പോകുന്നതുവരെ അവിടെ തുടരും .കെഎസ്ആർടിസി അന്നൊക്കെ തോന്നിയ സമയത്തിന് വരികയും പോവുകയും ചെയ്യുന്നതിനാൽ പത്തുമണിവരെ തുടരാനും ചിലപ്പോഴൊക്കെ ബസ് വരാത്തതിനാൽ വീട്ടിൽ പോകാൻ പറ്റാതെ തോട്ടിൻ കരയിൽ കാത്തിരുന്നു മടുത്ത് പഞ്ചായത്ത് വക പട്ടികൾക്കൊപ്പം ഉറങ്ങുകയും ചെയ്യേണ്ടി വരാറുണ്ട് ..


     എല്ലാ വീടുകളിലും കോഴി ആട് പശു എരുമ തുടങ്ങിയ ജീവികളിൽ ഏതെങ്കിലും ഉണ്ടാവും .അവയെ നോക്കാനായി പ്രത്യേകം പട്ടികളെയും ചുമതലപ്പെടുത്തിയിരുന്നു.എന്നാൽ സ്ഥിരപരിചയത്തിനാലും പരിപ്പ് വട പോലുള്ള കൈക്കൂലിയുടെ സ്വാധീനത്താലും പെട്ട് കള്ളൻമാരെ കണ്ടാൽ പട്ടികൾ കുരക്കാൻ നാണിക്കുകയും വീടുകളിൽ നിന്നും കോഴികൾ അപ്രത്യക്ഷമാവുന്നതും പട്ടികളും മനുഷ്യരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉത്തമോദാഹരണമായാണ് നാട്ടുകാർ കണ്ടിരുന്നത് . ഇഷാ വാങ്ക് കേൾക്കുകയോ എട്ടരക്കുള്ള ബസ് പോകുകയോ ചെയ്താൽ അത്താഴത്തിനുള്ള സമയമായി. ശേഷം മണ്ണെണ്ണ ലാഭിക്കുന്നതിനായി വിളക്ക് കെടുത്തപ്പെടുകയും വീടുകൾ ഉറക്കത്തിലേക്ക് വീഴുകയും ചെയ്യും .  കുഞ്ഞുകുട്ടി പരാധീനമടക്കം പകൽ ജോലി ചെയ്യുന്നതിനാൽ മനുഷ്യരും അതിവേഗം ഉറക്കത്തിലേക്ക് വീഴും .
ഇനി ആദ്യം പറഞ്ഞ തീയതിയിലേക്ക് വരാം. പതിവിൽ കവിഞ്ഞ ചൂട് കാരണം പല വീടുകളുടേയും ജനൽ തുറന്ന് തന്നെ കിടക്കുന്നു .തോട്ടിൻ കരയിൽ ഇരിക്കുന്നവരുടെ ചുണ്ടിലെ ബീഡി മാത്രം മിന്നാമിന്നിയെ പോലെ ഇടയ്ക്കിടയ്ക്ക് കത്തുകയും അണയുകയും ചെയ്യുന്നുണ്ട്. കുടിയൻമാരുടെ കലാ പരിപാടികൾ കഴിഞ്ഞിരിക്കുന്നു; സുജാതയുടെ വീടൊഴിച്ച് .അവിടെ സ്ഥിരം പരിപാടി ആയതിനാൽ ആരും അത്ര കണക്കിലെടുക്കാറില്ല. ഏറി വന്നാൽ ലവൾക്ക് ഇതുവരെ നിർത്താറായില്ലേ എന്ന് ആത്മഗതം ചെയ്തു അവഗണിക്കുകയാണ് പതിവ് .ലവൾ എന്ന് പറഞ്ഞാൽ സുജാതയുടെ അമ്മയാണ് .ചട്ടമ്പി നളിനി എന്ന് പറഞ്ഞാൽ പുറത്തുള്ളവർ പോലും അറിയും .ബന്ധുക്കൾ ശത്രുക്കൾ സിനിമയിലെ മുകേഷിന്റെ അമ്മയെപ്പോലെ പോലെ രൂപഭാവങ്ങൾ ഉള്ള ഒരു സ്ത്രീ ആയിരുന്നു അവർ .