സൗദിയിൽ നിന്ന് ലീവിന് നാട്ടിലെത്തി തിരക്കുകളൊക്കെ ഒഴിഞ്ഞ ഒരു ദിവസം കുറേ പഴയ മാഗസിനുകളും വായിച്ച് കഴിഞ്ഞ പുസ്തകങ്ങളും എല്ലാമൊന്ന് അടുക്കി വെക്കാമെന്ന് കരുതി .അങ്ങനെ എല്ലാമൊന്നുകൂടി നോക്കി പഴയ കാലങ്ങളിലെ ഓർമകൾ അയവിറക്കി ഇരുന്നപ്പോഴാണ് പഴയൊരു ആൽബവും അതിൽ രണ്ടായിരത്തിലെ (Year 2000)ചെറിയൊരു ഡയറിയും എന്റെ ശ്രദ്ധയാകർഷിച്ചത് .ആൽബത്തിൽ ആൻഡമാനിൽ വെച്ച് പഴയൊരു ക്യാമറയിൽ ഞാനെടുത്ത കുറച്ച് ഫോട്ടോകളും കപ്പൽ ടിക്കറ്റും ഡയറിയിൽ യാത്ര ചെയ്തപ്പോൾ എഴുതിയിട്ട കുറിപ്പുകളും വിവരണങ്ങളുമായിരുന്നു ഉണ്ടായിരുന്നത് .വർഷങ്ങൾക്ക് മുൻപ് ആൻഡമാനിലേക്ക് നടത്തിയ ഒരു സാഹസിക യാത്രയുടെ (വെറുതെ) ഓർമക്കുറിപ്പുകൾ .ഫോട്ടോകളിൽ മിക്കതും നിറം മങ്ങി തിരിച്ചറിയാൻ പറ്റാത്ത രൂപത്തിലായി .പഴയ ഫിലിം ക്യാമറയുടെ ക്ലാരിറ്റിയും ക്യാമറ കണ്ടിട്ടുപോലും ഇല്ലാത്തവർ എടുത്ത ഫോട്ടോകളും അല്ലങ്കിൽ തന്നെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ .(ഞാനും ആദ്യമായാണ് ക്യാമറ ഉപയോഗിക്കുന്നത് ) ഡയറിയിലെ കുറിപ്പുകൾ വായിച്ചപ്പോൾ ഓർമയിലെ ചിത്രങ്ങൾ മിഴിവേകി മനസിൽ തെളിഞ്ഞു . ആ യാത്രാനുഭവങ്ങളാണ് നിങ്ങളുമായി പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത് .
നിയമപ്രകാരമുള്ള മുന്നറിയിപ്പ് / മുൻകൂർ ജാമ്യം - ഇതിൽ കൊടുക്കുന്ന ചിത്രങ്ങൾ ,ചരിത്രവിവരങ്ങൾ എന്നിവ FB യിൽ നിന്നും മറ്റു ചില സൈറ്റുകളിൽ നിന്നും വിക്കിപീഡിയയിൽ നിന്നും എടുത്തിട്ടുണ്ട് .എല്ലാവരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു .
