21 January 2017

ആൻഡമാൻ യാത്രയുടെ ഓർമക്കുറിപ്പുകൾ - അവസാന ഭാഗം

വെൽക്കം റ്റു റോസ് ഐലന്റ്-

ആകെ ഒരു കിലോമീറ്റർ വിസ്തീർണ്ണം പോലുമില്ലാത്ത ചെറിയൊരു ദ്വീപ് .പക്ഷെ വലിപ്പത്തിലെന്ത് കാര്യമെന്ന് ചോദിച്ച് കൊണ്ട് ഒരു പുച്ഛഭാവത്തിൽ അങ്ങനെ കിടക്കുകയാണവൾ .ഉള്ളിലൊരു വലിയ നിധിയും ഒളിപ്പിച്ചു കൊണ്ട് .ഞങ്ങൾ റോസ് ഐലന്റിലേക്ക് പോകുന്നെന്ന് പറഞ്ഞപ്പോൾ യൂസുഫ് പറഞ്ഞു. ഒരു ചാക്ക് കൂടി എടുത്തോളാൻ .അതെന്തിന് ?നിധി കിട്ടിയാൽ കൊണ്ട് വരണ്ടേ ,അതിനാ ചാക്ക് .നിധിയോ ? കഥ കേട്ടതോടെ ,എങ്കി പിന്നൊന്നു ശ്രമിച്ചു കളയാം എന്ന് വിചാരിക്കാതിരുന്നില്ല .എന്തായാലും ചാക്കെടുത്തില്ല .കിട്ടിയാൽ എവിടേലും മാന്തി കുഴിച്ചിടാമെന്ന് കരുതി .അതു തന്നെയാണ് ജപ്പാൻകാർക്കും പറ്റിയ അബദ്ധം .രണ്ടാം ലോക മഹായുദ്ധ സമയം ബ്രിട്ടീഷുകാരിൽ നിന്ന് ജപ്പാൻകാർ ദ്വീപുകൾ പിടിച്ചെടുത്തു. റോസ് ഐലൻറ് അവരുടെ പട്ടാള ആസ്ഥാനമാക്കി മാറ്റി .യുദ്ധത്തിൽ കൊള്ളയടിച്ച വമ്പിച്ച നിധി അവർ ദ്വീപിൽ ഒളിപ്പിച്ചു .എന്നാൽ യുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതോടെ കുഴിച്ചിട്ട സാധനം മാന്തിയെടുക്കാനുള്ള സമയം കിട്ടിയില്ല .ജീവനും കൊണ്ടോടുമ്പോഴാ നിധി .പിന്നെപ്പോഴെങ്കിലും വന്നെടുക്കാമെന്ന് കരുതിക്കാണും. നയതന്ത്രതലത്തിൽ അവരിപ്പോഴും ശ്രമം തുടരുന്നുവെന്നാണ് പറയുന്നത് .രണ്ട് ദിവസത്തേക്ക് ദ്വീപൊന്ന് പാട്ടത്തിന് കൊടുക്കണം .പക്ഷെ നമ്മളല്ലേ ആൾക്കാർ ,നമുക്കു കിട്ടാത്തതിപ്പം അവൻമാര് കൊണ്ടു പോകണ്ടെന്ന് കരുതിയിട്ടാവും ഇതുവരെ അനുമതി കൊടുത്തിട്ടില്ല .

ഫീനിക്സ് ബേ ജട്ടിയിൽ നിന്ന് ബോട്ടിൽ റോസ് ഐലന്റിൽ എത്താം.സന്ദർശകർക്ക് നടന്ന് കാണാൻ പാതകൾ ഉണ്ട് .നഷ്ടപ്രതാപങ്ങളുടെ ശ്മശാന ഭൂമിയാണിപ്പോളിവിടം.
പഴയകാല പ്രതാപത്തിന്റെ അവശിഷ്ടങ്ങളാണ് ദ്വീപിലെങ്ങും. സംഗീതവും നൃത്തവും കൊണ്ട് ശബ്ദമുഖരിതമായിരുന്ന ബാള്‍ റൂം,ഉന്നത ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വരവേറ്റിരുന്ന ഗസ്റ്റ് ഹൌസ്,പ്രാര്‍ത്ഥനാ മുഖരിതമായിരുന്ന പള്ളി, വെള്ളം ചൂടാക്കാന്‍ ഉപയോഗിച്ചിരുന്നകൂറ്റന്‍ ബോയിലറുകള്‍, വേലിയേറ്റത്തില്‍ നിറയുകയും വേലിയിറക്കത്തില്‍ വെള്ളം ഒഴിഞ്ഞ് പോകുകയും ചെയ്യുന്ന സ്വിമ്മിഗ് പൂള്‍.കോടതി, സെക്രട്ടറിയേറ്റ് ,സെമിത്തേരി അങ്ങനെയങ്ങനെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ അവശേഷിപ്പുകള്‍.

ഞങ്ങൾ ദ്വീപ് മുഴുവൻ ചുറ്റിനടന്ന് കണ്ടു .മണ്ണ് മൂടിയ ബങ്കറുകൾ .വാതിലില്ല ,തുരങ്കം വഴിയാണ് ഇതിൽ കയറുന്നത് .നമ്മളല്ല ,അത് ഉണ്ടാക്കിയവർ .ചെറിയൊരു ചതുരം മാത്രമാണ് വെളിയിൽ നിന്ന് കാണാവുന്ന തുറന്ന ഭാഗം .കപ്പലുകളെ തകർക്കാനുള്ള പീരങ്കി കുഴലുകൾ  വെക്കാനുള്ളത് .കൊണ്ടു പോയ പൊതിച്ചോറുകൾ കടൽത്തീരത്തിരുന്ന് കഴിച്ചു .മണലിൽ എന്തോ കിടന്ന് തിളങ്ങുന്നു .നിധിക്കൂമ്പാരത്തിൽ നിന്ന് വെളിയിൽ വന്ന രത്നങ്ങളാവുമോ ?പല നിറങ്ങളിലുള്ള ,ഉരുണ്ടതും പരന്നതുമായ കല്ലുകൾ .നിങ്ങളാരും അസൂയപ്പെടണ്ട, കിട്ടിയത് വജ്രങ്ങളല്ല .മദ്യക്കുപ്പികൾ പൊട്ടിച്ച് കടലിലെറിഞ്ഞത് തിരയടിച്ച് ഷെയ്പായതാണ് .ഇവിടെ മദ്യം കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ചിലർ ഒളിച്ച് കൊണ്ടുവരാറുണ്ട് .സെമിത്തേരിയിൽ ഒരുപാട് കല്ലറകൾ .കൂടുതലും പേരുകൾ എഴുതിയിരിക്കുന്നത് സ്ത്രീകളുടേതാണ് ,കുട്ടികളുടേതുമുണ്ട് .നമ്മൾ മലയാളികളെപ്പോലെ ആദ്യകാല പ്രവാസികളായിരുന്നു ബ്രിട്ടീഷുകാർ .സുഗന്ധവ്യഞ്ജനങ്ങളും ,ആനക്കൊമ്പും ,വജ്രങ്ങളും ,മാജിക്കും മാത്രമല്ല ,കോളറയും വസൂരിയും പ്ലേഗുമൊക്കെയുള്ള നാടാണ് ഇതെന്ന് അവർ ഇവിടെ വന്നിട്ടാവാം അറിഞ്ഞത് .

രണ്ടാം ലോകമഹായുദ്ധം ബംഗാൾ ഉൾക്കടലിലെ തന്ത്രപ്രധാന പ്രദേശമായ ആന്തമാൻ നിക്കോബാർ ദ്വീപുകളേയും ബാധിച്ചിരുന്നു. ജപ്പാൻ ടോർപ്പിഡോകൾ പല ബ്രിട്ടീഷ്‌ യുദ്ധക്കപ്പലുകളേയും കടലിൽ താഴ്ത്തി. ബ്രിട്ടീഷ്‌ ശക്തികേന്ദ്രങ്ങളായിരുന്ന റങ്കൂണും സിങ്കപ്പൂരും വീണുകഴിഞ്ഞപ്പോൾ ജപ്പാൻ പട ആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്കു നീങ്ങി. അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു. പക്ഷേ അതിനുമുൻപെ- 1942 മാർച്ച്‌ 3 ന് ആന്തമാൻ നിക്കോബാർ ദ്വീപുകൾ ജപ്പാന്റെ അധീനതയിലായി. ചീഫ്‌ കമ്മീഷണർ ആയിരുന്ന വാട്ടർ ഫാളിനെ ജപ്പാൻകാർ സെല്ലുലാർ ജയിലിൽ തന്നെ തടവിലാക്കി. ബ്രിട്ടീഷ്‌ സൈനികരേയും അവരുടെ ആളുകളേയും തടവുകാരായി പിടിച്ചു. ആ തടവുകാരെ കൊണ്ടു തന്നെ ദ്വീപിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജോലി ചെയ്യാത്തവർക്കും രക്ഷപെടാൻ ശ്രമിക്കുന്നവർക്കും കടുത്ത ശിക്ഷ നൽകി. അങ്ങനെ നമ്മളെ അടിമകളാക്കാൻ ബ്രിട്ടീഷുകാരുണ്ടാക്കിയതൊക്കെ അവർക്ക് തന്നെ പണി കൊടുത്തുകൊണ്ട് ദ്വീപുകളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു. അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക്‌ കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു. ഗതാഗതം നിലച്ചതോടെ ക്ഷാമവും രോഗങ്ങളും പെരുകി. ജപ്പാൻ പിന്മാറിയില്ല പകരം ദ്വീപുകൾ സുഭാഷ്‌ ചന്ദ്രബോസിന്റെ പ്രൊവിൻഷ്യൽ ഭരണകൂടത്തിനു കൈമാറിയതായി 1943 നവംബറിൽ ജപ്പാൻ പ്രധാനമന്ത്രി ഹിഡാക്കോ തേജോ ടോക്കിയോയിൽ പ്രഖ്യാപിച്ചു. ഡിസംബർ 19-നു സുഭാഷ്‌ ചന്ദ്രബോസ്‌ ദ്വീപിലെത്തുകയും ഡിസംബർ 30 ന് ത്രിവർണ്ണപതാക ഉയർത്തുകയും ചെയ്തു . അങ്ങനെ ആദ്യമായി നമ്മൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിവിടെയാണ് .ഈ സ്ഥലത്താണ് ഇപ്പോൾ നേതാജീ സ്‌റ്റേഡിയം ഉള്ളത് .ഇവിടെത്തന്നെ NETAJI FLAG HOSTING MEMORIAL ഉം സ്ഥാപിച്ചിട്ടുണ്ട് .

അതിനിടെ ബ്രിട്ടീഷുകാർ ദ്വീപുകൾ തിരിച്ചുപിടിക്കാൻ തയാറെടുത്തു. 1945 ഒക്ടോബർ 7 ന് ബ്രിഗേഡിയർ സോളമന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ്‌ സൈന്യം എത്തി. 9 ന് ജപ്പാൻകാർ പൂർണ്ണമായും പിന്മാറി.
ബ്രിട്ടീഷുകാരേക്കാള്‍ കൊടിയ ക്രൂരതയാണ് ജപ്പാനികള്‍ ദ്വീപ് വാസികളോട് ചെയ്തത്. ബ്രിട്ടീഷ്കാരുമായ് ചേര്‍ന്ന് ചാരപ്പണി നടത്തുന്നുവെന്നാരോപിച്ച് അവര്‍ കൊന്നു തള്ളിയത് ആയിരങ്ങളെയാണ്.കൊല്ലാന്‍ എളുപ്പമായിരുന്നു,കടലില്‍ മുക്കി ക്കൊല്ലുക,അല്ലേല്‍ ഒരു തോണിയില്‍ കയറ്റി നടുക്കടലില്‍ കൊണ്ട്പോയി വെടി വെച്ച് കടലില്‍ വീഴ്‌ത്തുക.അവസാനം നേതാജി ഇടപെട്ടാണു ഈ ക്രൂരത അവസാനിപ്പിച്ചത്.

ഇന്ത്യന്‍ നേവിയുടെ കൈയിലാണ് റോസ് ഐലന്റ്. 0.6 സ്ക്വയര്‍ കിലോമിറ്ററാണ് ദ്വീപിന്റെ വിസ്തീര്‍ണം. കടലെടുത്ത് പോയതാണ് ബാക്കി ഭാഗം മുഴുവന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഭൂകമ്പത്തില്‍ ദ്വീപ് രണ്ടായി പിളര്‍ന്ന് വലിയ കഷ്ണം കടലിനടിയിലേക്ക് പോയി അവശേഷിച്ച ഭാഗത്തിന്റെ അടിയിലേക്ക് വിലങ്ങനെ തള്ളിക്കയറി നിന്നു. അതുകൊണ്ട് ഇന്ന് ദ്വീപിന്റെ ഒരുഭാഗം കുത്തനെ കയറ്റമാണ്. ദ്വീപിന്റെ ഈ പ്രത്യേകതയാണ് പിന്നീട് സുനാമി വന്നപ്പോള്‍ പോര്‍ട്ട് ബ്ലെയറിണെ രക്ഷിച്ചത്. കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന ഭാഗത്ത് വന്നിടിച്ച് ശക്തി കുറഞ്ഞ സുനാമിത്തിരയാണു പോര്‍ട്ട് ബ്ലെയറിലേക്ക് നീങ്ങിയത്.

ദ്വീപിൽ നിന്ന് വൈകിട്ടോടെ എല്ലാവരും തിരിച്ച് പോകണം .പിന്നെ നേവിക്കാരും ഉദ്യോഗസ്ഥരും കുറേ മാനുകളും മയിലുകളും മാത്രം അവശേഷിക്കും .തിരിച്ച് പോകുമ്പോൾ ഓർമക്കായി എനിക്കൊരു നിധി കിട്ടി .ഒരു മയിൽ പീലി .

റോസ് ഐലന്റിന് തൊട്ടടുത്താണ് വൈപ്പര്‍ ഐലന്റ്. കൈയും കാലും ചങ്ങലക്കിട്ട തടവുകാരെ മാടുകളെ പോലെ പണിയെടുപ്പിക്കാന്‍ കൊണ്ട് വരുമായിരുന്നത്രെ ഇങ്ങോട്ട്. കൊടും യാതനകളാണ് അവര്‍ അനുഭവിച്ച് തീര്‍ത്തത്. ഈ ദ്വീപില്‍ ആകെയുള്ളത് ഒരു ജെയിലും തൂക്കുമരവും മാത്രമാണ്. ഇത് സ്ത്രീകളുടെ ജെയിലായിരുന്നു . കടലിനഭിമുഖമായി നില്‍ക്കുന്ന ആ തൂക്കുമരം വല്ലാത്തൊരു കാഴ്ചയാണ് .
ഇന്ത്യയിലെ ഒരേയൊരു അഗ്നിപർവതം ഉള്ളതും ആൻഡമാനിലാണ് -ബാരൻ ഐലന്റ് .ബോട്ട് ദ്വീപിലടിപ്പിക്കില്ല.

