09 January 2017

ആൻഡമാൻ യാത്രയുടെ ഓർമക്കുറിപ്പുകൾ - ഭാഗം 2

കപ്പലിന്റെ മുകൾ തട്ടിൽ കാറ്റും കൊണ്ട് കിടന്ന ഞാൻ ,രാത്രി ഭക്ഷണത്തിനുള്ള അനൗൺസ്മെന്റ് കേട്ടാണ് എഴുന്നേറ്റത് .താഴെ കൗണ്ടറിൽ ചെന്ന് കൂപ്പൺ വാങ്ങി ഭക്ഷണ ശാലയിലേക്ക് പോയി .ഡോക്ടറുടെ സർട്ടിഫിക്കറ്റുള്ള രോഗികൾക്കല്ലാതെ പാഴ്സൽ തരില്ല .അവിടിരുന്ന് തന്നെ കഴിക്കണം .കിട്ടിയതൊക്കെ എങ്ങനെയെങ്കിലും തിന്നു തീർത്തു .പതുക്കെ ബർത്തിലേക്ക് നടന്നു .പഴയതുപോലെ തന്നെ ആടിയാടി. കുറച്ച് കഴിഞ്ഞപ്പോൾ ബർത്തിൽ എല്ലാവരും എത്തി .പരസ്പരം പരിചയപ്പെട്ടു. കൊല്ലം TKM കോളേജിൽ പഠിക്കുന്ന നാലു പേരും അക്കൂട്ടത്തിലുണ്ടായിരുന്നു .അവരുമായി കമ്പനിയടിച്ച് സൊറ പറഞ്ഞ് സമയം കളഞ്ഞു. തിയേറ്ററിൽ ഏതോ ഹിന്ദി പടം ഇടാൻ പോകുന്നതിന്റെ അനൗൺസ്മെന്റ് .കുറേപേർ എഴുന്നേറ്റ് പോയി .പൈസ മുടക്കില്ലല്ലോ .വേറെ ചിലർ ഷെയറിട്ട് കുപ്പിയെടുക്കുന്ന ചർച്ചയിലാണ് .എനിക്കത്ഭുതം തോന്നി ;ഇതൊന്നും അടിക്കാതെ തന്നെ മിക്കവരും പൂസായ അവസ്ഥയിലാണ് .എന്നിട്ടും ഇവൻമാരിതെന്തു ഭാവിച്ചാണോയെന്തൊ .കുറച്ച്  കഴിഞ്ഞപ്പോൾ പതുക്കെ പതുക്കെ എല്ലാം നിശബ്ദം .ഉറക്കമല്ല മയക്കം .