ഭർത്താവായ വയറൻ സുകു വളരെ നന്നായി കീറുന്ന ആളാണ്.പേര് പോലെ തന്നെ വലിയ വയറു നിറയെ കുടിക്കണം എന്നതാണ് പുള്ളിയുടെ ഒരേയൊരു ജീവിത ലക്ഷ്യം. മൂത്തമകൻ അച്ഛൻറെയും അമ്മയുടെയും ചീത്തവിളിയും വഴക്കും അടിയും കണ്ടും കേട്ടും മടുത്തു ,അടിച്ചുമാറ്റി കെട്ടിയ പെണ്ണുമായി ദൂരെയെങ്ങോ ആണ് താമസം. രണ്ടാമത്തെ മകൻ രമേശൻ ടാപ്പിംഗ് തൊഴിലാളിയാണ്. രാവിലെ വെട്ടാൻ  പോകേണ്ടതാണ് എങ്കിൽ കൂടി വീട്ടിലെ ബഹളം തീർന്നതിനുശേഷം മാത്രമേ തോട്ടിൻ കരയിൽ നിന്നും കക്ഷിവീട് പിടിക്കാറുള്ളൂ.. അതു വരെ വടിവാളുമായി തോട്ടിലിറങ്ങി മീനെ വെട്ടുകയോ ബീഡി വലിച്ച് ശ്വാസകോശം പുകപ്പുരയിലിട്ട റബ്ബർ ഷീറ്റു പോലെ ആക്കി എടുക്കുകയോ ചെയ്യും .


        അങ്ങനെ ഗ്രാമം മന്ദംമന്ദം നിദ്രയിലേക്ക്
വീണു കൊണ്ടിരിക്കുന്നതിനിടയിലാണ്  ഒരു നിലവിളി ഉയർന്നു കേട്ടത് .ഒപ്പം പട്ടികളുടെ നിർത്താതെയുള്ള ഓരിയിടൽ . പാണ്ടിമണിയൻ സജുവിന്റെ വീട്ടിലെ എരുമകളാണ് പട്ടികൾക്ക് ശേഷം ആദ്യമായി ദുരന്തം അറിഞ്ഞതും വലിയവായിൽ നിലവിളിച്ചതും .കാരണം സുജാതയുടെ വീട് തോടിനു അക്കരെയും സജുവിന്റെ വീട് ഇക്കരയുമായിരുന്നു. എരുമകൾ അങ്ങനെ ആളാവണ്ട എന്ന് കരുതിയാവും മറ്റു വീടുകളിലെ ജീവികളും നീട്ടിയുള്ള കരച്ചിലും അമറലും തുടങ്ങി,
(കോഴി ഒഴിച്ചു ,അവയ്ക്കു കൂവാനുള്ള സമയം ആയില്ല പോലും ) കൃത്യനിഷ്ഠ പാലിക്കുന്ന ഇവറ്റകളോട്‌ ആർക്കും ഒന്നും തോന്നിയുമില്ല.എല്ലാ വീടുകളും ഉണർന്നു .എന്തു സംഭവിച്ചു എന്ന് ഒരു നിശ്ചയവുമില്ല . ഞെക്കി കത്തിക്കുന്ന ടോർച്ചുകൾ ഇല്ലാതിരുന്നതിനാൽ ചൂട്ടുകൾ കത്തിക്കപ്പെട്ടു .അപ്പോഴാണ് മനസ്സിലായത് ഇതിനേക്കാൾ പ്രകാശം സുജാതയുടെ വീട്ടിൽനിന്ന് വരുന്നുണ്ട്. വീട് നിന്ന് കത്തുകയാണ് .