പ്രിയപ്പെട്ടവരേ ,അധികം വലിച്ച് നീട്ടുന്നില്ല .ശാന്തവും സുന്ദരവുമായ സ്ഥലങ്ങൾ ,ബീച്ചുകൾ, വനങ്ങൾ .ഇന്ത്യയിലൊരു പക്ഷേ കുറ്റകൃത്യങ്ങൾ ഒട്ടുമില്ലാത്ത അപൂർവ്വം സ്ഥലങ്ങളിലൊന്ന് ഇവിടെയാവും .കാരണം പിടിക്കപ്പെടും എന്നത് തന്നെ .എങ്ങോട്ട് രക്ഷപെടാൻ .അനാർക്കലി എന്ന സിനിമയിൽ പൃഥിരാജ് കടൽതീരത്ത് കിടക്കുന്നത് പോലെ ,നമുക്ക് ശാന്തമായ തീരങ്ങളിൽ കിടക്കാം .(സിനിമ ലക്ഷദ്വീപിലാണ് ) .Jet ski , kayaking, banana ride, glass bottom boat ൽ കടൽ ജീവികളെ കണ്ട് യാത്ര ,semi submarine ride, snorkeling, skuba diving,sea walk , trekking, പക്ഷി നിരീക്ഷണം തുടങ്ങി പലവിധ വിനോദങ്ങൾ .
Anthropological museum,
Fisheries museum ,
Samudrika(Naval Marine) museum, Zoological Survey of India museum , Forest museum എന്നിവ
പോർട്ട് ബ്ലയറിൽ തന്നെ ഒറ്റ ദിവസം കൊണ്ട് കാണാവുന്നവയാണ് .

അത്ഭുതമാണ് ആൻഡമാൻ .ഒരു ഭാഗത്ത് ഇപ്പോഴും ശിലായുഗ കാലഘട്ടത്തിലേതുപോലെ ജീവിക്കുന്ന ആദിമവാസികൾ .മറുവശത്ത് എല്ലാ സൗകര്യങ്ങളോടെയും ജീവിക്കുന്ന ആധുനിക മനുഷ്യർ. സ്വാതന്ത്ര്യ സമരചരിത്രത്തിലെ മറക്കാനാവാത്ത ഒരേട് ,അതിവിടെയാണ് .ഇന്ത്യയിൽ എണ്ണപ്പനത്തോട്ടം (oil palm) ഉള്ളത് എന്റെ നാട്ടിൽ മാത്രമാണെന്നായിരുന്നു ധാരണ .എന്നാൽ ആൻഡമാനിലുമുണ്ട് ഒരു ദ്വീപ് നിറയെ എണ്ണപ്പനത്തോട്ടവും ,ഫാക്ടറിയുമെന്നറിഞ്ഞത് ഒരത്ഭുതമായിരുന്നു .

ഒരു മാസത്തിൽ കൂടുതൽ ഞാനവിടെ (എണ്ണപ്പനത്തോട്ടത്തിലല്ല )കറങ്ങി നടന്നു .ഒരുപാട് പേരെ കൂട്ടുകാരായി കിട്ടി .ഒരുപാട് കല്യാണങ്ങൾക്ക് പോയി ആഘോഷിച്ചു .5 മിനിറ്റ് കൊണ്ട് വീട്ടിലെത്താൻ പറ്റുന്ന ലാസ്റ്റ് ബോട്ട്  കിട്ടാത്തതിനാൽ രണ്ട് ബസ് മാറിക്കേറി കിലോമീറ്ററുകൾ യാത്ര ചെയ്ത് വീട് പിടിക്കേണ്ടി വന്നിട്ടുണ്ട് .കടൽ തീരത്തിരുന്ന് ചൂണ്ടയിട്ട് മീൻ പിടിച്ചു .വരാൻ നേരം അവരെയൊക്കെ പിരിയുന്ന സമയം ചങ്ക് പറിക്കുന്ന വേദന .വരും ,ഞാനിനിയും വരുമെന്ന് പറഞ്ഞ് കൊടുത്ത വാക്ക് പാലിക്കാൻ ഇതുവരെയായില്ല .പ്രവാസത്തിന്റെ ചുരുക്കം അവധി ദിനങ്ങളിൽ എപ്പോഴും തിരക്കുകളായിരുന്നു .ഇതിനിടെ അവരിൽ പലരും നാട്ടിൽ പലതവണ വന്നു പോയി .അന്നത്തെ കുഞ്ഞുങ്ങൾ യുവാക്കളായി ,പലർക്കും കുഞ്ഞുങ്ങളുമായി .കറങ്ങി നടന്ന സ്ഥലങ്ങളിപ്പോഴും മനസിലുണ്ട് .ബംബൂ ഫ്ലാറ്റ് ,പാനിക്കാട് ,ചുന്നാബത്ത, വിംബർലി ഗഞ്ച് ,തുഷ്നാബാദ് അങ്ങനെ കുറേ സ്ഥലങ്ങൾ .പോകണം ഒരിക്കൽ കൂടിയെങ്കിലും .കഴിഞ്ഞയാഴ്ച വിളിച്ചപ്പോൾ ,ഇപ്പോൾ പുതിയ വീടിന്റെ മുറ്റത്തിരുന്ന് ചൂണ്ടയിടാം നീ വരുന്നില്ലേ എന്ന് മാമി ചോദിക്കുന്നു .പോകണം ചൂണ്ടയിടാൻ മാത്രമല്ല ,ഞങ്ങളിൽ നിന്ന് എന്നന്നേക്കുമായ് യാത്രപറഞ്ഞ് പോയ മാമായുടെ ഖബർ സിയാറത്ത് ചെയ്യാനും .നമ്മളെല്ലാവരും ഒരർത്ഥത്തിൽ യാത്രക്കാരാണല്ലോ .ആ യാത്ര അവസാനിക്കുന്നതിന് മുൻപ് ഈ ലോകത്ത് കഴിയുന്നിടത്തോളം യാത്ര ചെയ്യുക .പ്രകൃതിയെയും മനുഷ്യരെയും ജീവജാലങ്ങളെയും അടുത്തറിയുക .എന്റെ പ്രിയപ്പെട്ട മാമായുടെ ഓർമകൾക്ക് മുൻപിൽ ഈ ഓർമക്കുറിപ്പുകൾ സമർപ്പിച്ചു കൊണ്ട് തത്കാലം നിർത്തുന്നു .യാത്ര ചെയ്യാൻ നിങ്ങൾക്ക് മനസ്സിലൊരാഗ്രഹം തോന്നുന്നുവെങ്കിൽ ഞാൻ കൃതാർത്ഥനായി .നന്ദി ,നമസ്കാരം .








16 January 2017

ആൻഡമാൻ യാത്രയുടെ ഓർമക്കുറിപ്പുകൾ - ഭാഗം 3

ആൻഡമാൻ യാത്രയുടെ ഓർമക്കുറിപ്പുകൾ
ഭാഗം - 3

സെല്ലുലാർ ജയിൽ :-
ജയിൽ കവാടം കടന്ന് ചെല്ലുന്നത് ,ഒരു ചെറിയ മ്യൂസിയത്തിലേക്കാണ് .
പീഢനോപകരണങ്ങൾ ,വിലങ്ങുകൾ ,ചങ്ങലകൾ ,വസ്ത്രങ്ങൾ തുടങ്ങിയവയാണിവിടെയുള്ളത് .ഇവിടെ നിന്ന് ജയിൽ വളപ്പിലേക്ക് നടന്നു .ഒരു വശത്ത് നീളൻ ഷെഡിൽ തടവുകാരെ പണിയെടുപ്പിച്ചിരുന്ന ചക്കുകൾ. കൈയും കാലും പൂട്ടി മർദിക്കാനുള്ള ഒരു മുക്കാലിയും അടുത്ത് തന്നെയുണ്ട് .രാവിലെയായതു കൊണ്ടാവും അധികം സന്ദർശകരുണ്ടായിരുന്നില്ല. ഉള്ളത് കുറച്ച് വിദേശികളാണ് .സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കോളനികളും അവരുണ്ടാക്കിയ സംവിധാനങ്ങളും കാണാൻ വന്നതാവും.

ജയിലിന്റെ വാതിലിന് മുന്നിൽ അൽപനേരം നിന്നു .എത്രയെത്ര സേനാനികൾ മരണത്തിലേക്ക് നടന്നും വലിഞ്ഞിഴഞ്ഞും കടന്നു പോയ വാതിലാണിത് .ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു .മുന്നിൽ ഒരു ഗോവണിയും ചുറ്റുഭാഗത്തേക്ക് നീണ്ടുപോകുന്ന ജയിലറകളും ഇടനാഴിയും .മുകളിലേക്ക് കയറി .ഫലകങ്ങളിൽ രക്തസാക്ഷികളുടെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട് .വീണ്ടും മുകളിലേക്ക് കയറി .വല്ലാത്ത മൂകത .മുന്നിലെ ഇടനാഴിയിലൂടെ കുറേ നടന്നു.ഓരോ അറകളും നോക്കിക്കൊണ്ട് .പകുതിയോളം കഴിഞ്ഞ്  ഒരു ജയിലറക്കകത്ത് കയറി വാതിൽ ചേർത്തടച്ചു .അകത്ത് നിന്ന് കൈയെത്താത്ത അകലത്തിൽ വെളിയിലെ ഭിത്തിയിലാണ് ലോക്ക് പിടിപ്പിച്ചിരിക്കുന്നത് .കൈയിട്ടിട്ടും കാര്യമില്ല ,ഇതൊന്നും പൊളിക്കാനോ പുറത്ത് ചാടാനോ ചാടിയാൽ തന്നെ രക്ഷപ്പെടാനുമുള്ള യാതൊരു സാധ്യതയുമില്ല .എത്രയോ നിലവിളികളും ഞരക്കങ്ങും മുദ്രാവാക്യങ്ങളും കൊണ്ട് വിറച്ച ജയിലിപ്പോൾ നിശബ്ദമാണ് .
ഒരു കാലത്ത് തടവുകാരുടെ ഞരക്കങ്ങളും നിശ്വാസങ്ങളും കൊണ്ട് ശബ്ദമുഖരിതമായിരുന്ന ഇടം. ഇപ്പോള്‍ ഒരുതരം ശ്മശാന മൂകത. സെല്ലിനകത്തെ കാറ്റിനുപോലും ചോരയുടെ ഗന്ധമുണ്ടെന്ന് തോന്നി . നിശബ്ദതയുടെ ഭീകരത ചിലപ്പോൾ നമ്മെ ഭ്രാന്തു പിടിപ്പിക്കും .ജയിലഴികളിലൂടെ നോക്കിയാൽ മുന്നിലെ കൽഭിത്തിയാണ് കാണുന്നത് .മറ്റൊന്നും കാണാനാവില്ല .പിറകിൽ ഏറ്റവും മുകളിലായി ചെറിയൊരു ജനൽ .ഭിത്തികളിൽ നിറയെ വിവിധ ഭാഷകളിൽ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു .തടവുകാരുടെയാവാം സന്ദർശകരുടെയുമാവാം .ഞാൻ കയറി നോക്കിയ മിക്ക ജയിലറകളിലും ഇതുപോലെ എഴുത്തുകൾ കണ്ടു .എന്തായാലും തടവുകാരുടെ വികാരവിചാരങ്ങൾ അവയിലുണ്ടാവുമെന്നെനിക്ക് തോന്നി .ജയിലിന്റെ ഭിത്തിയിൽ ചാരി നിന്ന് സ്വയം ഒരു തടവുകാരനായി സങ്കൽപിച്ചു നോക്കി .ഇനിയൊരിക്കലും എന്റെ നാടോ വീടോ പ്രിയപ്പെട്ടവരെയോ കാണാൻ കഴിയില്ലന്നും അവരൊക്കെ അനേകം കിലോ മീറ്ററുകൾക്കകലെയാണെന്നും ഓർത്തു .അവരന്ന് ഇതൊക്കെ സഹിച്ചത് എന്തിന് വേണ്ടി .പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി .ജയിലിന് വെളിയിലിറങ്ങി ചുറ്റി നടന്നു കണ്ടു .അവസാനം ഒരു ചെറിയ റൂമിന് മുൻപിലെത്തി .മൂന്ന് തൂക്കു കയറുകൾ തൂക്കിയിട്ടിരിക്കുന്നു .ഒരു ലിവറും .ഒറ്റ വലിക്ക് മൂന്ന് ജീവനുകൾ ഇല്ലാതാവും .
ആ ലിവറില്‍ അമര്‍ത്തിയാല്‍ ചവിട്ടി നില്‍ക്കുന്ന പലക നിരങ്ങിമാറും. പിന്നെ ഇരുട്ടാണ്. കട്ടി കൂടിയ ഇരുട്ട്..
തട്ടിനടിയിലേക്ക് പോകാനുള്ള സ്‌റ്റെപ്പുകൾ വഴി ഞാനിറങ്ങിച്ചെന്നു .എത്രയെത്ര ആത്മാക്കളാവും അപ്പോഴവിടെ നമ്മുടെയീ സ്വാതന്ത്ര്യം കണ്ട് സന്തോഷിച്ചിട്ടുണ്ടാവുക .

തിരിച്ചിറങ്ങുമ്പോൾ നാമോർക്കുക ഒന്നു മാത്രമാണ് .നമ്മളിന്നനുഭവിക്കുന്ന സ്വതന്ത്ര്യത്തിന്റെ വില നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനും ജീവിതവുമായിരുന്നു എന്ന് .അത് തല്ലിക്കെടുത്താൻ നാമാരെയും അനുവദിക്കരുത് എന്ന് .

ഉച്ചക്ക്  ഞങ്ങൾ ബജാർ വഴി നടന്ന് ചാത്തം ഐലന്റിലെത്തി .ബോട്ട് വരാൻ ഇനിയും സമയമുള്ളതിനാൽ മില്ല് കാണാൻ കയറി .വിവിധയിനം തടികൾ ( Padauk, Gurjan, Marble wood, Satin wood )
സൂക്ഷിച്ചിട്ടുള്ള ഒരു സ്റ്റോർ ഉണ്ട് ഇവിടെ.ആദ്യത്തെ കപ്പൽ തുറമുഖം ചാത്തം ദ്വീപിലായിരുന്നു .ഇപ്പോൾ രണ്ടാമത്തെ വലിയ വാർഫും ഇതു തന്നെ .ഇതിനടുത്ത് തന്നെ ഒരു മെമ്മോറിയലുണ്ട്, ചാത്തം മെമ്മോറിയൽ .1857ലെ സമരത്തിൽ പിടിക്കപ്പെട്ട തടവുകാരുടെ ആദ്യ ബാച്ചിനെ (200 പേർ) ഇവിടെയാണ്  എത്തിച്ചത് .അതിൽ ചിലർ ഇവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയും ,എന്നാൽ അതിന് കഴിയുന്നതിന് മുൻപ്  വീണ്ടും പിടികൂടപ്പെടുകയും, ഒറ്റ ദിവസം തന്നെ 86 പേരെ  സൂപ്രണ്ടായിരുന്ന ജെ.പി വാക്കർ എന്ന നരാധമൻ തൂക്കിലേറ്റുകയും ചെയ്തു .ഇവരുടെ ഓർമക്കായാണ് ഈ സ്മാരകം .
   കൂടുതൽ ചരിത്ര കഥകൾ നിങ്ങൾ വായിച്ചിട്ടുണ്ടാവും എന്നതിനാൽ അധികം എഴുതി നിങ്ങളെ ബോറടിപ്പിക്കുന്നില്ല .