പിറ്റേന്ന് എഴുന്നേറ്റത് തന്നെ പതിനൊന്ന് മണിക്കാണ് .വല്ലാത്ത തലവേദനയും തലകറക്കവും ,പോരാത്തതിന് നല്ല വിശപ്പും .കടൽ ചൊരുക്ക് എന്ന് കേട്ടിരുന്നെങ്കിലും ഇത്രയും പ്രശ്നക്കാരനാണെന്ന് കരുതിയില്ല .എന്തായാലും കുളി കഴിഞ്ഞപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായി .കൂപ്പണെടുത്ത് റെസ്റ്റോറന്റിൽ ചെന്നു .അവിടെ ആകെ തല പെരുക്കുന്ന മണം .മുന്നാല് പിടി വാരിത്തിന്നതേയുള്ളൂ എല്ലാം കൂടി വെളിയിലേക്ക് വരുന്ന പോലെ .ഓടി വെളിയിലിറങ്ങി ഡബ്ബയിലേക്ക് .പരിപാടി കഴിഞ്ഞ് വായും മുഖവും കഴുകി ബാക്കി തിന്നാൻ ചെന്ന ഞാൻ കാണുന്നത് ചങ്ക് തകർക്കുന്ന കാഴ്ചയാണ് .ആട് കിടന്നിടത്ത് ഒരു പൂട പോലും ഇല്ല എന്ന യാഥാർത്ഥ്യം .എന്റെ ഫുഡ് എവിടെയെന്ന് സപ്ലയറോട് ചോദിച്ചു .സാറിന് വേണ്ടന്ന് കരുതി എടുത്ത് വേസ്റ്റിൽ തട്ടിയെന്ന് കശ്മലന്റെ മറുപടി .പടച്ചോനേ ഇനി ഫുഡ് വേണമെങ്കിൽ വീണ്ടും കൂപ്പൺ എടുക്കണം .അവിടേക്ക് പോകണമെങ്കിൽ ഒരു കിലോമീറ്റർ നടക്കണം (അതിശയോക്തി) തിരിച്ചും .വയ്യ ,അല്ല കഴിച്ചിട്ടും വല്യ കാര്യമൊന്നും ഇല്ല വീണ്ടും ഡബ്ബയിൽ തട്ടാനല്ലേ .ബേക്കറി സാധനങ്ങൾ വിൽകുന്ന സ്റ്റോറിൽ ചെന്ന് ഒരു പാക്കറ്റ് ജ്യൂസ് വാങ്ങി ഒരു കേക്കും .അതുമായി വെളിയിലിറങ്ങി .അധികം ആളൊന്നുമില്ല .നല്ല വെയിലും .വീണ്ടും ബെർത്തിലേക്ക് .
അധികം വെറുപ്പിക്കുന്നില്ല .ആ ദിവസവും അങ്ങനെ കഴിഞ്ഞു .ഈ കപ്പൽ എവിടെയെങ്കിലും കുറച്ച് നേരം നിർത്തിയിട്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയിട്ടുണ്ട് .ഇതിന്റെ ആട്ടമൊന്ന് നിന്നേ നെയല്ലോ പക്ഷെ നിർത്തിയില്ല .തിരിച്ച് വന്നപ്പോഴായിരുന്നു ഇതിലും ഭയാനകം .വേറൊരു ദ്വീപിലുള്ള കുറച്ച് ആളുകളെ കയറ്റാനായി പോയതിനാൽ യാത്ര ഒരു ദിവസം കൂടി നീണ്ടു .പോരാത്തതിന് മഴക്കാലവും ശക്തമായ തിരമാലകളും .തുറമുഖം ഇല്ലാത്തതിനാൽ ആ ദ്വീപിൽ കപ്പൽ അടുപ്പിക്കാനാവില്ല .യാത്രക്കാരും ലഗേജുകളും ഒരു ബോട്ടിൽ കയറ്റി കപ്പൽ നങ്കൂരമിട്ടിരുന്നിടത്തേക്ക് കൊണ്ടുവന്നു .താഴേനിന്ന് ചെറിയ സ്റ്റെപ് ലാഡർ വഴിയാണ് അവർ കയറി വരേണ്ടത് . കടൽക്ഷോഭം കാരണം ബോട്ട് അടുപ്പിക്കാനോ ഇതിൽ കയറാനോ കുറേ നേരത്തേക്ക് കഴിഞ്ഞില്ല .ബോട്ട് പൊങ്ങിയും താഴ്ന്നും ശരിക്കും അവരെ വെള്ളം കുടിപ്പിക്കുകയും കുളിപ്പിക്കുകയും ചെയ്തു .അന്നത്തെ ദിവസവും രാത്രിയും ആരും ഡക്കിൽ പോകരുതെന്ന് അറിയിപ്പ് കിട്ടി .ചില സമയം തിരമാലകൾ ഡക്കിന് മുകളിൽ വരെ വന്നു വീഴുന്നുണ്ടായിരുന്നു .പിറ്റേന്ന് വെയിലിൽ ഉപ്പ് തരികളായ് കിടന്നത് രസമുള്ള കാഴ്ചയായിരുന്നു .