ആൻഡമാനിലേക്ക് പോകാനുണ്ടായ സാഹചര്യത്തിന്റെ ചെറിയൊരു കുടുംബ പശ്ചാത്തലം പറഞ്ഞു കൊണ്ട് നമുക്ക് യാത്ര തുടങ്ങാം .എന്റെ ഉമ്മായുടെ ഏറ്റവും മൂത്ത സഹോദരൻ ദാവൂദ് എന്നയാൾ ,അതായത് എന്റെ മാമ (uncle) വർഷങ്ങൾക്ക് മുൻപ് ആൻഡമാനിലേക്ക് കുടിയേറിയ ആളായിരുന്നു (നാടുവിട്ടതാണ്) അദ്ദേഹം അവിടെ ഒരു മലയാളി കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുടെ പിതാവാകുകയും ചെയ്തു .അന്നത്തെ പത്താം ക്ലാസ് പാസായ ആളായതിനാൽ അവിടെ ഇലക്ടിസിറ്റി വകുപ്പിൽ ജോലി ലഭിക്കുകയും ചെയ്തു .അങ്ങനെ കാലമേറെ കഴിഞ്ഞ് കേരളത്തിലെത്തിയ മൂത്ത മകനോടൊപ്പം പോയി മരുമകളെയും കൊച്ചുമക്കളെയും കാണണമെന്ന് ഉമ്മാമാ ക്ക് നിർബന്ധം .അവസാനം അവരുടെ വാശിക്ക് മുന്നിൽ മക്കൾ സമ്മതം മൂളി .അങ്ങനെ അവർ ആൻഡമാനിലെത്തി .ഉജ്ജ്വലമായ വരവേൽപാണ് അവർക്ക് ലഭിച്ചത് .ആദ്യമായി അവിടെയെത്തിയ അവരോടുള്ള സ്നേഹം അവരെ കീഴ്‌പെടുത്തിക്കളഞ്ഞു .അതു കൊണ്ട് തിരിച്ച് വരാൻ അവരുടെ മനസ് ആഗ്രഹിച്ചിട്ടുണ്ടാവില്ല .ഒരു മാസത്തിന് ശേഷം തിരിച്ച് വരാൻ ടിക്കറ്റെടുത്ത്, സാധനങ്ങളും പായ്ക് ചെയ്ത് ,കപ്പൽ കയറേണ്ട ദിവസം ഒരുങ്ങി ബോട്ട് വരാൻ ഇനിയും സമയമുള്ളതിനാൽ കട്ടിലിൽ അൽപ നേരം കിടന്നു .പിന്നെ എഴുന്നേറ്റില്ല .
മരണപ്പെട്ടതിന്റെ പിറ്റേ വർഷം രണ്ടാമത്തെ മകൻ ( ഉമർ ) മാതാവിന്റെ ഖബർ സിയാറത്ത് ചെയ്യാൻ ആൻഡമാനിലേക്ക് പോകാൻ തീരുമാനിക്കുന്നു .പഠിത്തമൊക്കെ ഉപേക്ഷിച്ച്, ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന എന്റെ മനസിൽ അഞ്ചാറു ലഡു ഒന്നിച്ച് പൊട്ടുന്നു . ജോലിയൊക്കെ വലിച്ചെറിഞ്ഞ് ഞാനും ആൻഡമാനിലേക്ക് പോകുന്നു എന്ന് പ്രഖ്യാപിക്കുന്നു. അമ്മാവനെ പോലെ ഞാനും അവിടങ്ങാനും പോയി പെണ്ണ് കെട്ടി തിരിച്ച് വന്നില്ലങ്കിലോ എന്ന് വിചാരിച്ചാവും ആദ്യം ഭയങ്കര എതിർപ്പായിരുന്നു .അവസാനം കാലുപിടിച്ച് സമ്മതം വാങ്ങി .പലരുടെയും കാല് പിടിച്ച് കുറച്ച് പണവും .അങ്ങനെ കാലാപാനി എന്ന വിളിപ്പേരുള്ള ആൻഡമാനിലേക്ക് ,ചരിത്ര ഭൂമിയിലേക്ക് ,അത്ഭുതവും വേദനയും തന്ന കാഴ്ചകളിലേക്ക് ഞാനും യാത്രയാവുകയാണ് .
Part 2
യാത്രയുടെ ആരംഭം
2000 ഏപ്രിൽ നാലിന് കൊല്ലം- എഗ്മൂർ ട്രെയിനിൽ പുനലൂർ നിന്നും ചെങ്കോട്ട വഴി അവിസ്മരണീയമായ ആ യാത്ര ആരംഭിച്ചു.കാടും പച്ചപ്പും നിറഞ്ഞ സഹ്യന്റെ മടിത്തട്ടിലൂടെ, തമിഴ്നാട്ടിലെ വെളിമ്പ്രദേശങ്ങളിലൂടെ ഞങ്ങളുടെ മീറ്റർഗേജ് ട്രെയിൻ അങ്ങനെ പതുക്കെ പൊയ്ക്കൊണ്ടിരുന്നു .പിറ്റേ ദിവസം ഉച്ചക്ക് എഗ്മൂർ എത്തി .ഒരു ഓട്ടോ വിളിച്ച് പാരീസിൽ ചെന്ന് റൂമെടുത്തു. (ചെന്നൈയിലുമുണ്ടൊരു പാരിസ്) ഇതിനടുത്താണ് സീപോർട്ട് .ലോഡ്ജിലന്വേഷിച്ചപ്പോൾ രണ്ട് ദിവസം കഴിഞ്ഞ് ഒരു കപ്പലുണ്ട് .പക്ഷെ ടീച്ചർ സെയിലിംഗാണ് .ടിക്കറ്റ് കിട്ടുമോയെന്നറിയില്ല .കിട്ടിയില്ലേൽ പിന്നെ അടുത്ത ആഴ്ചയേ കപ്പലുള്ളൂ .എന്തായാലും ഒന്ന് ശ്രമിക്കാമെന്ന് കരുതി .അപ്പോൾ തന്നെ ടിക്കറ്റ് കൗണ്ടറിലെത്തി ക്യൂവിൽ സ്ഥലം പിടിച്ചു .ഫോം വാങ്ങി പൂരിപ്പിച്ച് ഫോട്ടോകളുമായി എന്റെ ഊഴമെത്തിയപ്പോൾ നിരാശയായിരുന്നു ഫലം .എന്തൊക്കെ പറഞ്ഞിട്ടും അണ്ണാച്ചി സമ്മതിക്കുന്നില്ല .