വീട്ടിലെത്തിയ ഞങ്ങളെ വരവേറ്റത് രണ്ട് അതിഥികളാണ് .ഗുട്ടുവും ഷെറിയും .മാമായുടെ മകൻ യൂസുഫിന്റെ അളിയൻമാർ .പിന്നീടുള്ള എന്റെ യാത്രകളിലെ സന്തത സഹചാരികൾ .അധികം പുറത്ത് പോകാൻ സ്വാതന്ത്ര്യമില്ലാതിരുന്ന അവർക്ക് കിട്ടിയ സുവർണ്ണാവസരമായിരുന്നു ഞാൻ .അവരുടെ വീട് തുഷ്നാബാദ് എന്ന സ്ഥലത്തായിരുന്നു .മിനി ബസിലാണ് അങ്ങോട്ട് പോകുന്നത് .ജനവാസമില്ലാത്ത പ്രദേശങ്ങളിലൂടെ ,വനത്തിലൂടെയൊക്കെയാണ് യാത്ര .
ചില ദിവസങ്ങളിൽ ഞങ്ങൾ വനത്തിലുള്ളിലേക്ക് കയറിപ്പോകും .കൂടെ അവരുടെ കൂട്ടുകാരും കൂടും. ഒഴുക്കില്ലാത്ത തോട്ടിൽ കിടന്ന് തണുത്ത് വിറക്കുവോളം കുളിക്കും .വനവിഭങ്ങൾ തേടിക്കണ്ടുപിടിച്ച് അവരെനിക്ക് കൊണ്ട്  തരും .തേൻതു, കട്ടാഫൽ തുടങ്ങി പേരുപോലുമറിയാത്ത കുറേ പഴവർഗങ്ങൾ .വാൽനട്ട് പോലെയൊരു കായ് പെറുക്കിക്കൊണ്ട് വന്ന് വറുത്ത് തിന്നും .ചിലപ്പോൾ തേനും കിട്ടും .അവരുടെ പറമ്പിൽ നിറയെ തെങ്ങുകളാണ് .നാട്ടിൽ വെച്ച് തന്നെ കരിക്ക് മോഷ്ടിക്കാൻ (ഞങ്ങളുടെ തന്നെ)തെങ്ങിൽ കയറി പഠിച്ചത് കൊണ്ട് തോന്നുമ്പോഴൊക്കെ കരിക്കുകൾ വെട്ടിയിട്ട് കുടിച്ചു .

വൺഡേ ട്രിപ് പ്ലാൻ ചെയ്ത് ബജാറിൽ നിന്ന് ബസിൽ മായാബന്ദർ എന്ന സ്ഥലത്തേക്ക് പോയത് ഒരനുഭവമായിരുന്നു .മൂന്നാല് ഫെറികളിൽ കയറിയാണ് ബസും ഞങ്ങളും അവിടെയെത്തിയത് .കടൽ തീരങ്ങളിലൂടെയും കാട്ടിലൂടെയും കടലിലൂടെയുമൊക്കെയായിരുന്നു ആ യാത്ര .

ബരാട്ടംഗ് ദ്വീപിലേക്ക് നിലമ്പൂര്‍ ജട്ടിവഴിയാണ് പോകുന്നത് ! ആന്‍ഡമാനില്‍ കേരളത്തിലെ പല സ്ഥലപ്പേരുകളും ഉണ്ട്. നമ്മളോട് വലുതായി ചങ്ങാത്തം കൂടാത്ത ജർവ വര്‍ഗ്ഗക്കാരെ നമുക്കീ യാത്രയിൽ കാണാൻ കഴിയും . ഇവിടെ ക്യാമറക്ക് കര്‍ശന വിലക്കാണ് .ഫോട്ടോ എടുക്കാൻ അനുവദിക്കില്ല .ഇവർ താമസിക്കുന്ന ഭാഗങ്ങളിൽ വാഹനം നിർത്താനൊ പുറത്തിറത്താനോ അനുവാദമില്ല. ചുണ്ണാമ്പ് കല്ല് ഗുഹകളും(limestone cave) mud volcano യും ഇവിടുത്തെ പ്രത്യേകതയാണ് .ഇതിനടുത്തായാണ് പാരറ്റ് ദ്വീപ് .പേരു പോലെ തന്നെ തത്തകളുടെ മാത്രം ദ്വീപാണിത് .ആയിരക്കണക്കിന് തത്തകൾ വൈകിട്ട് ഇവിടെ അന്തിയുറങ്ങാനെത്തും രാവിലെ പോകുകയും ചെയ്യും .വൈകിട്ടാണ് അങ്ങോട്ട് ബോട്ടുള്ളത് ,തിരിച്ചെത്തുമ്പോൾ രാത്രിയാവും .വീട്ടിലേക്കുള്ള ബോട്ടും മിസ്സാവുമെന്നതിനാൽ ഇവിടെ പോകാൻ പറ്റിയില്ല .

ജർവകളെ കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഇവിടുത്തെ ആദിമവാസികളെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകാം .
ആൻഡമാനിലെ ആദിവാസികളിൽ ഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവർ ഭീകരരും കൊലയാളികളുമാണെന്നാണ് പ്രശസ്തി. ആൻഡമാൻ തീരത്തെത്തുന്ന കപ്പൽ യാത്രക്കാരെ കൊലപ്പെടുത്തുന്നതു കൊണ്ടോ, അപരിചിതരോട് സംശയപൂർവം പെരുമാറുന്നതുകൊണ്ടോ ആവാം ഇങ്ങനെ കരുതപ്പെടുന്നത്. ആദ്യകാലത്തെ മലയ് അടിമക്കച്ചവടക്കാരോട് പുലർത്തിയിരുന്ന അസഹിഷ്ണുത മൂലമായിരിക്കണം ഇവരുടെ പെരുമാറ്റം ഇത്തരത്തിൽ രൂപവത്കരിക്കപ്പെട്ടത്.

ഇവിടുത്തെ ആദിവാസികളെ പ്രധാനമായും രണ്ടു വംശത്തിൽ പെടുത്താം,(1)നിഗ്രിറ്റോ വംശജരും (2) മംഗളോയിഡ്‌ വംശജരും,നീഗ്രോ വംശജരെ പോലെയുള്ളവരാണ്‌ നിഗ്രിറ്റോ, മംഗളോയിഡ്‌ പാരമ്പര്യമുള്ളവരാണ്‌ മറ്റുള്ളവർ. അദിവാസികളിൽ ആൻഡമാനീസുകൾ, ഓംഗികൾ, ജർവകൾ, സെന്റിലിനീസുകൾ എന്നിവർ നിഗ്രിറ്റോ വംശത്തിൽ പെടുന്നു. നിക്കോബാർ ദ്വീപുകളിൽ വസിക്കുന്ന നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ്‌ വംശജരാണ്‌.ആൻഡമാനീസുകൾ ആയിരുന്നു ദ്വീപുകളുടെ യഥാർത്ഥ അധിപർ, മറ്റു ജനവിഭാഗങ്ങളുമായി യാതൊരു സമ്പർക്കവുമില്ലാത്ത ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്‌. വേട്ടയാടലായിരുന്നു മുഖ്യതൊഴിൽ, ഓരോ ചെറുസംഘങ്ങൾക്കും വേട്ടയാടാൻ അവരുടെ പ്രദേശങ്ങളുണ്ടായിരുന്നു. പകർച്ചവ്യാധികളാണ് ആൻഡമാനീസുകളെ കൊന്നൊടുക്കിയത്‌. ഇന്ന് അവശേഷിക്കുന്നവരെ സ്ട്രൈറ്റ്‌ ദ്വീപിൽ ഒരു കോളനി ഉണ്ടാക്കി പാർപ്പിച്ചിരിക്കുന്നു. ദക്ഷിണ മധ്യ ആന്തമാൻ ദ്വീപുകളുൽ വസിക്കുന്ന ജർവകളും സെന്റിനൽ ദ്വീപിൽ വസിക്കുന്ന സെന്റിലിനീസുകളും ഇന്നും ശിലായുഗ വാസികളാണ്‌ ഇവരെ മുഖ്യധാരയും ആയി ബന്ധപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഒരു കാലത്ത്‌ ജർവകൾ ധാരാളമായി പോർട്ട്‌ ബ്ലയറിൽ ഉണ്ടായിരുന്നു, എന്നാൽ കുടിയേറ്റം വർദ്ധിക്കുംതോറും ഇവർ കൂടുതൽ വനത്തിനുള്ളിലേക്ക്‌ പിന്മാറി.മറ്റുള്ളവരോട്‌ ഒടുങ്ങാത്ത പക ഇവർ പുലർത്തുന്നു. തരം കിട്ടിയാൽ ആക്രമിക്കുകയും ചെയ്യും.
അരോഗ്യദൃഢഗാത്രരാണിവർ . ആഫ്രിക്കയിലെ നീഗ്രൊ വംശജരെ പോലെ തനി കറുപ്പു നിറക്കാർ, ചുരുണ്ടമുടി, ബലിഷ്ഠമായ കൈകാൽ, ശക്തിയേറിയ വലിയ പല്ലുകൾ, നാലുമുതൽ അഞ്ചടി വരെ ഉയരം, വയറിനു മുകളിൽ മരച്ചീളുകൾ കൊണ്ടുണ്ടാക്കിയ ഒരുകവചം ഉണ്ട്‌. ഇതിലാണ്‌ ആയുധങ്ങൾ സൂക്ഷിക്കുന്നത്‌. വാഴയിലകൊണ്ടും കവുങ്ങിൻ നാരു കൊണ്ടും ഉണ്ടാക്കുന്ന ആഭരണങ്ങളും ധരിക്കാറുണ്ട്‌. ഭക്ഷണം പക്ഷിമൃഗാദികളും കടലിൽ നിന്നു പിടിക്കുന്ന മത്സ്യവും കാട്ടുകനികളും ആണ്‌. എവിടെ ഇരുമ്പ്‌ കണ്ടാലും കൈക്കലാക്കും, അതു കൊണ്ട്‌ അമ്പുകളുണ്ടാക്കും.സെന്റിലിനീസുകൾ ഇന്നും ആർക്കും പിടി കൊടുത്തിട്ടില്ല. തികഞ്ഞ ഏകാന്ത വാസത്തിലാണിവർ, പുറമേയുള്ളവർക്ക്‌ ഇവരെക്കുറിച്ച്‌ ഒന്നും തന്നെ അറിയില്ല.

ലിറ്റിൽ ആൻഡമാനിലെ ആദിവാസികളാണ്‌ ഓംഗേകൾ. വേട്ടയാടലും അമ്പും വില്ലും ഉപയോഗിച്ചുള്ള മീൻപിടുത്തവും ആണ്‌ ഇവരുടെ തൊഴിൽ. ഇന്ന് നാഗരിക മനുഷ്യരുമായി ഇടചേർന്ന് ജീവിക്കുന്നു. ദ്വീപുകളുടെ ഭരണസംവിധാനമായ പ്രദേശ്‌ കൌൺസിലിൽ ഓംഗേകളുടെ പ്രതിനിധിയും ഉണ്ട്‌.

ആൻഡമാൻ ദ്വീപുകളിലെ തെക്കേയറ്റത്തെ ദ്വീപായ ലിറ്റിൽ ആൻഡമാൻ ദ്വീപിൽ അധിവസിക്കുന്ന ആദിവാസിവർഗ്ഗമാണ്‌ ഓങ്കി .പൊതുവേ ഓങ്കികൾ വളരെ ഉയരം കുറഞ്ഞവരാണ്.  ഒരു കോണകം മാത്രമുടുക്കുന്ന പുരുഷന്മാർ മരത്തൊലികൊണ്ടുള്ള ഒരു അരപ്പട്ട ഇതിനോടൊപ്പം ധരിക്കുന്നു. ഇത് ആയുധങ്ങൾ കൊണ്ടുനടക്കാനും അവരെ സഹായിക്കുന്നു. സ്ത്രീകൾ ഇലകൊണ്ടുള്ള പാവാടയാണ് ധരിക്കുന്നത്..ഓങ്കേ സ്ത്രീകൾ, ചുവപ്പും വെളുപ്പും നിറമുള്ള കളിമണ്ണ് കുഴമ്പ് ഉപയോഗിച്ച് തങ്ങളുടേയും പുരുഷന്മാരുടേയും തലയിലും ദേഹത്തും ചിത്രങ്ങൾ വരക്കുന്നു. ഓങ്കേകളിലെ ഓരോ കൂട്ടവും ഏതാണ്ട് പന്ത്രണ്ടോളം കുടുംബങ്ങൾ അടങ്ങിയതായിരിക്കും. ഓരോ കൂട്ടത്തിനും നായാട്ടിനും മീൻ പിടുത്തത്തിനും പരസ്പരം അംഗീകരിച്ച മേഖലകൾ ഉണ്ടാകും.കമ്പുകളും ഇലകളും കൊണ്ടുണ്ടാക്കിയ ഒരു വലിയ കുടിൽ ഇവരുടെ ഓരോ ഗ്രാമത്തിലുമുണ്ടാകും. ഈകുടിലിലാണ് ഒരു കൂട്ടത്തിലെ എല്ലാവരും ഒരുമിച്ച് പാർക്കുന്നത്. കുടിലിന്റെ ചില ഭാഗങ്ങൾ ഓരോ കുടുംബങ്ങൾക്കുമായി വിഭജിച്ചിട്ടുണ്ടാകും.തങ്ങൾക്ക് കിട്ടുന്ന എന്തും ഓങ്കേകൾ ഭക്ഷണമാക്കുന്നു. കടലിൽ നിന്നും വലിയ ആമകളേയും മത്സ്യങ്ങളേയും കാട്ടിൽ നിന്ന് കാട്ടുപന്നികളേയും പക്ഷികളേയും ഇവർ
കുന്തമോ അമ്പോ ഉപയോഗിച്ച് പിടിക്കും.
ഇതിനു പുറമേ കാട്ടിൽ നിന്ന് തേനും ശേഖരിക്കുന്നു. അമ്പുകളുടെ അഗ്രം നിർമ്മിക്കുന്നതിനായുള്ള ലോഹക്കഷണങ്ങൾ, മുൻപ് കപ്പലപകടങ്ങൾ വഴി ലഭിച്ചവയാണ്.നിക്കോബാർ ദ്വീപുകളുടെ തെക്കെ അറ്റത്ത്‌ ഗ്രേറ്റ്‌ നിക്കോബാരിൽ വസിക്കുന്ന ഷോംബനുകളും മുഖ്യധാരയിലേക്കെത്താൻ വിമുഖത കാണിക്കുന്നവരാണ്‌.  വേട്ടയാടി കിട്ടുന്നത്‌ കഴിച്ച്‌ ഇവർ ഇന്നും വനാന്തരങ്ങളിൽ കഴിയുന്നു. സർക്കാർ ഇവർക്കായി ഡോക്ടർമാരെയും സാമൂഹ്യപ്രവർത്തകരേയും നിയോഗിച്ചിട്ടുണ്ട്‌. മറ്റ്‌ ആദിവാസികളെ പോലെ തന്നെ നാളെയെ കുറിച്ചുള്ള ചിന്ത ഇവർക്കുമില്ല.(വിവരങ്ങൾക്ക് കടപ്പാട്)

