16 May 2018

കുതിരക്കച്ചവടം എന്നാൽ എന്താണ്

കുതിരക്കച്ചവടം എന്ന പ്രയോഗം രാഷ്ട്രീയത്തില്‍ വന്നതിങ്ങനെ...

എതിരാളികളുടെ പാളയത്തില്‍ നിന്നും ജനപ്രതിനിധികളെ വലിച്ചൂരിയെടുക്കുന്ന തന്ത്രം. കര്‍ണാടക രാഷ്ട്രീയത്തിലും കുതിരക്കച്ചവടം പ്രകടമാണ്.

രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമാണ് കുതിരക്കച്ചവടം. എതിരാളികളെ പിന്‍വാതില്‍ നീക്കത്തിലൂടെ അധാര്‍മികമായി പരാജയപ്പെടുത്താനുള്ള നീചമായ വഴി. പണാധിപത്യത്തിലൂടെയും മറ്റു പ്രലോഭനങ്ങളിലൂടെയും എതിരാളികളുടെ പാളയത്തില്‍ നിന്നും ജനപ്രതിനിധികളെ വലിച്ചൂരിയെടുക്കുന്ന തന്ത്രം. കര്‍ണാടക രാഷ്ട്രീയത്തിലും കുതിരക്കച്ചവടം പ്രകടമാണ്.

എന്താണ് യഥാര്‍ഥത്തില്‍ കുതിരക്കച്ചവടം ? എങ്ങനെയാണ് കുതിരക്കച്ചവടം എന്ന പ്രയോഗം ഈ അധാര്‍മിക രാഷ്ട്രീയത്തിന് വിളിപ്പേരായി ചാര്‍ത്തിക്കിട്ടിയത് ? കുതിരക്കച്ചടവത്തിന് ഒരു ചരിത്രമുണ്ട്. ആ പദം രൂപപ്പെട്ടതിന് പിന്നില്‍ ഒരു കഥയുമുണ്ട്. അക്ഷരാര്‍ത്ഥത്തില്‍, കുതിരകളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടപാടിന് പറയുന്നതാണ് കുതിരക്കച്ചവടം. വില്‍പ്പനക്കുള്ള കുതിരകളുടെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുന്നത് ദുഷ്കരമായതിനാല്‍ കുതിരക്കച്ചവടം എന്നത് കള്ളത്തരത്തിനുള്ള നല്ല അവസരമാണ്. ഇത്തരത്തില്‍ കള്ളത്തരം വ്യാപകമാകുകയും ചെയ്തിട്ടുണ്ട്. വയസന്‍ കുതിരകളെ വരെ ഇത്തരത്തില്‍ പടക്കുതിരകളായി വര്‍ണിച്ച് കച്ചവടം നടത്തിയ ചരിത്രവുമുണ്ട്. വില്‍ക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ കബളിപ്പിക്കപ്പെടുന്ന കച്ചവടമായി ഇത് പലപ്പോഴും മാറി. നേരും നെറിയുമില്ലാത്ത കച്ചവടമായതുകൊണ്ട് തന്നെ കുതിരക്കച്ചവടം നടത്തുന്നവര്‍ക്ക് അധാര്‍മിക കച്ചവടം നടത്തുന്നവരെന്ന വിളിപ്പേരും വീണു. ഇതാണ് പിന്നീട് രാഷ്ട്രീയത്തിലെ അധാര്‍മികരിലേക്ക് കൂടി വ്യാപിക്കുന്നത്. 

1820 മുതല്‍ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെ വോട്ട് കച്ചവടത്തെയും വിലപേശലുകളെയും സൂചിപ്പിക്കാന്‍ വേണ്ടി, കാലക്രമേണ ഈ പദം ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. 1893 ല്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ഈ പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടിന് ആദ്യമായി കുതിരക്കച്ചവടമെന്ന് അച്ചുനിരത്തിയത് ഇവരായിരുന്നു. ഇത് പിന്നീട് രാഷ്ട്രീയത്തിലെ അധാര്‍മിക ഇടപെടലുകള്‍ക്ക് സ്ഥിരം വിശേഷണമായി.