ഉച്ചക്ക് കൗണ്ടർ അടക്കാൻ പോകുന്നു .പോയിട്ട് വൈകിട്ട് വാ .ഐലന്റേഴ്സ് ആരുമില്ലേൽ കിടയ്കും എന്ന് പറഞ്ഞ് അയാൾ കൗണ്ടർ അടച്ചു .ഞങ്ങളെവിടെ പോകാൻ ,അവിടത്തന്നെ നിന്നു .ടിക്കറ്റ് കിട്ടാത്തതിൽ എനിക്ക് വലിയ നിരാശയൊന്നും തോന്നിയില്ല .പഴയ മദ്രാസ് ചുറ്റിക്കറങ്ങാൻ ഒരവസരമാണ് കിട്ടുന്നത് .സന്തോഷം .പക്ഷെ മാമായ്ക്ക് അത്ര സന്തോഷമൊന്നും കാണാനില്ല .കാര്യം ഒരാഴ്ച റൂം വാടക ,ഭക്ഷണം ചിലവ് കൂടും .കൂടാതെ ഏപ്രിലിലെ കൊടും ചൂടും .തീക്ഷ്ണമായ വെയിലിൽ ചെന്നൈ ഉരുകുകയാണ് .
ക്യൂവിൽ നിന്നവരെല്ലാം സ്ഥലം കാലിയാക്കി .ഞങ്ങളവിടൊരു മരത്തിന്റെ ചുവട്ടിൽ അങ്ങനെ ഇരുന്നു .കുറച്ച് കഴിഞ്ഞപ്പോൾ കിളിവാതിൽ തുറന്ന് ഒരു തല വെളിയിൽ വന്നു .ടിക്കറ്റ് കൗണ്ടറിലെ അണ്ണാച്ചി .ടിക്കറ്റ് തരാത്ത സാധനം .ഞാൻ മൈൻഡ് ചെയ്തില്ല .മാമ പ്രതീക്ഷയോടെ അയാളെ നോക്കുന്നുണ്ട് .ടേയ് നിങ്ങൾക്ക് ബങ്ക് ക്ലാസ് മതിയോ ?എങ്കിൽ വേഗം വാ എന്ന് മലയാളത്തിൽ ഒരു പേച്ച് .ഞാൻ വാ പൊളിച്ചു .ങേ ഇത് നമ്മ ആള് ,തനി മലയാളി .പെട്ടന്ന് തന്നെ ചാടിയെഴുന്നേറ്റു .ബങ്കെങ്കിൽ ബങ്ക് എന്തെങ്കിലുമാകട്ടെ .മറ്റുള്ളവർ നിൽകുമ്പോൾ തന്നാൽ അവർ പ്രശ്നമുണ്ടാക്കും എന്നൊരു മുൻകൂർ ജാമ്യത്തോടെ ടിക്കറ്റ് തന്നു .(മറ്റു സ്‌റ്റേറ്റുകളിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ഐലന്റേഴ്സിന് മാത്രമുള്ളതാണ് ടീച്ചർ സെയിംലിംഗ്.ഇതിൽ മറ്റുള്ളവർക്ക് സാധാരണ ടിക്കറ്റ് കൊടുക്കാറില്ല ) .അണ്ണന് രണ്ട് താങ്ക്സ് പറഞ്ഞ് അവിടെ നിന്നിറങ്ങി .ട്രെയിനിൽ ഭക്ഷണം കഴിച്ചതിനാൽ റൂമിലെത്തി കുളിച്ച് ഡ്രസ് മാറി ചെറുതായിട്ടൊന്ന് ഉറങ്ങി .വെയിലൊന്ന് തണുത്തപ്പോൾ വെളിയിലിറങ്ങി കാഴ്ചകളും കണ്ട് വെറുതേ നടന്നു .തെരുവുകളിൽ പലതരം കച്ചവടം പൊടി പൊടിക്കുന്നു .ഈച്ച പൊതിഞ്ഞ വരിക്ക ചുളയും പപ്പായയുമൊക്കെയുണ്ട് .കാണാൻ പറ്റിയ സ്ഥലങ്ങളൊക്കെ ലോഡ്ജിലെ ആളുകളോട് ചോദിച്ച് മനസ്സിലാക്കി വെച്ചിരുന്നു .അങ്ങനെ മറീനാ ബീച്ചും പിറ്റേന്ന് എഗ്മൂർ മ്യൂസിയവും കാണാമെന്ന് കരുതി .മാമായെ വിളിച്ചപ്പോൾ താൽപര്യമില്ല .ശരി ഒറ്റക്കെങ്കിൽ ഒറ്റക്ക് .