ഞങ്ങൾ പോയ ചില  സ്ഥലങ്ങളിൽ  ,ഫാമിലി ട്രിപ്പ് പ്ലാൻ ചെയ്തപ്പോൾ ഒരിക്കൽ കൂടി പോകാൻ പറ്റി .അതിലൊന്നാണ് ബ്രിട്ടീഷുകാരുടെ ആസ്ഥാനമായിരുന്ന റോസ് ഐലന്റ് .അവിടത്തെ വിശേഷങ്ങളും ബ്രിട്ടീഷുകാർ തന്നെ സെല്ലുലാർ ജയിലിൽ തടവുകാരാവുകയും അടിമപ്പണി ചെയ്യേണ്ടി വരികയും ചെയ്ത ചരിത്രവും അടുത്ത ഭാഗത്തിൽ എഴുതാം










09 January 2017

ആൻഡമാൻ യാത്രയുടെ ഓർമക്കുറിപ്പുകൾ - ഭാഗം 2

കപ്പലിന്റെ മുകൾ തട്ടിൽ കാറ്റും കൊണ്ട് കിടന്ന ഞാൻ ,രാത്രി ഭക്ഷണത്തിനുള്ള അനൗൺസ്മെന്റ് കേട്ടാണ് എഴുന്നേറ്റത് .താഴെ കൗണ്ടറിൽ ചെന്ന് കൂപ്പൺ വാങ്ങി ഭക്ഷണ ശാലയിലേക്ക് പോയി .ഡോക്ടറുടെ സർട്ടിഫിക്കറ്റുള്ള രോഗികൾക്കല്ലാതെ പാഴ്സൽ തരില്ല .അവിടിരുന്ന് തന്നെ കഴിക്കണം .കിട്ടിയതൊക്കെ എങ്ങനെയെങ്കിലും തിന്നു തീർത്തു .പതുക്കെ ബർത്തിലേക്ക് നടന്നു .പഴയതുപോലെ തന്നെ ആടിയാടി. കുറച്ച് കഴിഞ്ഞപ്പോൾ ബർത്തിൽ എല്ലാവരും എത്തി .പരസ്പരം പരിചയപ്പെട്ടു. കൊല്ലം TKM കോളേജിൽ പഠിക്കുന്ന നാലു പേരും അക്കൂട്ടത്തിലുണ്ടായിരുന്നു .അവരുമായി കമ്പനിയടിച്ച് സൊറ പറഞ്ഞ് സമയം കളഞ്ഞു. തിയേറ്ററിൽ ഏതോ ഹിന്ദി പടം ഇടാൻ പോകുന്നതിന്റെ അനൗൺസ്മെന്റ് .കുറേപേർ എഴുന്നേറ്റ് പോയി .പൈസ മുടക്കില്ലല്ലോ .വേറെ ചിലർ ഷെയറിട്ട് കുപ്പിയെടുക്കുന്ന ചർച്ചയിലാണ് .എനിക്കത്ഭുതം തോന്നി ;ഇതൊന്നും അടിക്കാതെ തന്നെ മിക്കവരും പൂസായ അവസ്ഥയിലാണ് .എന്നിട്ടും ഇവൻമാരിതെന്തു ഭാവിച്ചാണോയെന്തൊ .കുറച്ച്  കഴിഞ്ഞപ്പോൾ പതുക്കെ പതുക്കെ എല്ലാം നിശബ്ദം .ഉറക്കമല്ല മയക്കം .

പിറ്റേന്ന് എഴുന്നേറ്റത് തന്നെ പതിനൊന്ന് മണിക്കാണ് .വല്ലാത്ത തലവേദനയും തലകറക്കവും ,പോരാത്തതിന് നല്ല വിശപ്പും .കടൽ ചൊരുക്ക് എന്ന് കേട്ടിരുന്നെങ്കിലും ഇത്രയും പ്രശ്നക്കാരനാണെന്ന് കരുതിയില്ല .എന്തായാലും കുളി കഴിഞ്ഞപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായി .കൂപ്പണെടുത്ത് റെസ്റ്റോറന്റിൽ ചെന്നു .അവിടെ ആകെ തല പെരുക്കുന്ന മണം .മുന്നാല് പിടി വാരിത്തിന്നതേയുള്ളൂ എല്ലാം കൂടി വെളിയിലേക്ക് വരുന്ന പോലെ .ഓടി വെളിയിലിറങ്ങി ഡബ്ബയിലേക്ക് .പരിപാടി കഴിഞ്ഞ് വായും മുഖവും കഴുകി ബാക്കി തിന്നാൻ ചെന്ന ഞാൻ കാണുന്നത് ചങ്ക് തകർക്കുന്ന കാഴ്ചയാണ് .ആട് കിടന്നിടത്ത് ഒരു പൂട പോലും ഇല്ല എന്ന യാഥാർത്ഥ്യം .എന്റെ ഫുഡ് എവിടെയെന്ന് സപ്ലയറോട് ചോദിച്ചു .സാറിന് വേണ്ടന്ന് കരുതി എടുത്ത് വേസ്റ്റിൽ തട്ടിയെന്ന് കശ്മലന്റെ മറുപടി .പടച്ചോനേ ഇനി ഫുഡ് വേണമെങ്കിൽ വീണ്ടും കൂപ്പൺ എടുക്കണം .അവിടേക്ക് പോകണമെങ്കിൽ ഒരു കിലോമീറ്റർ നടക്കണം (അതിശയോക്തി) തിരിച്ചും .വയ്യ ,അല്ല കഴിച്ചിട്ടും വല്യ കാര്യമൊന്നും ഇല്ല വീണ്ടും ഡബ്ബയിൽ തട്ടാനല്ലേ .ബേക്കറി സാധനങ്ങൾ വിൽകുന്ന സ്റ്റോറിൽ ചെന്ന് ഒരു പാക്കറ്റ് ജ്യൂസ് വാങ്ങി ഒരു കേക്കും .അതുമായി വെളിയിലിറങ്ങി .അധികം ആളൊന്നുമില്ല .നല്ല വെയിലും .വീണ്ടും ബെർത്തിലേക്ക് .
അധികം വെറുപ്പിക്കുന്നില്ല .ആ ദിവസവും അങ്ങനെ കഴിഞ്ഞു .ഈ കപ്പൽ എവിടെയെങ്കിലും കുറച്ച് നേരം നിർത്തിയിട്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയിട്ടുണ്ട് .ഇതിന്റെ ആട്ടമൊന്ന് നിന്നേ നെയല്ലോ പക്ഷെ നിർത്തിയില്ല .തിരിച്ച് വന്നപ്പോഴായിരുന്നു ഇതിലും ഭയാനകം .വേറൊരു ദ്വീപിലുള്ള കുറച്ച് ആളുകളെ കയറ്റാനായി പോയതിനാൽ യാത്ര ഒരു ദിവസം കൂടി നീണ്ടു .പോരാത്തതിന് മഴക്കാലവും ശക്തമായ തിരമാലകളും .തുറമുഖം ഇല്ലാത്തതിനാൽ ആ ദ്വീപിൽ കപ്പൽ അടുപ്പിക്കാനാവില്ല .യാത്രക്കാരും ലഗേജുകളും ഒരു ബോട്ടിൽ കയറ്റി കപ്പൽ നങ്കൂരമിട്ടിരുന്നിടത്തേക്ക് കൊണ്ടുവന്നു .താഴേനിന്ന് ചെറിയ സ്റ്റെപ് ലാഡർ വഴിയാണ് അവർ കയറി വരേണ്ടത് . കടൽക്ഷോഭം കാരണം ബോട്ട് അടുപ്പിക്കാനോ ഇതിൽ കയറാനോ കുറേ നേരത്തേക്ക് കഴിഞ്ഞില്ല .ബോട്ട് പൊങ്ങിയും താഴ്ന്നും ശരിക്കും അവരെ വെള്ളം കുടിപ്പിക്കുകയും കുളിപ്പിക്കുകയും ചെയ്തു .അന്നത്തെ ദിവസവും രാത്രിയും ആരും ഡക്കിൽ പോകരുതെന്ന് അറിയിപ്പ് കിട്ടി .ചില സമയം തിരമാലകൾ ഡക്കിന് മുകളിൽ വരെ വന്നു വീഴുന്നുണ്ടായിരുന്നു .പിറ്റേന്ന് വെയിലിൽ ഉപ്പ് തരികളായ് കിടന്നത് രസമുള്ള കാഴ്ചയായിരുന്നു .

അങ്ങനെ മൂന്നാമത്തെ ദിവസം പൊട്ടി വിടർന്നു .ഇന്നെന്തായാലും കപ്പൽ പോർട്ട് ബ്ലയറിൽ എത്തും എന്ന ചിന്ത തന്നെ ഉത്സാഹഭരിതനാക്കി .മാത്രവുമല്ല അസ്തമയം അല്ലാതെ സൂര്യോദയം ഇതുവരെ കപ്പലിൽ നിന്ന് കണ്ടതുമില്ല .അതിനായ്‌ നേരത്തേ തന്നെ എഴുന്നേറ്റ് മുകളിൽ പോയി .തണുത്ത കാറ്റ് , ശാന്തമായ കടൽ .കുറച്ച് പേർ ആഞ്ഞ് വലിച്ച് പുകക്കുന്നുണ്ട് .പതിയെ അരുണ കിരണങ്ങൾ ഉയർന്നു വന്നു .ഒരു കോഫിയും കുടിച്ച് കുറേ നേരം അവിടെയിരുന്നു .പിന്നെ പ്രഭാതകൃത്യങ്ങൾ .കുളി കഴിഞ്ഞപ്പോൾ ഒരു ഉൻമേഷം തോന്നുന്നുണ്ട് .ബ്രേക്ക് ഫാസ്റ്റ് നല്ല രീതിയിൽ തന്നെ അകത്താക്കി .എപ്പോൾ പോർട്ട് ബ്ലയറിൽ എത്തുമെന്ന് പതിവുകാരോട് അന്വേഷിച്ചു .ഉച്ചയാവുമെന്ന് മറുപടി .ഇപ്പോൾ പത്ത് മണി .ദ്വീപുകൾ കണ്ടുതുടങ്ങാൻ സമയമായെന്ന് ചിലർ പറഞ്ഞു. ങാഹാ അതൊക്കെ കാണണമല്ലോ .മുകളിലേക്ക് കയറി .മിക്ക ആളുകളും ഡെക്കിലേക്ക് പോകുന്നുണ്ട് .മുഖത്ത് സന്തോഷം ,രണ്ട് ദിവസമായില്ലേ കര കണ്ടിട്ട് അതിന്റെയാവും  .ചരക്ക് കപ്പലുകളിൽ പോകുന്നവർ എത്രയോ ആഴ്ചകൾ കഴിഞ്ഞാവും കര കാണുക എന്ന് ഞാനോർത്തു .കപ്പലിന്റെ മുൻഭാഗത്ത് ചെന്നു .ഇവിടാവുമ്പോ എവിടെ ദ്വീപ് കണ്ടാലും മിസ്സാവില്ല .എനിക്ക് പിറകിൽ ഒരു ബഹളം .ആളുകൾ മച്ചി മച്ചി എന്ന് ആർത്ത് വിളിക്കുന്നു .എല്ലാവരും അവിടെ താഴോട്ട് കമിഴ്ന്ന് കിടന്ന് നോക്കുന്നു .നോക്കുമ്പോൾ രസകരമായ കാഴ്ചയാണ് .വലിയ മീനുകൾ കപ്പലിനൊപ്പം നീന്തി രസിക്കുന്നു .കൂട്ടം ചേർന്നുള്ള നീന്തൽ മത്സരമാണ് .കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരു കൂട്ടർ വന്നു പറക്കും മീനുകൾ  (Flying fish). അവ വെള്ളത്തിന് മുകളിലൂടെ ചാടി / പറന്ന് പോകുന്നു .അഞ്ച് പത്ത് മീറ്റർ ദൂരേക്കാണ് അവ ചാടി വീഴുന്നത് .വാലുകൾ വെള്ളത്തിൽ ഒരു വര വരച്ചുകൊണ്ടാണ് പോക്ക് .ഇവയുടെ ദേഹത്ത് വെയിലേറ്റ് തിളങ്ങുന്ന കാഴ്ച മനോഹരമായിരുന്നു .പറയേണ്ടുന്ന ഒരു കാര്യം കടൽ മാറിയപ്പോൾ മത്സ്യങ്ങളുടെ ഇനവും മാറിയെന്നതാണ് .അറബിക്കടലിൽ നിന്ന് നമുക്ക് കിട്ടുന്ന മീനുകളല്ല ബംഗാൾ ഉൾക്കടലിലുള്ളത് .മനുഷ്യരെ പോലെ അവക്കും പ്രത്യേകം രാജ്യവും (ചിരിക്കുന്ന ഇമോ) ജീവിത സാഹചര്യവും ഉണ്ടാവുമോ എന്തോ ?

ഏകദേശം പതിനൊന്ന് മണിയോടു കൂടി ആദ്യത്തെ ദ്വീപ് കണ്ടു .ചെറിയൊരു ദ്വീപ് .ചുറ്റും കുഞ്ഞു തിരമാലകൾ .വെയിലേറ്റ് തിളങ്ങുമ്പോൾ ദ്വീപിനെ വെള്ളിക്കൊലുസണിയിച്ചതു പോലെ .അത് കണ്ണിൽ നിന്ന് മറഞ്ഞു .വീണ്ടും അകലെയൊന്ന് .പിന്നെയും കടൽ മാത്രം. ശെടാ ഇതെവിടെയുമെത്തിയില്ലേ .ആദ്യത്തെ ആശ്വാസം നിരാശക്ക് വഴിമാറി .പിന്നെ പിന്നെ ദ്വീപുകളുടെ കൂട്ടങ്ങൾ .ഭൂരിഭാഗത്തിലും ആൾ താമസം ഇല്ല .ആധുനിക മനുഷ്യന്റെ കാൽപാടു പോലും പതിയാത്തത് .അവിടുത്തെ ആദിമവാസികളെക്കുറിച്ച് പിന്നീട് പറയാം .ചരിത്രവും മിത്തുകളും കൂടിച്ചേർന്നത് .അവിശ്വസനീയമായത് പോലും അക്കൂട്ടത്തിലുണ്ട് .ഷെർലക് ഹോംസിന്റെ കഥയിൽ പോലും ഒരു കഥാപാത്രം നമ്മുടെ ആൻഡമാൻ വാസിയാണ് .വായിച്ചിട്ടുള്ളവർ ഓർക്കുന്നുണ്ടാവും .എന്തായാലും കാഴ്ചകൾ കണ്ട് രസിച്ചങ്ങനെ നിന്ന് ഉച്ചയൂണിനുള്ള അറിയിപ്പ് അവഗണിച്ചു .ഇനി വീട്ടിൽ ചെന്നിട്ടാവാം എന്ന് കരുതി .ഇതിപ്പോൾ അങ്ങു ചെല്ലുമല്ലോ .പക്ഷെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് സംഭവം പിന്നെയുമങ്ങനെ ഒഴുകുകയാണ് .മണി ഒന്ന് ,രണ്ട് ,മൂന്ന് .അവസാനം കപ്പൽ രണ്ട് ദ്വീപുകൾക്കിടയിലൂടെ  തിരകളില്ലാത്ത ശാന്തമായ ഭാഗത്തേക്ക് പ്രവേശിച്ചു .അവസാനം കപ്പൽ നങ്കൂരമിട്ടു .
എല്ലാവരും ബാഗുകൾ എടുത്ത് തയ്യാറായിക്കഴിഞ്ഞു. താഴെ ഗേറ്റിന് വെളിയിൽ നിന്ന് മാമ ഞങ്ങളെ കൈ വീശിക്കാണിക്കുന്നുണ്ട് .എല്ലാവരുടെ മുഖത്തും സന്തോഷം ,പുഞ്ചിരി .പക്ഷെ വർഷങ്ങൾക്ക് മുൻപ് തടവുകാരായി ,നരകയാതനയേറ്റ് ഭക്ഷണവും വെള്ളവും കിട്ടാതെ  ഇവിടെയെത്തിയ ഹതഭാഗ്യരെ ഞാനോർത്തു .ബന്ധുക്കളും സുഹൃത്തുക്കളുമല്ല അവരെ സ്വീകരിച്ചത് ബ്രിട്ടീഷുകാരുടെ ചാട്ടവാറും ചങ്ങലയുമായിരുന്നു .അവരുടെ രക്തം വീണ് കറുത്ത കടലിന് മുകളിൽ നിന്ന് അവരുടെ ജീവനെടുത്ത മണ്ണിലേക്ക് ഞങ്ങൾ  ഇറങ്ങിച്ചെന്നു .