കണ്ടവർ കണ്ടവർ ചൂട്ട് വലിച്ചെറിഞ്ഞു കയ്യിൽ കിട്ടിയ പാത്രങ്ങളുമായി ഓടി . തോട്ടിൻ കരയിൽ ഇരുന്ന ബീഡി വലിയൻമാർ ആണ് ആദ്യമായി ഓടി എത്തിയത്. നോക്കിയപ്പോൾ ജീവനുള്ള പന്തം പോലെ ഒരാൾ വീട്ടിൽനിന്നിറങ്ങി ഓടുന്നു. സുജാതയുടെ ചേട്ടൻ മോളേ എന്ന് അലറി വിളിച്ചപ്പോഴാണ് അത് സുജാത ആണെന്ന് മനസ്സിലായത്. അയാൾ ഓടിച്ചെന്ന് സുജാതയെ തറയിൽ തള്ളിയിട്ട് ഉടുത്തിരുന്ന മുണ്ടുരിഞ്ഞു തീ കെടുത്താൻ നോക്കി. ബാക്കിയുള്ളവരും അതുതന്നെ ചെയ്തു .മണ്ണെണ്ണ തലവഴി ഒഴിച്ചു കത്തിച്ചതാണ് .തീ വീട്ടിലേക്ക് പടർന്നിരിക്കുന്നു .ആളുകൾ വെള്ളം കോരി എത്തുമ്പോഴേക്കും പകുതിയും കത്തി കഴിഞ്ഞിരുന്നു .ചിലർ വാഴ വെട്ടാനും മറന്നില്ല.. എങ്ങനെയൊക്കെയോ തീയണച്ചു. സുജാത ഇട്ടിരുന്ന പോളിസ്റ്റർ പാവാടയും ഉടുപ്പും കത്തി ശരീരത്തോട് ചേർന്നു .പനങ്കുല പോലെ ഉണ്ടായിരുന്ന മുടി മുഴുവൻ കത്തിപ്പോയി. തലയോട്ടി വികൃതമായിട്ടുണ്ട് . 

        അമ്മയെ പോലെ തന്നെ കടഞ്ഞെടുത്ത ശരീരമായിരുന്നു അവൾക്കും .പ്രായത്തിനേക്കാൾ വളർച്ച. അതുകൊണ്ട് തന്നെ രണ്ടാം ക്ലാസ്സിലേക്ക് നേരിട്ട് പ്രവേശനം കിട്ടി. നല്ലപോലെ പഠിക്കും ,പത്താംക്ലാസിൽ പരീക്ഷ കഴിഞ്ഞു റിസൾട്ട് വരാൻ കാത്തിരിക്കുകയായിരുന്നു . കാണുന്നവരെല്ലാം അവളെ കണ്ണ് വെക്കും .പെണ്ണിനെ കെട്ടിക്കാറായി എന്ന് പറഞ്ഞു ഞങ്ങൾ കളിയാക്കും .എങ്കിലും അതൊന്നും അവൾക്ക് പ്രശ്നമില്ല.ചിരിക്കുക മാത്രം ചെയ്യും .സ്കൂൾ വിട്ട് വന്ന് എന്തെങ്കിലും കഴിച്ചു കഴിഞ്ഞാൽ വളർത്ത് മൃഗങ്ങൾക്ക് തീറ്റ കണ്ടെത്തേണ്ട ചുമതല കുട്ടികൾക്ക് നൽകുന്നത് അന്നത്തെ ഒരു ആചാരമായിരുന്നു .ആണും പെണ്ണും വ്യത്യാസമില്ലാതെ ഞങ്ങൾ തോടും വയലും പറമ്പും റബ്ബർ തോട്ടങ്ങളും കയറിയിറങ്ങും .സന്ധ്യക്ക് മുൻപ് ഒരു വല്ലം പോച്ച ,അല്ലെങ്കിൽ ഒരു കെട്ട് തോൽ ഇതാണ് ലക്ഷ്യം . അത് പൂർത്തീകരിച്ചു കഴിഞ്ഞാൽ തോട്ടത്തിലോ തോട്ടിൻ കരയിലോ  ഒക്കെ ഇറങ്ങി കളിക്കുക എന്നതായിരുന്നു പ്രധാന വിനോദം. കബഡികളിയും കുട്ടിയും കോലും തൊട്ട് ഉന്തിതൊടീലും ഓല പന്തിൽ ഒട്ടുപാൽ കയറ്റി എറിയൽ വരെ .ശേഷം തോട്ടിലെ കുളിയും ബഹളങ്ങളും .