അന്ന് ഇരുട്ട് വീഴും വരെ ബീച്ചിലും പിന്നെ തിരിച്ച് വന്ന് പാരിസിലും കറങ്ങി നടന്നു .പിറ്റേന്ന് ആർട് ഗ്യാലറിയും മ്യൂസിയവും കാണാൻ പോയി .എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ .ചരിത്ര കുതുകികൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനാവും ഇവിടെ .സമയം തീരുന്നതു വരെ കാഴ്ചകൾ കണ്ടു നടന്നു .പിന്നെ ഭക്ഷണം കഴിച്ച് റൂമിലെത്തി .നാളെ കപ്പൽ യാത്ര തുടങ്ങുകയാണ് .അതും സ്വപ്നം കണ്ട് അങ്ങനെ കിടന്നു .
കപ്പൽ എന്ന സംഭവം
............................................
രാവിലെ തന്നെ എഴുന്നേറ്റ് ക്ലോറിൻ വെള്ളത്തിൽ ഒരു കുളിയും പാസാക്കി ,കാപ്പി കുടിയും കഴിഞ്ഞ് ലോഡ്ജിൽ നിന്ന് എട്ട് മണിക്ക് തന്നെ നടന്ന് സീപോർട്ടിലെത്തി .ഒൻപത് മണിക്കാണ് എംബാർക്കേഷൻ .വരുന്ന വഴിക്ക് കുറച്ച് ഫ്രൂഡ്സ് വാങ്ങി ബാഗിൽ വെച്ചിരുന്നു .ഇരിക്കട്ടെ ഒരു വഴിക്ക് പോകുന്നതല്ലേ .ഇനി മൂന്നിന്റെയന്നെ കര കാണൂ .താഴെ നിന്ന് യാത്ര ചെയ്യുന്ന കപ്പലിനെ ഒന്നു നോക്കി .ഒരു "യമണ്ടൻ" കപ്പൽ .പേര് സ്വരാജ് ദ്വീപ് .പോർട്ട് ബ്ലയറിലേക്കുള്ള ഏറ്റവും പുതിയ കപ്പലായിരുന്നു ഇത് .സ്വാതന്ത്ര്യ സമര കാലത്ത് സുഭാഷ്ചന്ദ്ര ബോസ് ജപ്പാനുമായി ചേർന്ന് പ്രവർത്തിക്കുന്ന സമയം .രണ്ടാം ലോക യുദ്ധത്തിൽ ആദ്യം ജപ്പാന് മേൽക്കൈ നേടുകയും ആൻഡമാൻ ദ്വീപുകൾ ബ്രിട്ടീഷുകാരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു .ഇക്കാലത്ത് ബോസ് അവിടെയെത്തുകയും ദ്വീപിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു .ആ ദ്വീപിന്റെ പേരാണ് കപ്പലിനിട്ടിരിക്കുന്നത് .ഇതൊരു പാസഞ്ചർ / ജനറൽ കാർഗോ ഷിപ്പാണ് .157 മീറ്റർ നീളം 21 മീറ്റർ വീതി .ചെക്കിംഗ് കഴിഞ്ഞ് കപ്പലിനകത്ത് കയറി .കപ്പലിന്റെ ഡെക്കിൽ നിന്ന് താഴെയുള്ള നിലകളാണ് ബങ്ക് എന്നറിയപ്പെടുന്നത് .അതിൽ ഏറ്റവും അടിയിലുള്ള ബങ്കിലായിരുന്നു ഞങ്ങളുടെ ബർത്ത് .ഇടനാഴിക്കിരുവശവും വലിയ ഹാളുകളായി തിരിച്ച് അവയിലാണ് ബർത്തുകൾ .ഓരോ ഹാളിനോട് ചേർന്നും കക്കൂസുകൾ ,കുളിമുറികൾ ,വാഷ് ബേസിനുകൾ എന്നിവയുണ്ട് .