ഒരൽപം ചരിത്രം പറഞ്ഞു കൊണ്ട് നമുക്ക് ആൻഡമാൻ കാഴ്ചകളിലേക്ക് നടക്കാം .

മലയ ഭാഷയിലെ Handuman എന്ന പദത്തിൽ നിന്നാണ് ആന്തമാൻ എന്ന പേരു ലഭിച്ചതെന്നു കരുതപ്പെടുന്നു.പുരാതന കാലം മുതൽ ഇവിടെ താമസിച്ചിരുന്ന ആദിവാസികളിൽ നിന്നാണ്‌ നിക്കോബാർ എന്ന പേർ ലഭിച്ചത് . നിക്കോബാർ എന്നതും മലയ ഭാഷയാണ് .അർത്ഥം നഗ്നരുടെ നാട്. ക്രിസ്താബ്ദം672-ൽ ഇവിടെയെത്തിയ ഇത്സങ്ങ്‌ എന്ന ചൈനീസ്‌ യാത്രികനും തഞ്ചാവൂരിലെ പുരാതനരേഖകളും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്‌ നക്കാവരം എന്നാണ്‌, അർത്ഥം നഗ്നരുടെ നാട്‌ എന്നു തന്നെ.
കാലാപാനി എന്നാണ് ഒരിക്കൽ ഈ ദ്വീപു സമൂഹം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാരെ തടവിൽ പാർപ്പിക്കുവാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച സ്ഥലമാണ്‌ ദ്വീപുകൾ. തടവുകാരുടെ ചോര വീണു കറുത്തതിനാലാണത്രെ കാലാപാനി എന്ന പേര്‌ ലഭിച്ചത്.  ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ.കേന്ദ്ര ഭരണ പ്രദേശമാണിത്.വെറും 8249 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം മായാതെ കിടക്കുന്ന ഇവിടം ചരിത്രാന്വേഷികൾക്കും, ശിലായുഗവാസികൾ ഇന്നും വസിക്കുന്നതുകൊണ്ട്‌ നരവംശ ശാസ്ത്രജ്ഞർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ,ഇപ്പോൾ വിനോദസഞ്ചാരികൾക്കും. ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്‌. ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ്‌ ദ്വീപുകൾ. മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുസ്ഥാനിയും ഇവിടെ ഒന്നിച്ചു കഴിയുന്നു. സിക്കും മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും എല്ലാം സാഹോദര്യത്തോടെ ജീവിക്കുന്നു .

ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്.വടക്കുഭാഗത്തുള്ള ആൻഡമാൻ ദ്വീപുസമൂഹത്തിൽ 204 വ്യത്യസ്തദ്വീപുകളാണുള്ളത്. ആൻഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ്. ഈ ദ്വീപുകളിൽ വടക്കേ ആൻഡമാൻ, മദ്ധ്യ ആൻഡമാൻ, തെക്കൻ ആൻഡമാൻ എന്നിങ്ങനെയുള്ള മൂന്നു ദ്വീപുകളാണ് പ്രധാനം. ഈ ദ്വീപുകളെ വേർതിരിച്ചിരിക്കുന്ന ആഴവും, വീതിയും കുറഞ്ഞ ചാലുകളും കണ്ടൽക്കാടുകളും, ഈ ദ്വീപുകളെല്ലാം പണ്ട് ഒരൊറ്റ ദ്വീപായിരുന്നു എന്ന് കാണിക്കുന്നു.
തെക്കുഭാഗത്തെ ദ്വീപുസമൂഹമായ നിക്കോബാർ ദ്വീപുകൾ പത്തൊമ്പത് ദ്വീപുകളുടെ സമൂഹമാണ്. ഈ ദ്വീപുകളിൽ ഏഴ് എണ്ണത്തിൽ മനുഷ്യവാസമില്ല. ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാർ ആണ് ഏറ്റവും വലിയ ദ്വീപ്. 133 ചതുരശ്രമൈൽ ആണ് ഇതിന്റെ വിസ്തീർണ്ണം. ഇന്തോനേഷ്യയിലെ സുമാത്രയിൽ നിന്ന് 90 മൈൽ ദൂരം മാത്രമാണ് ഈ ദ്വീപിലേക്കുള്ളത്
അനേകായിരം വർഷങ്ങൾക്കു മുമ്പുതന്നെ ആന്തമാൻ ദ്വീപു സമൂഹങ്ങളിൽ മനുഷ്യ വാസമുണ്ടായിരുന്നുവെന്നാണ് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. ദ്വീപുകളിൽ നടത്തിയ ഏറ്റവും പുതിയ പുരാവസ്തു ഗവേഷണങ്ങൾ പ്രകാരം 2200 വർഷങ്ങൾക്കു മുമ്പുവരെയുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ദ്വീപിലെ ആദിവാസികളുടെ ജനിതക, സാംസ്കാരിക, ഭാഷാ പശ്ചാത്തലങ്ങളനുസരിച്ച് മുപ്പതിനായിരം മുതൽ അറുപതിനായിരം വർഷങ്ങൾക്കു മുൻപേ ആന്തമാനിൽ മനുഷ്യ വാസമുണ്ടെന്നാണ് ഗവേഷകർ അനുമാനിക്കുന്നത് .ബംഗാൾ ഉൾക്കടലിലെ ഒരു സുപ്രധാന കേന്ദ്രം എന്ന നിലയിലാണ് ദ്വീപുകളെ പ്രയോജനപ്പെടുത്തുവാൻ വെള്ളക്കാർ ആദ്യം തീരുമാനിച്ചത്‌. 1777-ൽ ദ്വീപുകൾ സർവ്വെ ചെയ്യാൻ ജോൺ റിച്ചി നിയോഗിതനായി 1788-ൽ ക്യാപ്റ്റൻ ആർച്ചിബാൾഡ്‌ ബ്ലയർ ആണ്‌ സർവ്വേ പൂർത്തിയാക്കിയത്‌ അക്കൊല്ലം തന്നെ ബ്രിട്ടീഷുകാർ അവിടെ കോളനിയും സ്ഥാപിച്ചു. 270 തടവുകാരേയും 500 നു മുകളിൽ ജനങ്ങളേയും ആണ്‌ ആദ്യമായി ദ്വീപിൽ പാർപ്പിച്ചത്‌. പക്ഷേ വൻകരയിൽ നിന്ന് ഒറ്റപെട്ടനിലയിൽ ആദിവാസികളുടെ ആക്രമണത്തേയും പകർച്ചവ്യാധികളെയും അവർക്ക്‌ പ്രതിരോധിക്കാനായില്ല. 1795-ൽ കോളനി ഉപേക്ഷിക്കപ്പെട്ടു. അതിനു ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ നിക്കോബാർ ദ്വീപുകൾ ഒരു മലയൻ കൊള്ളസംഘത്തിന്റെ ആസ്ഥാനമായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഒരു വിമതനായിരുന്നു ഇവരുടെ നേതാവ്. ബംഗാൾ ഉൾക്കടലിലെ കടൽക്ഷോഭം മൂലം കപ്പലുകൾ പലപ്പോഴും നിക്കോബാർ തീരത്ത് അടുക്കാറുണ്ടായിരുന്നു. കൊള്ളക്കാർ ഇത്തരം കപ്പലുകൾ പിടിച്ചെടുക്കുകയും അതിലെ ചരക്കുകൾ സ്വന്തമാക്കി കപ്പലിലുള്ളവരെ വധിക്കുകയും ചെയ്തിരുന്നു. ഈ വാണിജ്യപാതയുടെ സംരക്ഷണത്തിനായി ബ്രിട്ടീഷുകാർ പിന്നീട് ഈ ദ്വീപുകൾ അവരിൽ നിന്ന് പിടിച്ചെടുത്തു. അതിന് ശേഷം 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ചാണ്‌ ആന്തമാൻ ദ്വീപിനെ ബ്രിട്ടീഷുകാർ വീണ്ടും ഉപയോഗപ്പെടുത്തുന്നത്‌. ശിപായിലഹള എന്നവർ പേരിട്ട സമരത്തിൽ പങ്കാളികളായ 1000-ൽ അധികം പേരെ നാടുകടത്താൻ ദ്വീപ്‌ തിരഞ്ഞെടുത്തു. 1858 മാർച്ച്‌ നാലാം തിയതി ഇരുനൂറ്‌ തടവുകാരുമായി ആദ്യ കപ്പൽ ആന്തമാൻ ദ്വീപിലെത്തി. കൊൽക്കത്തയിൽ നിന്നു തിരിച്ച സംഘത്തിൽ രണ്ട്‌ ഡോക്ടർമാരും 50 നാവികരും ഉണ്ടായിരുന്നു. ഡോ. ജെ.പി. വാൾക്കർ ആയിരുന്നു നേതാവ്‌. പ്രതികൂലാവസ്ഥയിലും തടവുകാരെ ഉപയോഗിച്ച്‌ പോർട്ട്‌ ബ്ലയറും, റോസ്സ്‌ ദ്വീപും മനുഷ്യവാസയോഗ്യമാക്കപ്പെട്ടു. തടവുകാർ സഹനത്തിന്റെ അതിർവരമ്പുകൾ കണ്ടുതുടങ്ങി. ബീഹാറിൽ നിന്ന് ജീവപര്യന്തം തടവുകാരനായെത്തിയ നാരായൺ ഒരു ചെറുബോട്ടിൽ രക്ഷപെടാൻ ശ്രമിച്ചു. പക്ഷേ ഗാർഡുകൾ അയാളെ പിടികൂടി വെടിവെച്ചു കൊന്നു. ദ്വീപുകളിൽ സ്വാതന്ത്ര്യത്തിനു വേണ്ടി വീണ ആദ്യത്തെ രക്തത്തുള്ളി  നാരായണന്റേതായിരിക്കണം . തടവുകാർ പിന്നീടും വന്നുകൊണ്ടിരുന്നു. നിരവധിപേർ മരണമടഞ്ഞു, പലരും രക്ഷപെടാൻ ശ്രമിച്ചു. അവരെയെല്ലാം പിടികൂടി പരസ്യമായി തൂക്കിക്കൊന്നു. ഇക്കാലയളവിൽ 87 പേരാണ്‌ ഇങ്ങനെ കൊല്ലപ്പെട്ടത്‌.1921ലെ മലബാർ കലാപത്തിൽ പങ്കാളികളായയവരെ അന്തമാൻ സ്കീം പ്രകാരം നാടുകടത്തിയതും ഈ ദ്വീപിലേക്കായിരുന്നു. ഇന്ന് ദ്വീപിലുള്ള മലയാളികളിൽ പലരും അവരുടെ പിന്തുടർച്ചക്കാരാണ് .
(വിവരങ്ങൾക്ക് കടപ്പാട്)

ഇടക്കിടക്ക് ഇനിയും കുറേശ്ശെ ചരിത്രം വരും .അതുകൊണ്ട് ബോറടിക്കില്ല .സഞ്ചാരികളായ നാം ചെല്ലുന്ന സ്ഥലങ്ങൾ ആസ്വദിക്കുന്നതോടൊപ്പം അവിടുത്തെ ചരിത്രവും കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു .നിങ്ങളെ വീണ്ടും ഞാൻ കപ്പലിറങ്ങിയ സ്ഥലത്തേക്ക്  കൊണ്ട് പോവുകയാണ് .
ആദ്യമായാണ് മാമായുടെ രണ്ട് ആൺമക്കളെ കാണുന്നത് .അവർ ഞങ്ങളുടെ ബാഗുകൾ അങ്ങേറ്റെടുത്തു .മാമ എന്റെ കൈ പിടിച്ച് നടന്നു .പോകുന്ന വഴി അവിടുത്തെ സ്ഥലങ്ങളുടെ ഏകദേശ വിവരങ്ങൾ പറഞ്ഞു തന്നു .ചെറിയ ഒരു പാലം കടന്ന് ഞങ്ങൾ അടുത്ത ദ്വീപിലേക്ക് പ്രവേശിച്ചു .ഇതാണ് ചാത്തം ഐലൻറ് .ഏഷ്യയിലെ ഏറ്റവും വലിയ സാമിൽ ഇവിടെയാണ് .മുൻപ് തടികൾ കയറ്റുമതി ചെയ്തിരുന്നു, ഇപ്പോഴില്ല .ഭീമൻ മരങ്ങൾ അടുക്കിയിട്ടിരിക്കുന്നു .വളരെ ചെറിയൊരു ദ്വീപാണ് ഇത് .രണ്ടാം ലോകയുദ്ധത്തിൽ ബോംബ് വീണ ഗർത്തം ഇവിടെയുണ്ട് .ഇവിടുന്ന് കുറേ പോകണോ വീട്ടിലേക്ക് ? ഞാൻ ചോദിച്ചു .ദാ ആ കാണുന്നതാണ് വീട് .അപ്പുറത്തുള്ള ദ്വീപിലെ ഒരു ചെറിയ കുന്ന് ചൂണ്ടി മാമ പറഞ്ഞു .ചാത്തം ഐലന്റിലെ ബോട്ട് ജെട്ടിയിൽ നിന്ന് രണ്ട് രൂപ ടിക്കറ്റെടുത്ത് ബോട്ടിൽ കയറി .അഞ്ച് മിനിറ്റ് കൊണ്ട് അക്കരെയെത്തി .ബോട്ടിൽ നിന്ന് കാലെടുത്ത് വെക്കുന്നത് പോലീസ് സ്റ്റേഷന്റെ മുറ്റത്തേക്കാണ് .ഇതാണ് ബംബൂ ഫ്ലാറ്റ് എന്ന സ്ഥലം .റോഡും കടലും അതിരു പങ്കിടുന്നു .എന്റെ വൈകുന്നേരങ്ങളിൽ എത്രയോ തവണ ആളുകൾ ചൂണ്ടയിടുന്നതും നോക്കി കാറ്റുമേറ്റ് ഇരുന്ന സ്ഥലം .റോഡിൽ നിന്ന് മൺപാതയിലേക്ക് കയറി ഞങ്ങൾ വീട്ടിലെത്തി .ഇവിടെ നിന്നാൽ കടലും തുറമുഖവും നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകളും കാണാം .