ജലാശയത്തിനടുത്ത് വെച്ചുള്ള സംസാരം വളരെയകലെ വരെ കേൾക്കും എന്ന ശാസ്ത്രീയ വശം അക്കാലങ്ങളിൽ മാത്രമല്ല വിവാഹത്തിന് ശേഷവും എനിക്കറിയില്ലായിരുന്നു .തോട്ടിൽ കുളിക്കാൻ പോകുന്ന എന്നോടൊപ്പം വരാൻ ഭാര്യക്ക് നിർബന്ധം .തോടില്ലാത്ത നാട്ടിൽ നിന്ന് വന്നതു കൊണ്ടോ ആണുങ്ങടെ കുളിസീൻ കാണാനുള്ള ആഗ്രഹമോ ആവുമെന്നാണ് ഞാൻ കരുതിയത് .തോട്ടിൻ കരയിലിരുന്ന് അമ്മായിയമ്മയെ കുറിച്ച് പരാതി കെട്ട് അഴിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത് .എന്തായാലും വീട്ടിലെത്തിയപ്പോൾ , എന്നെ കുറ്റം പറയാനാണോടാ ഇവൾ നിന്നേം കൊണ്ട് കുളിക്കാൻ പോയത് എന്നും നാട്ടുകാരെ മൊത്തം കേൾപ്പിച്ചപ്പോ നിനക്ക് സമാധാനമായല്ലോ എന്നും പഞ്ഞപ്പോഴാണ് ആ പരമമായ സത്യം ഞാൻ മനസിലാക്കുന്നതും പണ്ട് കുളിക്കുമ്പോൾ ഞങ്ങൾ എത്ര പതുക്കെ ചീത്ത വിളിച്ചാലും വീട്ടിലറിയുന്ന ഗുട്ടൻസ് പിടികിട്ടിയതും .(പാവം സബീന ,ചാരവനിതയായ അവൾ വെറുതെ എത്ര ചീത്ത കേട്ടിരിക്കുന്നു ).


        കൂട്ടത്തിൽ കുള്ളനായ    സജുവിനെയായിരുന്നു സുജാതക്ക് ഏറെ ഇഷ്ടം . തമിഴ്നാട്ടിൽ എന്തോ കച്ചവടമായിരുന്ന അവൻറെ അച്ഛന്റെ ആത്മഹത്യയോടെ അമ്മ സജുവിനെയും പെങ്ങൾ സിനിയെയും ഉണ്ടായിരുന്ന സമ്പാദ്യമായ കുറേ എരുമകളെയുമായി അമ്മ വീട്ടിലേക്ക് വന്നിട്ട് രണ്ടു കൊല്ലമേ ആയിട്ടുണ്ടായിരുന്നുള്ളൂ .
സാഹസികനായിരുന്നു അവൻ. ഏത് വലിയ മരത്തിലും കയറും .അയൽവാസിയായ സലാം ആയിരുന്നു ആത്മ സുഹൃത്ത് .മലയാളം പഠിച്ചിട്ടേ സ്കൂളിൽ പോകൂ എന്ന വാശിക്കാരനായിരുന്നു സജു വെങ്കിൽ ,ജീവിക്കാൻ വിദ്യാഭ്യാസം ആവശ്യമില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന, അബ്ദുൽ സലാം എന്ന സ്വന്തം പേര് "അത്ത് സലാമ് " എന്ന് തെറ്റിച്ചെഴുതിയതിന് ശിക്ഷിച്ച ഗുരുവിന്റെ നെഞ്ചിൽ കയ്യിലിരുന്ന കല്ല് സ്ളേറ്റ്  എറിഞ്ഞ് പൊട്ടിച്ച്  ഗുരുവിന്റെ ഖബറിടത്തിൽ മണ്ണ് വാരിയിടാൻ
പോലും നിൽക്കാതെ സ്കൂളിന്റെ തടവറയിൽ നിന്ന് എന്നെന്നേക്കുമായി  സ്വാതന്ത്ര്യം നേടിയവനാണ് സലാം .