ബർത്ത് കണ്ട് പിടിച്ച് ബാഗുകൾ അവിടെ വെച്ചു .ഡെക്കിൽ നിന്ന് മുകളിലേക്കുള്ള കാബിനുകൾ ലഷ്യുറിയാണ് .ചാർജ് കൂടും .വലിയ പെട്ടികളും കിടക്കകളും ചാക്കുകെട്ടുകളുമൊക്കെ വെക്കാൻ പ്രത്യേക ഹാളുണ്ട്. സിനിമാ തിയേറ്റർ ,കോഫീ ഷോപ്പ് ,സിമ്മിംഗ് പൂൾ ,ഡിസ്പെൻസറി എന്തിന് ബാർ വരെയുണ്ട് കപ്പലിൽ. ഭക്ഷണത്തിന് മുഴുവൻ യാത്രക്കും വേണ്ടി കൂപ്പൺ വേണമെങ്കിൽ ഒന്നിച്ചെടുക്കാം .അല്ലെങ്കിൽ സമയാ സമയം അനൗൺസ് ചെയ്യുമ്പോൾ വേണമെങ്കിൽ എടുത്താലും മതി .അതായിരിക്കും നല്ലത് .കാരണം ആദ്യമായി യാത്ര ചെയ്യുന്നവർ കഴിക്കുന്നതിൽ കൂടുതൽ പുറത്തേക്ക് കളയുകയാണ് സാധാരണം .
ബങ്കിൽ നിന്ന് മുകളിലെ ഡക്കിലെത്തി കപ്പലിന് ചുറ്റും നടന്ന് കണ്ടു .മുകളിലെ നിലകളിലേക്ക് പോയി നോക്കി .ആകെ യാത്രക്കാരുടെ ഒരു ബഹളം തന്നെ .മുന്നിൽ കണ്ടയ്നറുകൾ അടുക്കി വെച്ചിരിക്കുന്നു . ഇരുവശങ്ങളിലും നീളൻ ഇരിപ്പിടങ്ങൾ .അതിന് മുകളിൽ നിരത്തിയും കമിഴ്ത്തിയും അടുക്കി വെച്ചിരിക്കുന്ന ലൈഫ് ബോട്ടുകൾ .പിറകിൽ കോഫീ ഷോപ് .സി മമിംഗ് പൂൾ .അവിടെയും കസേരകൾ ഇട്ടിട്ടുണ്ട് .തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചെറുതും വലുതുമായ അനേകം കപ്പലുകൾ ,ബോട്ടുകൾ .
കപ്പലിൽ കുറേ വിദേശികളുമുണ്ട് .പ്രത്യേക വേഷവിധാനങ്ങളുള്ള ജിപ്സികൾ .ശരീരത്തിന്റെ പല ഭാഗത്തും പച്ചകുത്തി ,മുടിയിലും കാതിലും മൂക്കിലുമൊക്കെ നിറയെ പല നിറത്തിലുള്ള മുത്തുകൾ അണിഞ്ഞവർ .അവരായിരുന്നു പ്രധാന ആകർഷണ കേന്ദ്രം .കാരണം ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ .ചില വിരുതൻമാർ അവർ ഇരിക്കുന്നതിന് മുൻപിലുള്ള സ്റ്റയർ വഴി കയറിയിറങ്ങി അവരെ നോക്കുന്നുണ്ട്. യാത്രക്കാരെല്ലാം കയറിയതും ഉച്ചകഴിഞ്ഞതും ,ഭക്ഷണ സമയം കഴിഞ്ഞതുമൊന്നും ഞാൻ ശ്രദ്ധിച്ചില്ല .രണ്ട് മണിയോട് കൂടി എഞ്ചിൻ പിടിപ്പിച്ച രണ്ട് മൂന്ന് വള്ളങ്ങൾ ഞങ്ങളുടെ കപ്പലിനെ ഉന്തിത്തള്ളി കടലിൽ ഇറക്കി വിട്ടു .ആദ്യ കപ്പൽ യാത്ര ,കടൽ ,കാറ്റ് വെയിൽ ,അകന്നു പോകുന്ന തീരം ,കടൽ കാക്കകൾ .... ആഹ എന്ത് രസം .ആ രസത്തിൽ ലയിച്ചങ്ങനെയിരുന്നു .പക്ഷെ ആ രസം മുറിയാൻ അധിക സമയം വേണ്ടി വന്നില്ല .