വീട്ടിൽ ബന്ധുക്കളും അയൽക്കാരുമൊക്കെ കാത്തിരിക്കുകയാണ് ഞങ്ങൾക്ക് വേണ്ടി .ആരും ഭക്ഷണം കഴിച്ചിട്ടില്ല .ശരി ഇനി ഭക്ഷണം കഴിച്ചിട്ടാവാം സംസാരമൊക്കെ .വേഗം ഡ്രസ് മാറി വന്നു .തമിഴ്നാട്ടിലൊക്കെ കിട്ടുന്ന പോലുള്ള ബിരിയാണിയായിരുന്നു വിഭവം .ആകെ മസാലക്കൂട്ടുകളുടെ സമ്മേളനം .നമ്മുടെ കൈതയോല പോലുള്ള ഒരിനം ഇല കൊത്തിയരിഞ്ഞ് ഇട്ടിരിക്കുന്നു .അതിനും കറുക ഇലയുടെ ഗന്ധം .വിശന്ന് വലഞ്ഞതിനാൽ ഒന്നും നോക്കിയില്ല വലിച്ച് വാരിത്തിന്നു .തീറ്റി കഴിഞ്ഞ് ചിലർ റോജാ പാക്കൊക്കെയിട്ട് മുറുക്കിത്തുപ്പി തുടങ്ങി .മറ്റു ചിലർക്ക് ഉണക്കപ്പാക്ക് (അടക്ക) പുകയില തുടങ്ങിയ സ്വാദൂറും വിഭവങ്ങളോടാണ് താത്പര്യം .അതോടെ വന്നവരൊക്കെ സ്ഥലം വിട്ടു .

രാത്രി ചപ്പാത്തിയും ഡാലുകറിയും കട്ടൻ ചായയുമായിരുന്നു . വീടിന് വെളിയിൽ നിന്ന് തുറമുഖത്തേക്ക് നോക്കിയാൽ കപ്പലുകളും അവയുടെ ലൈറ്റുകളും കാണാം .പായ് വിരിച്ച് തറയിലാണ് കിടന്നത് .കണ്ണടക്കുമ്പോഴൊക്കെ വീടും അതിൽ കിടക്കുന്ന ഞാനും ആടുന്നുണ്ടോ എന്നൊരു സംശയം . കപ്പലിന്റെ ഹാങ്ങോവർ മാറിയിട്ടില്ല .അങ്ങനെ ആൻഡമാനിലെ അദ്യരാത്രി ,സുഖമായി പുതച്ചുമൂടി കിടന്നുറങ്ങി .പിറ്റേന്ന് ഭയങ്കരൻ ഒരു പഴുതാരയെ വീട്ടിനകത്ത് കണ്ടതിന് ശേഷം പിന്നെയാ ഉറക്കം കിട്ടിയിട്ടുമില്ല .മൺ വീടുകളും പരമ്പ് (ഈറ) കൊണ്ട് മറച്ച ഭിത്തികളുമാണ് അന്ന് കൂടുതലും ഉണ്ടായിരുന്നത് .വലിയ പണക്കാർക്ക് മാത്രമാണ് ഇരുനില വീടുകൾ ,അതും പലകയടിച്ച തട്ടും ഓടോ, ഓലയോ ,തകരഷീറ്റോ മേഞ്ഞ മേൽക്കൂരയും .കോൺക്രീറ്റ് ബിൽഡിംഗുകൾ വളരെ വളരെ അപൂർവ്വമായിരുന്നു .

അതിരാവിലെ തന്നെ വീട്ടുകാരെല്ലാം എഴുന്നേറ്റിരുന്നു .ഞാനും എഴുന്നേറ്റ് പുറത്ത് വന്നു .നല്ല കട്ട തണുപ്പ് .പല്ലുതേപ്പ് കഴിഞ്ഞ് കട്ടൻ ചായയും കുടിച്ച് വരാന്തയിൽ ഇരുന്നപ്പോൾ ഒരു കാഴ്ച കണ്ടു ,കുറേ ഞണ്ടുകൾ മുൻപിലുള്ള തെങ്ങുകളിൽ നിന്നിറങ്ങി വരുന്നു .അതും നല്ല മുട്ടൻ സാധനങ്ങൾ .മുകളിൽ കയറി ഇളം കരിക്കു തുരന്ന് ശാപ്പിടലാണ് ഇവൻമാരുടെ വിനോദം .(നമ്മുടെ നാട്ടിലിപ്പോൾ പലയിടത്തും ആഫ്രിക്കൻ ഒച്ചുകളാണ് ശല്യം .) മാമ ജോലിക്ക് പോകാൻ റെഡിയാവുന്നു .സെല്ലുലാർ ജയിൽ എവിടാ .ഇവിടെ അടുത്തെങ്ങാനുമാണോ ?ഞാൻ ചോദിച്ചു.
അത് ബജാറിനടുത്താ .ഞാൻ ആ വഴിക്കാ പോകുന്നത് .ങാഹാ ,എങ്കിൽ ഞാനും വരുന്നു .എനിക്ക് ജയിൽ കാണണം .എടാ നീ വന്നതല്ലേയുള്ളൂ പിന്നീട് പോകാം എന്ന് മാമ .ഇല്ല എനിക്കിന്നു തന്നെ കാണണം .എങ്കിൽ ശരി റെഡിയായിക്കോ .ഞാനെപ്പോഴേ റെഡി .പിന്നെയെല്ലാം പെട്ടന്നായിരുന്നു .കുളിയും കാപ്പി കുടിയും കഴിഞ്ഞ് ഒരുങ്ങിയിറങ്ങി .ജെട്ടിയിൽ വാഹനങ്ങളുൾപടെ കയറ്റുന്ന വലിയ ബോട്ടിൽ ( വെഹിക്കിൾ ഫെറി )കയറി. ബോട്ട് പോകുന്നത് ഫീനിക്സ് ബേ ജെട്ടിയിലേക്കാണ് .ടൂറിസ്റ്റ് സ്പോട്ടുകളിലേക്കും മറ്റ് ദീർഘദൂര ദീപുകളിലേക്കും ഇവിടുന്ന് സർവീസുണ്ട് . ഞങ്ങൾ ബോട്ടിൽ നിന്നിറങ്ങി ബസാറിലേക്ക് നടന്നു .ആൻഡമാന്റെ തലസ്ഥാനമായ പോർട്ട് ബ്ലയറിലെ പ്രധാന സിറ്റിയാണ് അബർദീൻ ബസാർ .നാട്ടുകാർ ബജാർ / ബസാർ എന്നാണ് പറയുന്നത് .സിറ്റി എന്ന് പറയുമെങ്കിലും അത്ര വലിയ സംഭവമൊന്നുമല്ല ,ഒരു ചെറിയ പട്ടണം അത്ര തന്നെ .പോകുന്ന വഴി എനിക്ക് ആ സ്ഥലങ്ങളുടെ ഒരു വിവരണവും ചരിത്രകഥകളുമൊക്കെ മാമായിൽ നിന്ന് കിട്ടിക്കൊണ്ടിരുന്നു. ജയിലിലേക്ക് പോകുന്ന വഴി കാണിച്ച് തന്നിട്ട് മാമ ,മാമാടെ പണിക്ക് പോയി .ഉച്ചയാവുമ്പോൾ ഞാനവിടെ എത്താമെന്നും ഒന്നിച്ചു വീട്ടിൽ പോകാമെന്നും പറഞ്ഞിരുന്നു .

  • ബാജാറിൽ നിന്ന് അൽപം നടന്നാൻ ജയിലിനടുത്തെത്താം. ജയിൽ കവാടത്തിന് മുന്നിൽ കുറച്ച് നേരം നോക്കി നിന്നു .എന്തുമാത്രം ഹതഭാഗ്യരായിരിക്കും ഇതുവഴി കടന്നു പോയിട്ടുണ്ടാവുക .പക്ഷെ അവരിലധികവും പിന്നെ ജീവനോടെ പുറത്ത് പോയിട്ടില്ലെന്ന് ഓർത്തപ്പോൾ ഒരു വിറയൽ കാലിൽ നിന്നരിച്ച് കയറി . 

."ലോകത്ത്‌ ഒരു ദൈവമേയുള്ളു, അദ്ദേഹം സ്വർഗ്ഗത്തിൽ ആണു താമസിക്കുന്നത്‌ .എന്നാൽ പോർട്ട്‌ ബ്ലയറിൽ രണ്ട്‌ ദൈവങ്ങളുണ്ട്‌, ഒന്ന് സ്വർഗ്ഗത്തിലെ ദൈവം പിന്നെ ഞാനും" പുതിയ തടവുകാരെ ചീഫ്‌ വാർഡൻ ഡേവിഡ് ബാരി സ്വീകരിക്കുന്നത്‌ ഇങ്ങനെയായിരുന്നത്രെ. ആ ക്രൂരനായ പിശാചിന്റെ നരകത്തിലേക്ക് ഞാൻ കയറിച്ചെന്നു .....(തുടരും )




ഈ പോസ്റ്റിൽ കൊടുക്കുന്ന ചിത്രങ്ങൾ Andaman &Nicobar Tourism വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നെടുത്തതാണ് .കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ സൈറ്റിൽ നിന്ന് കിട്ടും .വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി .

06 January 2017

ആൻഡമാൻ യാത്രയുടെ ഓർമക്കുറിപ്പുകൾ - ഭാഗം 1

സൗദിയിൽ നിന്ന് ലീവിന് നാട്ടിലെത്തി തിരക്കുകളൊക്കെ ഒഴിഞ്ഞ ഒരു ദിവസം കുറേ പഴയ മാഗസിനുകളും വായിച്ച്   കഴിഞ്ഞ പുസ്തകങ്ങളും എല്ലാമൊന്ന് അടുക്കി വെക്കാമെന്ന് കരുതി .അങ്ങനെ എല്ലാമൊന്നുകൂടി നോക്കി പഴയ കാലങ്ങളിലെ ഓർമകൾ അയവിറക്കി ഇരുന്നപ്പോഴാണ് പഴയൊരു ആൽബവും അതിൽ രണ്ടായിരത്തിലെ (Year 2000)ചെറിയൊരു ഡയറിയും എന്റെ ശ്രദ്ധയാകർഷിച്ചത് .ആൽബത്തിൽ ആൻഡമാനിൽ വെച്ച് പഴയൊരു ക്യാമറയിൽ ഞാനെടുത്ത കുറച്ച് ഫോട്ടോകളും കപ്പൽ ടിക്കറ്റും ഡയറിയിൽ യാത്ര ചെയ്തപ്പോൾ എഴുതിയിട്ട കുറിപ്പുകളും വിവരണങ്ങളുമായിരുന്നു ഉണ്ടായിരുന്നത് .വർഷങ്ങൾക്ക് മുൻപ്  ആൻഡമാനിലേക്ക് നടത്തിയ ഒരു സാഹസിക യാത്രയുടെ (വെറുതെ) ഓർമക്കുറിപ്പുകൾ .ഫോട്ടോകളിൽ മിക്കതും നിറം മങ്ങി തിരിച്ചറിയാൻ പറ്റാത്ത രൂപത്തിലായി .പഴയ ഫിലിം ക്യാമറയുടെ ക്ലാരിറ്റിയും ക്യാമറ കണ്ടിട്ടുപോലും ഇല്ലാത്തവർ എടുത്ത ഫോട്ടോകളും അല്ലങ്കിൽ തന്നെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ .(ഞാനും ആദ്യമായാണ് ക്യാമറ ഉപയോഗിക്കുന്നത് ) ഡയറിയിലെ കുറിപ്പുകൾ വായിച്ചപ്പോൾ ഓർമയിലെ ചിത്രങ്ങൾ മിഴിവേകി മനസിൽ തെളിഞ്ഞു . ആ യാത്രാനുഭവങ്ങളാണ് നിങ്ങളുമായി പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത് .
നിയമപ്രകാരമുള്ള മുന്നറിയിപ്പ് / മുൻകൂർ ജാമ്യം - ഇതിൽ കൊടുക്കുന്ന ചിത്രങ്ങൾ ,ചരിത്രവിവരങ്ങൾ എന്നിവ FB യിൽ നിന്നും മറ്റു ചില സൈറ്റുകളിൽ നിന്നും വിക്കിപീഡിയയിൽ നിന്നും  എടുത്തിട്ടുണ്ട് .എല്ലാവരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു .
    ആൻഡമാനിലേക്ക് പോകാനുണ്ടായ സാഹചര്യത്തിന്റെ ചെറിയൊരു കുടുംബ പശ്ചാത്തലം പറഞ്ഞു കൊണ്ട് നമുക്ക് യാത്ര തുടങ്ങാം .എന്റെ ഉമ്മായുടെ ഏറ്റവും മൂത്ത സഹോദരൻ ദാവൂദ് എന്നയാൾ ,അതായത് എന്റെ മാമ (uncle) വർഷങ്ങൾക്ക് മുൻപ് ആൻഡമാനിലേക്ക് കുടിയേറിയ ആളായിരുന്നു (നാടുവിട്ടതാണ്) അദ്ദേഹം അവിടെ ഒരു മലയാളി കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുടെ പിതാവാകുകയും ചെയ്തു .അന്നത്തെ പത്താം ക്ലാസ് പാസായ ആളായതിനാൽ അവിടെ ഇലക്ടിസിറ്റി വകുപ്പിൽ ജോലി ലഭിക്കുകയും ചെയ്തു .അങ്ങനെ കാലമേറെ കഴിഞ്ഞ് കേരളത്തിലെത്തിയ മൂത്ത മകനോടൊപ്പം പോയി മരുമകളെയും കൊച്ചുമക്കളെയും കാണണമെന്ന് ഉമ്മാമാ ക്ക് നിർബന്ധം .അവസാനം അവരുടെ വാശിക്ക് മുന്നിൽ മക്കൾ സമ്മതം മൂളി .അങ്ങനെ അവർ ആൻഡമാനിലെത്തി .ഉജ്ജ്വലമായ വരവേൽപാണ് അവർക്ക് ലഭിച്ചത് .ആദ്യമായി അവിടെയെത്തിയ അവരോടുള്ള സ്നേഹം അവരെ കീഴ്‌പെടുത്തിക്കളഞ്ഞു .അതു കൊണ്ട് തിരിച്ച് വരാൻ അവരുടെ മനസ് ആഗ്രഹിച്ചിട്ടുണ്ടാവില്ല .ഒരു മാസത്തിന് ശേഷം തിരിച്ച് വരാൻ ടിക്കറ്റെടുത്ത്, സാധനങ്ങളും പായ്ക് ചെയ്ത് ,കപ്പൽ കയറേണ്ട ദിവസം ഒരുങ്ങി ബോട്ട് വരാൻ ഇനിയും സമയമുള്ളതിനാൽ കട്ടിലിൽ അൽപ നേരം കിടന്നു .പിന്നെ എഴുന്നേറ്റില്ല .
മരണപ്പെട്ടതിന്റെ പിറ്റേ വർഷം രണ്ടാമത്തെ മകൻ ( ഉമർ ) മാതാവിന്റെ ഖബർ സിയാറത്ത്‌ ചെയ്യാൻ ആൻഡമാനിലേക്ക് പോകാൻ തീരുമാനിക്കുന്നു .പഠിത്തമൊക്കെ ഉപേക്ഷിച്ച്, ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന എന്റെ മനസിൽ അഞ്ചാറു ലഡു ഒന്നിച്ച് പൊട്ടുന്നു . ജോലിയൊക്കെ വലിച്ചെറിഞ്ഞ്‌ ഞാനും ആൻഡമാനിലേക്ക്  പോകുന്നു എന്ന് പ്രഖ്യാപിക്കുന്നു. അമ്മാവനെ പോലെ ഞാനും അവിടങ്ങാനും  പോയി പെണ്ണ് കെട്ടി തിരിച്ച് വന്നില്ലങ്കിലോ എന്ന് വിചാരിച്ചാവും ആദ്യം ഭയങ്കര എതിർപ്പായിരുന്നു .അവസാനം കാലുപിടിച്ച് സമ്മതം വാങ്ങി .പലരുടെയും കാല് പിടിച്ച് കുറച്ച് പണവും .അങ്ങനെ കാലാപാനി എന്ന വിളിപ്പേരുള്ള ആൻഡമാനിലേക്ക് ,ചരിത്ര ഭൂമിയിലേക്ക് ,അത്ഭുതവും വേദനയും തന്ന കാഴ്ചകളിലേക്ക് ഞാനും യാത്രയാവുകയാണ് .