കൂട്ടത്തിൽ മുതിർന്നവനും പുകവലിയിൽ അഗാധ പാണ്ഡിത്യം ഉള്ളവനും മറ്റുള്ളവരെ വലിപ്പിക്കാൻ സദാ സന്നദ്ധനുമായിരുന്നു ആ മഹാൻ .കണ്ണിൽ കൂടി പുകവരുത്തുന്ന വിദ്യ ഞങ്ങളെ ഒറ്റക്കൊറ്റക്ക് മാത്രം രഹസ്യമായി കാണിച്ച് തന്നിരുന്നു  പഹയൻ.കണ്ടവർ കാണാത്തവരെ പ്രോത്സാഹിപ്പിച്ച് അവരെകൂടി കാണിച്ച് ആനന്ദ കണ്ണീർ പൊഴിപ്പിക്കും .സജുവിനും സുജാതയോട് എന്തോ ഒരിഷ്ടം ഉണ്ടായിരുന്നു .കബഡി കളിക്കുമ്പോൾ അവളെ മാത്രം അവൻ ചാടിപ്പിടിക്കും .അവളാകട്ടെ പൂച്ചക്കുട്ടിയെ എടുത്തെറിയുന്ന ലാഘ വത്തിൽ അവനെ തൂക്കിയെടുത്ത് എറിയും .പതിവായപ്പോൾ രണ്ടിനെയും ഒരു ടീമിലാക്കി ; വെറും അസൂയ. 

    
           വെന്ത് വെളുത്ത് വികൃതമായിരിക്കുന്ന സുജാതയെ കണ്ട സജുവിന്റെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട് . അവളെ എങ്ങനെ റോഡിൽ എത്തിക്കും എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം തൊടാൻ പോലും കഴിയുന്നില്ല .ആ ഭാഗം പറിഞ്ഞു വരുകയാണ് .അടുത്ത വീട്ടിൽ നിന്നും  കമ്പിയിൽ പ്ലാസ്റ്റിക് വരിഞ്ഞ കസേര കൊണ്ടുവന്നു .വാഴയില വാട്ടി കസേരയിലിട്ട് അതിൽ എടുത്തു ഇരുത്തി പാടത്ത് കൂടെ ആളുകൾ മാറി മാറി ചുമന്ന് റോഡിൽ എത്തിച്ചു. അപ്പോഴേക്കും കുറച്ചുപേർ വണ്ടി വിളിക്കാൻ ഓടി .അടുത്തെങ്ങും വണ്ടി ഇല്ലാത്തതിനാൻ ഒരു കിലോമീറ്റർ അപ്പുറമുണ്ടായിരുന്ന ഒരു ജീപ്പ് അവർ വിളിച്ചു കൊണ്ടുവന്നു .നീ എന്തിനിത് ചെയ്തു മോളെ എന്ന് ചേട്ടൻ ചോദിക്കുന്നുണ്ട് .അവൾ എന്തോ പിറുപിറുത്തപ്പോൾ നാട്ടുകാർ  നിശബ്ദരായി ചെവിയോർത്തു .ഞാൻ പറഞ്ഞിട്ടില്ലേ അമ്മേ അച്ഛനോട് വഴക്ക് കൂടിയാൽ ചത്തുകളയും എന്ന്. ഞങ്ങളോടും പലപ്പോഴും അവൾ ഇത് പറഞ്ഞിട്ടുണ്ട് ."എനിക്ക് ഒരു സമാധാനവും ഇല്ല ഞാൻ ചത്തുകളയും എന്ന് " .എങ്കിലും എല്ലാ കുടിയന്മാരുടെ വീട്ടിലെ പെണ്ണുങ്ങളും പറയുന്നത് പോലെയേ ഞങ്ങളും കരുതിയുള്ളൂ..