തീരം കണ്ണിൽ നിന്ന് മറഞ്ഞു .പറന്ന് നടന്നിരുന്ന കടൽകാക്കകളെയും കാണാതായി .പിന്നെ പിന്നെ ഇടക്ക് കണ്ടിരുന്ന മീൻപിടുത്ത ബോട്ടുകളും ഒരു പൊട്ടു പോലെയായി കടലിൽ മാഞ്ഞു .ചുറ്റും അപാരമായ കടൽ .മുകളിൽ സൂര്യനും .കടലും മരുഭൂമിയും ആദ്യമാദ്യം നമ്മെ വശീകരിക്കുമെങ്കിലും പിന്നെ മടുപ്പിക്കും പിന്നീട് ഭയപ്പെടുത്തും .അതാണവയുടെ സ്വഭാവം .ചിലപ്പോൾ ഭീകരമായ വന്യതയിൽ ഇവ രണ്ടും നമ്മെ മുക്കിക്കൊന്നുകളയും .
കപ്പൽ ഉൾക്കടലിലേക്ക് പ്രവേശിച്ചതോടെ അതിന്റെ തനി സ്വരൂപം കാണിച്ച് തുടങ്ങി .ചെറിയൊരാട്ടം .തല കറങ്ങുന്നു .അതോ എനിക്ക് തോന്നുന്നതാണോ ?ഉച്ചക്കൊന്നും കഴിച്ചില്ലല്ലോ ചിലപ്പോൾ അതിന്റെയാവുമെന്ന് കരുതി .ലഞ്ച് ടൈം കഴിഞ്ഞു പോയിരുന്നു .എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് സമാധാനിച്ച് ബാഗിലുള്ള പഴങ്ങൾ കഴിക്കാമെന്ന് കരുതി വാതിൽ തുറന്ന് അകത്ത് കയറി .ഒരു വൃത്തികെട്ട മണം അവിടമെങ്ങും .തല പെരുക്കുന്നു. മൂന്നാല് നിലകൾ ഇറങ്ങണം എന്റെ ബെർത്തിലെത്താൻ .ഇടനാഴിയുടെ ഇരുവശത്തും ഹാൻഡ്റെയിൽ പിടിപ്പിച്ചിട്ടുണ്ട് .പിടിച്ച് നടക്കാൻ .അവിടവിടെ വലിയ ഡബ്ബകളും വെച്ചിട്ടുണ്ട് വേസ്റ്റിടാൻ . നടക്കുമ്പോൾ വേച്ച് വേച്ച് വലതു ഭാഗത്ത് പോയിടിച്ചു പിന്നെ ഇടത്തും .അപ്പോൾ മനസിലായി ഞാൻ മാത്രമല്ല കപ്പലും ആടുന്നുണ്ട് .രണ്ട് പഴം എടുത്ത് കഴിച്ചു കിടന്നു .കുറച്ച് കഴിഞ്ഞപ്പോൾ എന്തോ ആകപ്പാടെ ഒരു പന്തിയില്ലായ്മ .വയറ്റിലൊരു വിപ്ലവം നടക്കുന്ന പോലെ .ഞാനോടി ഇടനാഴിയിലെത്തി .വിപ്ലവം വായിലൂടെ ഡബ്ബയിലേക്ക് .നോക്കുമ്പോൾ എന്തൊരാശ്വാസം ,ഞാൻ മാത്രമല്ല പലരും ഡബ്ബയിൽ കുനിഞ്ഞ് നിന്ന് വാള് വെക്കുന്നുണ്ട് .പിന്നീടാണറിഞ്ഞത് ഛർദ്ദിക്കാതിരിക്കാനുള്ള ഗുളികയും കിടന്നുപയോഗിക്കാനുള്ള ബാഗും കപ്പലിൽ വാങ്ങാൻ കിട്ടുമെന്ന്. എല്ലാം പോയിക്കഴിഞ്ഞപ്പോൾ ഒരാശ്വാസം .ഒന്ന് കുളിക്കാമെന്ന് കരുതി കുളിച്ചു .