Part 2

യാത്രയുടെ ആരംഭം

2000 ഏപ്രിൽ നാലിന് കൊല്ലം- എഗ്മൂർ ട്രെയിനിൽ പുനലൂർ നിന്നും ചെങ്കോട്ട വഴി അവിസ്മരണീയമായ ആ യാത്ര ആരംഭിച്ചു.കാടും പച്ചപ്പും നിറഞ്ഞ സഹ്യന്റെ മടിത്തട്ടിലൂടെ, തമിഴ്നാട്ടിലെ വെളിമ്പ്രദേശങ്ങളിലൂടെ ഞങ്ങളുടെ മീറ്റർഗേജ് ട്രെയിൻ അങ്ങനെ പതുക്കെ പൊയ്ക്കൊണ്ടിരുന്നു .പിറ്റേ ദിവസം ഉച്ചക്ക് എഗ്മൂർ എത്തി .ഒരു ഓട്ടോ വിളിച്ച് പാരീസിൽ ചെന്ന് റൂമെടുത്തു. (ചെന്നൈയിലുമുണ്ടൊരു പാരിസ്) ഇതിനടുത്താണ് സീപോർട്ട് .ലോഡ്ജിലന്വേഷിച്ചപ്പോൾ രണ്ട്  ദിവസം കഴിഞ്ഞ് ഒരു കപ്പലുണ്ട്‌ .പക്ഷെ ടീച്ചർ സെയിലിംഗാണ് .ടിക്കറ്റ് കിട്ടുമോയെന്നറിയില്ല .കിട്ടിയില്ലേൽ പിന്നെ അടുത്ത ആഴ്ചയേ കപ്പലുള്ളൂ .എന്തായാലും ഒന്ന് ശ്രമിക്കാമെന്ന് കരുതി .അപ്പോൾ തന്നെ ടിക്കറ്റ് കൗണ്ടറിലെത്തി ക്യൂവിൽ സ്ഥലം പിടിച്ചു .ഫോം വാങ്ങി പൂരിപ്പിച്ച് ഫോട്ടോകളുമായി എന്റെ ഊഴമെത്തിയപ്പോൾ നിരാശയായിരുന്നു ഫലം .എന്തൊക്കെ പറഞ്ഞിട്ടും അണ്ണാച്ചി സമ്മതിക്കുന്നില്ല .

ഉച്ചക്ക് കൗണ്ടർ അടക്കാൻ പോകുന്നു .പോയിട്ട് വൈകിട്ട് വാ .ഐലന്റേഴ്സ് ആരുമില്ലേൽ കിടയ്കും എന്ന് പറഞ്ഞ് അയാൾ കൗണ്ടർ അടച്ചു .ഞങ്ങളെവിടെ പോകാൻ ,അവിടത്തന്നെ നിന്നു .ടിക്കറ്റ് കിട്ടാത്തതിൽ എനിക്ക് വലിയ നിരാശയൊന്നും തോന്നിയില്ല .പഴയ മദ്രാസ് ചുറ്റിക്കറങ്ങാൻ ഒരവസരമാണ് കിട്ടുന്നത് .സന്തോഷം .പക്ഷെ മാമായ്ക്ക് അത്ര സന്തോഷമൊന്നും കാണാനില്ല .കാര്യം ഒരാഴ്ച റൂം വാടക ,ഭക്ഷണം ചിലവ് കൂടും .കൂടാതെ ഏപ്രിലിലെ കൊടും ചൂടും .തീക്ഷ്ണമായ വെയിലിൽ ചെന്നൈ ഉരുകുകയാണ് .

ക്യൂവിൽ നിന്നവരെല്ലാം സ്ഥലം കാലിയാക്കി .ഞങ്ങളവിടൊരു മരത്തിന്റെ ചുവട്ടിൽ അങ്ങനെ ഇരുന്നു .കുറച്ച് കഴിഞ്ഞപ്പോൾ കിളിവാതിൽ തുറന്ന് ഒരു തല വെളിയിൽ വന്നു .ടിക്കറ്റ് കൗണ്ടറിലെ അണ്ണാച്ചി .ടിക്കറ്റ് തരാത്ത സാധനം .ഞാൻ മൈൻഡ് ചെയ്തില്ല .മാമ പ്രതീക്ഷയോടെ അയാളെ നോക്കുന്നുണ്ട് .ടേയ് നിങ്ങൾക്ക് ബങ്ക് ക്ലാസ് മതിയോ ?എങ്കിൽ വേഗം വാ എന്ന് മലയാളത്തിൽ ഒരു പേച്ച് .ഞാൻ വാ പൊളിച്ചു .ങേ ഇത് നമ്മ ആള് ,തനി മലയാളി .പെട്ടന്ന് തന്നെ ചാടിയെഴുന്നേറ്റു .ബങ്കെങ്കിൽ ബങ്ക് എന്തെങ്കിലുമാകട്ടെ .മറ്റുള്ളവർ നിൽകുമ്പോൾ തന്നാൽ അവർ പ്രശ്നമുണ്ടാക്കും എന്നൊരു മുൻകൂർ ജാമ്യത്തോടെ ടിക്കറ്റ് തന്നു .(മറ്റു സ്‌റ്റേറ്റുകളിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ഐലന്റേഴ്സിന് മാത്രമുള്ളതാണ് ടീച്ചർ സെയിംലിംഗ്.ഇതിൽ മറ്റുള്ളവർക്ക് സാധാരണ ടിക്കറ്റ് കൊടുക്കാറില്ല ) .അണ്ണന് രണ്ട് താങ്ക്സ് പറഞ്ഞ് അവിടെ നിന്നിറങ്ങി .ട്രെയിനിൽ ഭക്ഷണം കഴിച്ചതിനാൽ റൂമിലെത്തി കുളിച്ച് ഡ്രസ് മാറി ചെറുതായിട്ടൊന്ന് ഉറങ്ങി .വെയിലൊന്ന് തണുത്തപ്പോൾ വെളിയിലിറങ്ങി കാഴ്ചകളും കണ്ട് വെറുതേ നടന്നു .തെരുവുകളിൽ പലതരം കച്ചവടം പൊടി പൊടിക്കുന്നു .ഈച്ച പൊതിഞ്ഞ വരിക്ക ചുളയും പപ്പായയുമൊക്കെയുണ്ട് .കാണാൻ പറ്റിയ സ്ഥലങ്ങളൊക്കെ ലോഡ്ജിലെ ആളുകളോട് ചോദിച്ച് മനസ്സിലാക്കി വെച്ചിരുന്നു .അങ്ങനെ മറീനാ ബീച്ചും പിറ്റേന്ന് എഗ്മൂർ മ്യൂസിയവും കാണാമെന്ന് കരുതി .മാമായെ വിളിച്ചപ്പോൾ താൽപര്യമില്ല .ശരി ഒറ്റക്കെങ്കിൽ ഒറ്റക്ക് .അന്ന് ഇരുട്ട് വീഴും വരെ ബീച്ചിലും പിന്നെ തിരിച്ച് വന്ന് പാരിസിലും കറങ്ങി നടന്നു .പിറ്റേന്ന് ആർട് ഗ്യാലറിയും മ്യൂസിയവും കാണാൻ പോയി .എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ .ചരിത്ര കുതുകികൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനാവും ഇവിടെ .സമയം തീരുന്നതു വരെ കാഴ്ചകൾ കണ്ടു നടന്നു .പിന്നെ ഭക്ഷണം കഴിച്ച് റൂമിലെത്തി .നാളെ കപ്പൽ യാത്ര തുടങ്ങുകയാണ് .അതും സ്വപ്നം കണ്ട് അങ്ങനെ കിടന്നു .

കപ്പൽ എന്ന സംഭവം
............................................
രാവിലെ തന്നെ എഴുന്നേറ്റ് ക്ലോറിൻ വെള്ളത്തിൽ ഒരു കുളിയും പാസാക്കി ,കാപ്പി കുടിയും കഴിഞ്ഞ് ലോഡ്ജിൽ നിന്ന് എട്ട് മണിക്ക് തന്നെ നടന്ന്  സീപോർട്ടിലെത്തി .ഒൻപത് മണിക്കാണ് എംബാർക്കേഷൻ .വരുന്ന വഴിക്ക് കുറച്ച് ഫ്രൂഡ്സ് വാങ്ങി ബാഗിൽ വെച്ചിരുന്നു .ഇരിക്കട്ടെ ഒരു വഴിക്ക് പോകുന്നതല്ലേ .ഇനി മൂന്നിന്റെയന്നെ കര കാണൂ .താഴെ നിന്ന് യാത്ര ചെയ്യുന്ന കപ്പലിനെ ഒന്നു നോക്കി .ഒരു "യമണ്ടൻ" കപ്പൽ .പേര് സ്വരാജ് ദ്വീപ് .പോർട്ട് ബ്ലയറിലേക്കുള്ള ഏറ്റവും പുതിയ കപ്പലായിരുന്നു ഇത് .സ്വാതന്ത്ര്യ സമര കാലത്ത് സുഭാഷ്ചന്ദ്ര ബോസ് ജപ്പാനുമായി ചേർന്ന് പ്രവർത്തിക്കുന്ന സമയം .രണ്ടാം ലോക യുദ്ധത്തിൽ ആദ്യം ജപ്പാന് മേൽക്കൈ നേടുകയും ആൻഡമാൻ ദ്വീപുകൾ ബ്രിട്ടീഷുകാരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു .ഇക്കാലത്ത് ബോസ് അവിടെയെത്തുകയും ദ്വീപിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു .ആ ദ്വീപിന്റെ പേരാണ് കപ്പലിനിട്ടിരിക്കുന്നത് .ഇതൊരു പാസഞ്ചർ / ജനറൽ കാർഗോ ഷിപ്പാണ് .157 മീറ്റർ നീളം 21 മീറ്റർ വീതി .ചെക്കിംഗ് കഴിഞ്ഞ് കപ്പലിനകത്ത് കയറി .കപ്പലിന്റെ ഡെക്കിൽ നിന്ന് താഴെയുള്ള നിലകളാണ് ബങ്ക് എന്നറിയപ്പെടുന്നത് .അതിൽ ഏറ്റവും അടിയിലുള്ള ബങ്കിലായിരുന്നു ഞങ്ങളുടെ ബർത്ത് .ഇടനാഴിക്കിരുവശവും വലിയ ഹാളുകളായി തിരിച്ച് അവയിലാണ് ബർത്തുകൾ .ഓരോ ഹാളിനോട് ചേർന്നും കക്കൂസുകൾ ,കുളിമുറികൾ ,വാഷ് ബേസിനുകൾ എന്നിവയുണ്ട് .

ബർത്ത് കണ്ട് പിടിച്ച് ബാഗുകൾ അവിടെ വെച്ചു .ഡെക്കിൽ നിന്ന് മുകളിലേക്കുള്ള കാബിനുകൾ ലഷ്യുറിയാണ് .ചാർജ് കൂടും .വലിയ പെട്ടികളും കിടക്കകളും ചാക്കുകെട്ടുകളുമൊക്കെ വെക്കാൻ പ്രത്യേക ഹാളുണ്ട്. സിനിമാ തിയേറ്റർ ,കോഫീ ഷോപ്പ് ,സിമ്മിംഗ്‌ പൂൾ ,ഡിസ്പെൻസറി എന്തിന് ബാർ വരെയുണ്ട് കപ്പലിൽ. ഭക്ഷണത്തിന് മുഴുവൻ യാത്രക്കും വേണ്ടി കൂപ്പൺ വേണമെങ്കിൽ ഒന്നിച്ചെടുക്കാം .അല്ലെങ്കിൽ സമയാ സമയം അനൗൺസ് ചെയ്യുമ്പോൾ വേണമെങ്കിൽ എടുത്താലും മതി .അതായിരിക്കും നല്ലത് .കാരണം ആദ്യമായി യാത്ര ചെയ്യുന്നവർ കഴിക്കുന്നതിൽ കൂടുതൽ പുറത്തേക്ക് കളയുകയാണ് സാധാരണം .

ബങ്കിൽ നിന്ന്‌ മുകളിലെ ഡക്കിലെത്തി കപ്പലിന് ചുറ്റും നടന്ന് കണ്ടു .മുകളിലെ നിലകളിലേക്ക് പോയി നോക്കി .ആകെ യാത്രക്കാരുടെ ഒരു ബഹളം തന്നെ .മുന്നിൽ കണ്ടയ്നറുകൾ അടുക്കി വെച്ചിരിക്കുന്നു . ഇരുവശങ്ങളിലും നീളൻ ഇരിപ്പിടങ്ങൾ .അതിന് മുകളിൽ നിരത്തിയും കമിഴ്ത്തിയും അടുക്കി വെച്ചിരിക്കുന്ന ലൈഫ് ബോട്ടുകൾ .പിറകിൽ കോഫീ ഷോപ് .സി മമിംഗ് പൂൾ .അവിടെയും കസേരകൾ ഇട്ടിട്ടുണ്ട് .തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചെറുതും വലുതുമായ അനേകം കപ്പലുകൾ ,ബോട്ടുകൾ .