പക്ഷേ ...,ആരുടെയും മനസ്സറിയാൻ നമുക്ക് ആവില്ലല്ലോ .എനിക്ക് ജീവിക്കണം കൊച്ചേട്ടാ എന്നെ ആശുപത്രിയിൽ കൊണ്ടു പോ.. എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്നവൾ പിറുപിറുത്തുകൊണ്ടിരുന്നു. ജീപ്പിനുള്ളിൽ കസേര ഉൾപ്പെടെ കയറ്റിവെച്ചു .ആരുടെയോ മുണ്ടും പുതച്ചിരിക്കുന്ന സുജാതയെ ഞങ്ങൾ അവസാനമായി കണ്ടു . തിരിച്ചു പോകുമ്പോൾ വഴിയിൽ അടർന്നു കിടന്നിരുന്ന കരിഞ്ഞ ഭാഗങ്ങൾ കണ്ടപ്പോൾ പലരും സഹിക്കാൻ കഴിയാതെ എങ്ങലടിച്ചു . ചിരിച്ചുകൊണ്ടല്ലാതെ ആരോടും സംസാരിക്കാത്ത അവളെ  എല്ലാവർക്കും ഇഷ്ടമായിരുന്നു.
അന്നാരും ഉറങ്ങിയില്ല ,ചിലർ തോട്ടിൻ കരയിലും മറ്റുള്ളവർ തോമാച്ചായന്റെ വീടിന് മുന്നിലും കൂടിയിരുന്നു കട്ടൻ ചായ കുടിച്ചുകൊണ്ട് പൊള്ളലേറ്റാൽ ചികിത്സ ഇല്ല എന്ന് തുടങ്ങിയ വിവരങ്ങൾ മറ്റുള്ളവർക്ക് പകർന്ന് നൽകിക്കൊണ്ടിരുന്നു .നേരം വെളുക്കും മുന്നേ ആ വാർത്ത എത്തി, പോകുംവഴി തന്നെ സുജാത മരിച്ചു. ഉച്ചയോടെ വെള്ളത്തുണിയിൽ പൊതിഞ്ഞ് അവളെത്തി .ആർക്കും കാണാനായില്ല .കൂടെ പഠിച്ചവരും ടീച്ചർമാരും ഉൾപ്പെടെ വിങ്ങി കരഞ്ഞു . അല്ലെങ്കിൽ തന്നെ അവളുടെ  ചുണ്ടുകളും മുഖവും ഇല്ലാത്ത ,ചിരി ഇല്ലാത്ത ആ മുഖം ആർക്കാണ്  കാണാൻ കഴിയുക....