നല്ല ഫ്രഷ് വാട്ടർ ,ചെന്നൈയിലെ ഉപ്പുവെള്ളമല്ല .കപ്പലിലേക്ക് വെള്ളമെടുക്കുന്നത് പോർട്ട് ബ്ലയറിൽ നിന്നാണ് .കടലിനാൽ ചുറ്റപ്പെട്ടതാണെങ്കിലും നല്ല ശുദ്ധജലം ലഭിക്കും .വീണ്ടും പോയിക്കിടന്നു .ഗ്ലാസ് വിൻഡോയിലൂടെ കടലും തിരകളും കാണാം .ചിലപ്പോൾ തിര മുകളിലേക്കിരച്ച് കയറുന്നുമുണ്ട് .ഇപ്പോൾ ഞാനോർക്കുന്നത് ടൈറ്റാനിക് സിനിമയാണ് .ബംഗാൾ ഉൾക്കടലിൽ മഞ്ഞുമലയൊന്നുമില്ലങ്കിലും എന്തെങ്കിലും സംഭവിച്ചാൽ രക്ഷപ്പെടാൻ ഏറ്റവും ചാൻസ് കുറവ് ഞങ്ങൾ ഏറ്റവും താഴെയുള്ള ബങ്കുകാരായിരിക്കും എന്നോർത്ത് ,പണ്ട് ഇടവഴിയേ പോകുമ്പോൾ മുൻപിലൂടെ ആന കുത്താനും പിറകിൽ പട്ടി കടിക്കാനും വന്നാൽ എന്തു ചെയ്യുമെന്നോർത്ത് പേടിച്ച നമ്പൂതിരി ഫലിതങ്ങളിലെ നമ്പൂതിരിയെ പോലെ ഞാനും വെറുതെ ഒന്ന് പേടിച്ച് നോക്കി .കുറേ കിടന്ന് ബോറടിച്ചപ്പോൾ മുകളിൽ പോയി കോഫി കുടിക്കാൻ തീരുമാനിച്ചു .വാതിൽ തുറന്ന് പുറത്തിറങ്ങി നാറ്റം പിടിച്ച വായു കളഞ്ഞ് നല്ല ശുദ്ധവായു വലിച്ച് കയറ്റി .കോഫിയും കുടിച്ച് അവിടത്തന്നെയിരുന്നു .പകലോന്റെ നിറവും വലിപ്പവും മാറി വരുന്നു .നീലയിൽ നിന്ന് ഇളം ചുവപ്പിലേക്കും പിന്നെ കടും ചുവപ്പിലേക്കും .
ഇത്ര മനോഹരമായൊരു സൂര്യാസ്തമയം കാണുന്നതാദ്യമായാണ് .ആകാശം കടലിന് ചുറ്റും ഒരു കുട പോലെ .സൂര്യൻ ആ കുടയിൽ നിന്നിറ്റു വീഴുന്ന വർണ വിളക്ക് പോലെ .ജാക്കിനെയും റോസിനെയും പോലെ മുകളിൽ കയറി കൈകൾ വിടർത്തി പറക്കണമെന്ന് തോന്നി .പക്ഷെ റോസ് ഇല്ലാത്തതു കൊണ്ടും അപ്പോഴത്തെ ശാരീരിക സ്ഥിതി ഓർത്തും വേണ്ടെന്ന് വെച്ചു .പടിഞ്ഞാറ് ആകാശവും കടലും വർണങ്ങളിൽ മുങ്ങി നിൽക്കുന്നു .പതിയെ പതിയെ സൂര്യൻ കടലിൽ മുങ്ങി അപ്രത്യക്ഷമായി .ഇരുട്ട് വ്യാപിച്ചു.കപ്പലിലെ ലൈറ്റുകളെല്ലാം തെളിഞ്ഞിരുന്നു .കടലിലെ ഇരുട്ടും ,ആകാശവും, നക്ഷത്രങ്ങൾ തെളിയുന്നതും നോക്കി കാറ്റുമേറ്റ് അങ്ങനെ കിടന്നു ....
( തുടരും...)




No comments:
Post a Comment