കപ്പലിൽ കുറേ വിദേശികളുമുണ്ട് .പ്രത്യേക വേഷവിധാനങ്ങളുള്ള ജിപ്സികൾ .ശരീരത്തിന്റെ പല ഭാഗത്തും പച്ചകുത്തി ,മുടിയിലും കാതിലും മൂക്കിലുമൊക്കെ നിറയെ പല നിറത്തിലുള്ള മുത്തുകൾ അണിഞ്ഞവർ .അവരായിരുന്നു പ്രധാന ആകർഷണ കേന്ദ്രം .കാരണം ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ .ചില വിരുതൻമാർ അവർ ഇരിക്കുന്നതിന് മുൻപിലുള്ള സ്റ്റയർ വഴി കയറിയിറങ്ങി അവരെ നോക്കുന്നുണ്ട്. യാത്രക്കാരെല്ലാം കയറിയതും ഉച്ചകഴിഞ്ഞതും ,ഭക്ഷണ സമയം കഴിഞ്ഞതുമൊന്നും ഞാൻ ശ്രദ്ധിച്ചില്ല .രണ്ട് മണിയോട് കൂടി എഞ്ചിൻ പിടിപ്പിച്ച രണ്ട് മൂന്ന് വള്ളങ്ങൾ ഞങ്ങളുടെ കപ്പലിനെ ഉന്തിത്തള്ളി കടലിൽ ഇറക്കി വിട്ടു .ആദ്യ കപ്പൽ യാത്ര ,കടൽ ,കാറ്റ് വെയിൽ ,അകന്നു പോകുന്ന തീരം ,കടൽ കാക്കകൾ .... ആഹ എന്ത് രസം .ആ രസത്തിൽ ലയിച്ചങ്ങനെയിരുന്നു .പക്ഷെ ആ രസം മുറിയാൻ അധിക സമയം വേണ്ടി വന്നില്ല .

തീരം കണ്ണിൽ നിന്ന് മറഞ്ഞു .പറന്ന് നടന്നിരുന്ന കടൽകാക്കകളെയും കാണാതായി .പിന്നെ പിന്നെ ഇടക്ക് കണ്ടിരുന്ന മീൻപിടുത്ത ബോട്ടുകളും ഒരു പൊട്ടു പോലെയായി കടലിൽ മാഞ്ഞു .ചുറ്റും അപാരമായ കടൽ .മുകളിൽ സൂര്യനും .കടലും മരുഭൂമിയും ആദ്യമാദ്യം നമ്മെ വശീകരിക്കുമെങ്കിലും പിന്നെ മടുപ്പിക്കും പിന്നീട് ഭയപ്പെടുത്തും .അതാണവയുടെ സ്വഭാവം .ചിലപ്പോൾ ഭീകരമായ വന്യതയിൽ ഇവ രണ്ടും നമ്മെ മുക്കിക്കൊന്നുകളയും . 

കപ്പൽ ഉൾക്കടലിലേക്ക് പ്രവേശിച്ചതോടെ അതിന്റെ തനി സ്വരൂപം കാണിച്ച് തുടങ്ങി .ചെറിയൊരാട്ടം .തല കറങ്ങുന്നു .അതോ എനിക്ക് തോന്നുന്നതാണോ ?ഉച്ചക്കൊന്നും കഴിച്ചില്ലല്ലോ ചിലപ്പോൾ അതിന്റെയാവുമെന്ന് കരുതി .ലഞ്ച് ടൈം കഴിഞ്ഞു പോയിരുന്നു .എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് സമാധാനിച്ച് ബാഗിലുള്ള പഴങ്ങൾ കഴിക്കാമെന്ന് കരുതി വാതിൽ തുറന്ന് അകത്ത് കയറി .ഒരു വൃത്തികെട്ട മണം അവിടമെങ്ങും .തല പെരുക്കുന്നു. മൂന്നാല് നിലകൾ ഇറങ്ങണം എന്റെ ബെർത്തിലെത്താൻ .ഇടനാഴിയുടെ ഇരുവശത്തും ഹാൻഡ്റെയിൽ പിടിപ്പിച്ചിട്ടുണ്ട് .പിടിച്ച് നടക്കാൻ .അവിടവിടെ വലിയ ഡബ്ബകളും വെച്ചിട്ടുണ്ട് വേസ്റ്റിടാൻ . നടക്കുമ്പോൾ വേച്ച് വേച്ച് വലതു ഭാഗത്ത് പോയിടിച്ചു പിന്നെ ഇടത്തും .അപ്പോൾ മനസിലായി ഞാൻ മാത്രമല്ല കപ്പലും ആടുന്നുണ്ട് .രണ്ട് പഴം എടുത്ത് കഴിച്ചു കിടന്നു .കുറച്ച് കഴിഞ്ഞപ്പോൾ എന്തോ ആകപ്പാടെ ഒരു പന്തിയില്ലായ്മ .വയറ്റിലൊരു വിപ്ലവം നടക്കുന്ന പോലെ .ഞാനോടി ഇടനാഴിയിലെത്തി .വിപ്ലവം വായിലൂടെ ഡബ്ബയിലേക്ക് .നോക്കുമ്പോൾ എന്തൊരാശ്വാസം ,ഞാൻ മാത്രമല്ല പലരും ഡബ്ബയിൽ കുനിഞ്ഞ് നിന്ന് വാള് വെക്കുന്നുണ്ട് .പിന്നീടാണറിഞ്ഞത് ഛർദ്ദിക്കാതിരിക്കാനുള്ള ഗുളികയും കിടന്നുപയോഗിക്കാനുള്ള ബാഗും കപ്പലിൽ വാങ്ങാൻ കിട്ടുമെന്ന്. എല്ലാം പോയിക്കഴിഞ്ഞപ്പോൾ ഒരാശ്വാസം .ഒന്ന് കുളിക്കാമെന്ന് കരുതി കുളിച്ചു .നല്ല ഫ്രഷ് വാട്ടർ ,ചെന്നൈയിലെ ഉപ്പുവെള്ളമല്ല .കപ്പലിലേക്ക് വെള്ളമെടുക്കുന്നത് പോർട്ട് ബ്ലയറിൽ നിന്നാണ് .കടലിനാൽ ചുറ്റപ്പെട്ടതാണെങ്കിലും നല്ല ശുദ്ധജലം ലഭിക്കും .വീണ്ടും പോയിക്കിടന്നു .ഗ്ലാസ് വിൻഡോയിലൂടെ കടലും തിരകളും കാണാം .ചിലപ്പോൾ തിര മുകളിലേക്കിരച്ച് കയറുന്നുമുണ്ട് .ഇപ്പോൾ ഞാനോർക്കുന്നത് ടൈറ്റാനിക് സിനിമയാണ് .ബംഗാൾ ഉൾക്കടലിൽ മഞ്ഞുമലയൊന്നുമില്ലങ്കിലും എന്തെങ്കിലും സംഭവിച്ചാൽ രക്ഷപ്പെടാൻ ഏറ്റവും ചാൻസ് കുറവ് ഞങ്ങൾ ഏറ്റവും താഴെയുള്ള ബങ്കുകാരായിരിക്കും എന്നോർത്ത് ,പണ്ട് ഇടവഴിയേ പോകുമ്പോൾ മുൻപിലൂടെ ആന കുത്താനും പിറകിൽ പട്ടി കടിക്കാനും വന്നാൽ എന്തു ചെയ്യുമെന്നോർത്ത് പേടിച്ച നമ്പൂതിരി ഫലിതങ്ങളിലെ നമ്പൂതിരിയെ പോലെ ഞാനും വെറുതെ ഒന്ന് പേടിച്ച് നോക്കി .കുറേ കിടന്ന് ബോറടിച്ചപ്പോൾ മുകളിൽ പോയി കോഫി കുടിക്കാൻ തീരുമാനിച്ചു .വാതിൽ തുറന്ന് പുറത്തിറങ്ങി നാറ്റം പിടിച്ച വായു കളഞ്ഞ് നല്ല ശുദ്ധവായു വലിച്ച് കയറ്റി .കോഫിയും കുടിച്ച് അവിടത്തന്നെയിരുന്നു .പകലോന്റെ നിറവും വലിപ്പവും മാറി വരുന്നു .നീലയിൽ നിന്ന് ഇളം ചുവപ്പിലേക്കും പിന്നെ കടും ചുവപ്പിലേക്കും .

ഇത്ര മനോഹരമായൊരു സൂര്യാസ്തമയം കാണുന്നതാദ്യമായാണ് .ആകാശം കടലിന് ചുറ്റും ഒരു കുട പോലെ .സൂര്യൻ ആ കുടയിൽ നിന്നിറ്റു വീഴുന്ന വർണ വിളക്ക് പോലെ .ജാക്കിനെയും റോസിനെയും പോലെ മുകളിൽ കയറി കൈകൾ വിടർത്തി പറക്കണമെന്ന് തോന്നി .പക്ഷെ റോസ് ഇല്ലാത്തതു കൊണ്ടും അപ്പോഴത്തെ ശാരീരിക സ്ഥിതി ഓർത്തും വേണ്ടെന്ന് വെച്ചു .പടിഞ്ഞാറ് ആകാശവും കടലും വർണങ്ങളിൽ മുങ്ങി നിൽക്കുന്നു .പതിയെ പതിയെ സൂര്യൻ കടലിൽ മുങ്ങി അപ്രത്യക്ഷമായി .ഇരുട്ട് വ്യാപിച്ചു.കപ്പലിലെ ലൈറ്റുകളെല്ലാം തെളിഞ്ഞിരുന്നു .കടലിലെ ഇരുട്ടും ,ആകാശവും, നക്ഷത്രങ്ങൾ തെളിയുന്നതും നോക്കി കാറ്റുമേറ്റ് അങ്ങനെ കിടന്നു ....
( തുടരും...) 

അലാവുദ്ദീനും അത്ഭുത വിളക്കും പിന്നെ ഞാനും

ആക്രി കടയിലെ ഞണുങ്ങിയ പാത്ര ങ്ങളുടെ ഇടയിൽ നിന്നാണ് എനിക്കത് കിട്ടിയത് .അലാവുദീന്റെ അത്ഭുതവിളക്ക്. ചിത്രകഥകളിൽ പോട്ടം കണ്ടിട്ടുള്ളതിനാൽ ഇത് അതു തന്നെയെന്ന് എനിക്ക് ഉറപ്പായിരുന്നു .ഭാഗ്യം ഇതുവരെ അതാരും കണ്ടിട്ടില്ല .കണ്ടവർക്കൊട്ട് മനസിലായിട്ടുമില്ല .സെക്കനാന്റ് വിലക്ക് ആക്രി അണ്ണാച്ചിയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി .പാവം മുട്ടാൾ അണ്ണാച്ചിക്ക് ഈ വിളക്കിനെക്കുറിച്ച് ഒന്നുമെ തെരി യാത് .അത് എന്നോട ഭാഗ്യം. ആരും കാണാതെ വിളക്കുമായി വീട്ടിലെത്തി. കതകടച്ചിരുന്ന് ആലോചിച്ചു -എന്ത് ചോദിക്കും ?.ഐഡിയാ ... ബുദ്ധി കൊണ്ട് നേടാനാവാത്തതായ് ഒന്നുമില്ലല്ലോ .ഉള്ള ബുദ്ധിയെ മനസാ പ്രശംസിച്ചു കൊണ്ട് വിളക്കുരച്ച് ഭൂതത്തെ വരുത്തി .ഭൂതം തൊഴുതു നിന്നു .what you want sir ?ആംഗലേയത്തിലാണ് .പുരോഗമനം പുരോഗമനം .അതെങ്ങനാ നമ്മൾ മലയാളികൾ മോശമാണോ ?അറിയില്ല ങ്കിലും കുറച്ച് ഇംഗ്ലീഷ് കേറ്റീല്ലേൽ കുറച്ചിലല്ലേ .എനിക്ക് ഇപ്പോഴുള്ളതിന്റെ പത്തിരട്ടി ബുദ്ധി അധികം തരണമെന്ന് അവനോട് ആവശ്യപ്പെട്ടു .ഭൂതം ഒന്നു ചിരിച്ചു ,ഒരു പുച്ഛച്ചിരി. എന്നിട്ട് പറഞ്ഞു -
Sorry sir, multiplication doesn't apply on zero എന്ന് .പരിഹസിച്ചതിലുള്ള ദേഷ്യത്തിൽ അലറിക്കൊണ്ട് ചാടിയെഴുന്നേറ്റു .അതോടെ ഉറക്കം പോയി കൂടെ അലാവുദ്ദീനും .ഇല്ലേൽ അവനെ ഞാൻ കൊന്നേനെ .പക്ഷെ അലർച്ചകേട്ട് ഞെട്ടിയുണർന്ന സഹമുറിയൻമാർ എന്നെ കൊന്നില്ലന്നേയുള്ളൂ .

05 January 2017

പച്ചയുടെ തട്ടിപ്പ്

ഇന്ന് കടയിലേക്ക് ഒരു ചെറുപ്പക്കാരൻ പാകിസ്താനി കയറി വന്ന് സലാം പറഞ്ഞു .എന്നിട്ട് എന്നോട് ഹിന്ദിയാണോ പാകിസ്താനി യാണോന്ന് ഒരു ചോദ്യം .ലേഷ് (എന്താ)എന്ന് ഞാൻ. ഉർദു മാലൂം?
നഹീ മാലും.
ഹിന്ദീ ?
നഹീ .
അപ്പോൾ അവൻ ഹിന്ദിയും അറബിയും കുറച്ച് ഇംഗ്ലീഷും ചേർത്ത് പറയാൻ തുടങ്ങി .പറഞ്ഞതിന്റെ ചുരുക്കം ഇതാണ്- "അവന് ക്യാൻസറാണ് സഹായിക്കണം .തലയിൽ തൊട്ട് കാണിക്കുന്നുമുണ്ട് .ഞാൻ ചോദിച്ചു .എന്ത് ക്യാൻസർ? ബ്ലഡ് ക്യാൻസർ ഭായീ. അതിന് നീയെന്തിനാ തലയിൽ തൊട്ട് കാണിക്കുന്നത് ? നിന്റെ കയ്യിലെ കീസിലെന്താണ് ? ക്യാൻസറിന്റെ x - Ray .ക്യാൻസറിന്റെ എക്സ്റെയോ ?ഇവനെ കണ്ടപ്പോഴെ ഒരു വശപ്പെശക് എനിക്ക് തോന്നി .ശരി കാണിക്ക് .കീസിൽ ചുരുട്ടി വച്ചിരുന്ന തലയോട്ടിയുടെ X - Ray എന്നെ കാണിച്ചു  .ഞാനൊന്നു ചിരിച്ചു .അവനൊന്നു വിളറി .നിനക്കറിയാമോ ക്യാൻസർ എന്താണെന്ന് .അള്ളാഹു മാലും. അള്ളാഹുവിന് മാത്രമല്ല  ,ഹറാമീ എനിക്കും അറിയാം .മേലാൽ ഈ സൂക്കിൽ നിന്നെ കണ്ടു പോകരുത് .കണ്ടാൽ നീ പോലീസിന്റ വണ്ടിയിൽ ഇരിക്കും .യാ അള്ളാ ഇൻകില ബർറ (ഇറങ്ങിപ്പോടാ ) അവൻ ചാടി വെളിയിലിറങ്ങി. ഞാനും .സൂക്കിന്റെ അങ്ങേത്തല വരെ എന്നെ തിരിഞ്ഞ് നോക്കി അവൻ നടന്നു.പിന്നെ ഒരു കടയിലും അവൻ തെണ്ടാൻ കയറിയില്ല .മുൻപൊരു പച്ച ,മൊബൈൽ കമ്പനിയിൽ നിന്ന് ഒരു ലക്ഷം റിയാൽ സമ്മാനം തരാൻ എന്നെ വിളിച്ചതാ അതില് നമ്മള് വീണില്ല  .അങ്ങനത്തെ നമ്മളോടാ ഇവന്റയൊക്കെ ഉടായിപ്പ് .മലയാളിയോടാ പച്ചയുടെ കളി .