       പക്ഷേ പിന്നീട് പ്രേതകഥകളിലൂടെ അവൾ പുനർജനിച്ചു .കഥകൾ പറഞ്ഞു ഭയപ്പെടുത്തിയത്   സബീനയാണ് .ഏറ്റവും നല്ല നുണക്കഥകൾ പറഞ്ഞ് വിശ്വസിപ്പിക്കാൻ ഇതിനെ കഴിഞ്ഞേ മറ്റാരും ഉണ്ടായിരുന്നുള്ളൂ..രാത്രികാലങ്ങളിൽ ,വെള്ളം ഉണ്ടോ എന്ന് ചോദിച്ചു വയൽ വരമ്പിൽ നിൽക്കാറുണ്ടെന്ന് കഥകൾ പ്രചരിച്ചു .കുട്ടികൾ എല്ലാവരും സന്ധ്യയ്ക്ക് മുന്നേ വീട് പറ്റി .ജനലിൽ കൂടി കയ്യിട്ടു കതകടക്കരുതെന്ന് സബീന ഞങ്ങളെ ഉപദേശിച്ചു .പിടിച്ചു വലിക്കാൻ സാധ്യതയുണ്ടത്രേ .ഞങ്ങൾ അത് അക്ഷരംപ്രതി അനുസരിച്ചു .പതിയെ പതിയെ അവളുടെ ഓർമ്മകൾ മാഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് എല്ലാവരെയും കിടിലം കൊള്ളിച്ചുകൊണ്ട് മറ്റൊരു മരണം നടക്കുന്നത് .സജു ആഞ്ഞിലി മരത്തിനു മുകളിൽ നിന്ന് വീണു മരിച്ചു .ഏതോ കിളി കുഞ്ഞിനെ പിടിക്കാൻ കയറിയതാണ് . സബീനയെ പോലുള്ളവർ വീണ്ടും പറഞ്ഞു ..കണ്ടോ ഞാൻ അന്നേ പറഞ്ഞില്ലേ അവളുടെ കൂട്ടുകാരെ മുഴുവൻ അവൾ കൊണ്ടുപോകും. ഞങ്ങൾ ശരിക്കും ഞെട്ടി. അബദ്ധത്തിൽ പോലും ഒറ്റയ്ക്ക് ആവാതിരിക്കാൻ ശ്രദ്ധിച്ചു .മരത്തിൽ കയറുന്നത് നിർത്തി .എന്തിന് , ജൂണിലെ മഴയിൽ നിറഞ്ഞൊഴുകുന്ന തോട്ടിൽ കുളിക്കാൻ പോലും ഭയന്നു. നീന്തലിലും  മീൻപിടുത്തത്തിലും ആരെയും കവച്ചുവെക്കുന്ന സലാമിന് ഇതെല്ലാം വെറും ഗ്രാസ് ആയിരുന്നു. ശനി ഞായർ ദിവസങ്ങളിൽ ഞങ്ങളെയവൻ മീൻപിടിക്കാൻ വിളിച്ചു കൊണ്ട് പോകും . കരയിൽ നോക്കിയിരുന്നതല്ലാതെ ആരും വെള്ളത്തിലിറങ്ങിയില്ല . മുൻപ് വെള്ളത്തിലെ രാജാക്കന്മാരായിരുന്നവരാണ്. കുല വെട്ടിയ വാഴകൾ ചേർത്തുകെട്ടി ചങ്ങാടമുണ്ടാക്കി കളിക്കുന്ന ,കണ്ട പോട്ടിലൊക്കെ കൈ ഇടിച്ചു കയറ്റി മീൻ എന്നു കരുതി നീർക്കോലിയെ വരെ പിടിക്കുന്ന , മുകളിൽ നിന്ന് തുണി കഴുകുന്ന പെണ്ണുങ്ങളുടെ ഒഴുകിവരുന്ന തുണികൾ ഓടിച്ചെന്ന് പിടിക്കുന്ന ധീരൻമാർ .. പെണ്ണുങ്ങൾക്ക് വെള്ളത്തിലൂടെ ഓടാൻ ഭയമാണ് .കരയിൽ കയറി അവർ വിളിച്ചു പറയും എടാ സലാമേ ആ തുണിയിങ്ങ്  പിടിച്ചോ എന്ന്. കേട്ട പാട് ഞങ്ങളോടും .ആദ്യം പിടിക്കുന്നവനാണ് ഹീറോ. അങ്ങനെയാണ് ഞങ്ങൾ ഒഴുക്കിനെതിരെ ഓടാൻ പഠിച്ചത്.. ധൈര്യം ചോർന്നു പോയ വെറും ചണ്ടികളാണ് ഇപ്പോൾ യുവ തലമുറയുടെ പ്രതിനിധികളായ ഞങ്ങൾ .


         മഴ മാറി മാനം തെളിഞ്ഞു സുജാതയെ മാത്രമല്ല ബിജുവിനെയും ഞങ്ങൾ മറക്കാൻ തുടങ്ങി .അതാണല്ലോ മനുഷ്യൻ ..മറക്കാനുള്ള കഴിവ് ഇല്ലെങ്കിൽ തെണ്ടി പോയേനെ. ആകാശം തെളിഞ്ഞു നിന്ന ഒരു ദിവസം സലാം അവൻറെ മാമിയുടെ വീട്ടിൽ വിരുന്നു പോയി. അടുത്തുള്ള പുഴയിൽ തുണി കഴുകാൻ വീട്ടുകാർ പോയപ്പോൾ അവനും കൂടെ പോയി. വെള്ളം കണ്ടാൽ സലാമു ചാടും അതാണ് ശീലം .മുന്നിലേക്ക് പോകരുത് അടിയൊഴുക്ക് കാണും എന്ന് ആദ്യമേ അവർപറഞ്ഞതാണ് , കേട്ടില്ല .പുഴയുടെ നടുവിലേക്ക് ആരോ അവനെ വലിച്ചു കൊണ്ടുപോയി .കരയിലിരുന്നവർ നിലവിളിച്ച് ആളുകളെ കൂട്ടി. നീന്തൽ അറിയുന്നവർ എടുത്തുചാടി തിരഞ്ഞു ,സലാമിനെ കിട്ടിയില്ല.  മൂന്നുദിവസം കഴിഞ്ഞ് നേവിയുടെ നീന്തൽ വിദഗ്ധർ മരത്തിൻറെ വേരുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയപ്പോഴേക്കും തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിലായിരുന്നു. നാട്ടിൽ കൊണ്ട് വന്നില്ല , അവിടെത്തന്നെ ഖബറടക്കി. ഭയം വീണ്ടും ഞങ്ങളെ പൊതിഞ്ഞു. വർഷങ്ങളോളം വെള്ളത്തിൽ മുങ്ങുമ്പോഴെല്ലാം മുങ്ങാംകുഴിയിട്ടു സലാം വരുന്നത് പോലെ തോന്നും. അങ്ങനെ വന്ന് ഭയപ്പെടുത്തുന്നത് അവൻറെ വിനോദമായിരുന്നു.
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .ഇപ്പോഴവരെ ആരും ഒർക്കുന്നുണ്ടാവില്ല .വീട്ടുകാർക്ക് പോലും ആണ്ടറുതികളിൽ ഓർക്കാനുള്ള ചില തീയതികൾ മാത്രമായിരിക്കും അവരിപ്പോൾ..നിറയെ വെള്ളവുമായി ഒഴുകിയിരുന്ന തോടുകൾ
ഇപ്പോൾ വളരെ ശോഷിച്ചു പോയിരിക്കുന്നു .തോട്ടിൻകര വലിയ കോൺക്രീറ്റ് റോഡായി . പോസ്റ്റുകളിലെല്ലാം LED ബൾബുകൾ .വയലേലകൾ റബ്ബർ തോട്ടങ്ങളായി .മൃഗങ്ങളെ വളർത്താൻ ആർക്കും മിനക്കെടാൻ വയ്യ .ചതിയൻമാരായ പട്ടികൾ പഞ്ചായത്ത് പട്ടികളോട് ചേർന്ന് എങ്ങോ അലഞ്ഞ് നടന്ന് ചത്ത് കാണും .വയറൻ കുറേ നാൾ കുടി നിർത്തിയെങ്കിലും പിന്നേം തുടങ്ങി, ചട്ടമ്പി ചീത്ത വിളിയും .ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് ഞങ്ങളെ ഓർമിപ്പിക്കാനെന്ന പോലെ സുജാതയുടെ കുഴിമാടം തുളസിച്ചെടികളേയും പേറി നിൽപുണ്ട് .തോടിനക്കരെ അവൾക്ക് കൂട്ടായി ജുവും .അവരുടെ ആത്മാക്കൾ ഇപ്പോഴും അവിടെയൊക്കെ അലഞ്ഞ് നടക്കുന്നുണ്ടാവണം .