അങ്ങനെ മൂന്നാമത്തെ ദിവസം പൊട്ടി വിടർന്നു .ഇന്നെന്തായാലും കപ്പൽ പോർട്ട് ബ്ലയറിൽ എത്തും എന്ന ചിന്ത തന്നെ ഉത്സാഹഭരിതനാക്കി .മാത്രവുമല്ല അസ്തമയം അല്ലാതെ സൂര്യോദയം ഇതുവരെ കപ്പലിൽ നിന്ന് കണ്ടതുമില്ല .അതിനായ്‌ നേരത്തേ തന്നെ എഴുന്നേറ്റ് മുകളിൽ പോയി .തണുത്ത കാറ്റ് , ശാന്തമായ കടൽ .കുറച്ച് പേർ ആഞ്ഞ് വലിച്ച് പുകക്കുന്നുണ്ട് .പതിയെ അരുണ കിരണങ്ങൾ ഉയർന്നു വന്നു .ഒരു കോഫിയും കുടിച്ച് കുറേ നേരം അവിടെയിരുന്നു .പിന്നെ പ്രഭാതകൃത്യങ്ങൾ .കുളി കഴിഞ്ഞപ്പോൾ ഒരു ഉൻമേഷം തോന്നുന്നുണ്ട് .ബ്രേക്ക് ഫാസ്റ്റ് നല്ല രീതിയിൽ തന്നെ അകത്താക്കി .എപ്പോൾ പോർട്ട് ബ്ലയറിൽ എത്തുമെന്ന് പതിവുകാരോട് അന്വേഷിച്ചു .ഉച്ചയാവുമെന്ന് മറുപടി .ഇപ്പോൾ പത്ത് മണി .ദ്വീപുകൾ കണ്ടുതുടങ്ങാൻ സമയമായെന്ന് ചിലർ പറഞ്ഞു. ങാഹാ അതൊക്കെ കാണണമല്ലോ .മുകളിലേക്ക് കയറി .മിക്ക ആളുകളും ഡെക്കിലേക്ക് പോകുന്നുണ്ട് .മുഖത്ത് സന്തോഷം ,രണ്ട് ദിവസമായില്ലേ കര കണ്ടിട്ട് അതിന്റെയാവും  .ചരക്ക് കപ്പലുകളിൽ പോകുന്നവർ എത്രയോ ആഴ്ചകൾ കഴിഞ്ഞാവും കര കാണുക എന്ന് ഞാനോർത്തു .കപ്പലിന്റെ മുൻഭാഗത്ത് ചെന്നു .ഇവിടാവുമ്പോ എവിടെ ദ്വീപ് കണ്ടാലും മിസ്സാവില്ല .എനിക്ക് പിറകിൽ ഒരു ബഹളം .ആളുകൾ മച്ചി മച്ചി എന്ന് ആർത്ത് വിളിക്കുന്നു .എല്ലാവരും അവിടെ താഴോട്ട് കമിഴ്ന്ന് കിടന്ന് നോക്കുന്നു .നോക്കുമ്പോൾ രസകരമായ കാഴ്ചയാണ് .വലിയ മീനുകൾ കപ്പലിനൊപ്പം നീന്തി രസിക്കുന്നു .കൂട്ടം ചേർന്നുള്ള നീന്തൽ മത്സരമാണ് .കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരു കൂട്ടർ വന്നു പറക്കും മീനുകൾ  (Flying fish). അവ വെള്ളത്തിന് മുകളിലൂടെ ചാടി / പറന്ന് പോകുന്നു .അഞ്ച് പത്ത് മീറ്റർ ദൂരേക്കാണ് അവ ചാടി വീഴുന്നത് .വാലുകൾ വെള്ളത്തിൽ ഒരു വര വരച്ചുകൊണ്ടാണ് പോക്ക് .ഇവയുടെ ദേഹത്ത് വെയിലേറ്റ് തിളങ്ങുന്ന കാഴ്ച മനോഹരമായിരുന്നു .പറയേണ്ടുന്ന ഒരു കാര്യം കടൽ മാറിയപ്പോൾ മത്സ്യങ്ങളുടെ ഇനവും മാറിയെന്നതാണ് .അറബിക്കടലിൽ നിന്ന് നമുക്ക് കിട്ടുന്ന മീനുകളല്ല ബംഗാൾ ഉൾക്കടലിലുള്ളത് .മനുഷ്യരെ പോലെ അവക്കും പ്രത്യേകം രാജ്യവും (ചിരിക്കുന്ന ഇമോ) ജീവിത സാഹചര്യവും ഉണ്ടാവുമോ എന്തോ ?

ഏകദേശം പതിനൊന്ന് മണിയോടു കൂടി ആദ്യത്തെ ദ്വീപ് കണ്ടു .ചെറിയൊരു ദ്വീപ് .ചുറ്റും കുഞ്ഞു തിരമാലകൾ .വെയിലേറ്റ് തിളങ്ങുമ്പോൾ ദ്വീപിനെ വെള്ളിക്കൊലുസണിയിച്ചതു പോലെ .അത് കണ്ണിൽ നിന്ന് മറഞ്ഞു .വീണ്ടും അകലെയൊന്ന് .പിന്നെയും കടൽ മാത്രം. ശെടാ ഇതെവിടെയുമെത്തിയില്ലേ .ആദ്യത്തെ ആശ്വാസം നിരാശക്ക് വഴിമാറി .പിന്നെ പിന്നെ ദ്വീപുകളുടെ കൂട്ടങ്ങൾ .ഭൂരിഭാഗത്തിലും ആൾ താമസം ഇല്ല .ആധുനിക മനുഷ്യന്റെ കാൽപാടു പോലും പതിയാത്തത് .അവിടുത്തെ ആദിമവാസികളെക്കുറിച്ച് പിന്നീട് പറയാം .ചരിത്രവും മിത്തുകളും കൂടിച്ചേർന്നത് .അവിശ്വസനീയമായത് പോലും അക്കൂട്ടത്തിലുണ്ട് .ഷെർലക് ഹോംസിന്റെ കഥയിൽ പോലും ഒരു കഥാപാത്രം നമ്മുടെ ആൻഡമാൻ വാസിയാണ് .വായിച്ചിട്ടുള്ളവർ ഓർക്കുന്നുണ്ടാവും .എന്തായാലും കാഴ്ചകൾ കണ്ട് രസിച്ചങ്ങനെ നിന്ന് ഉച്ചയൂണിനുള്ള അറിയിപ്പ് അവഗണിച്ചു .ഇനി വീട്ടിൽ ചെന്നിട്ടാവാം എന്ന് കരുതി .ഇതിപ്പോൾ അങ്ങു ചെല്ലുമല്ലോ .പക്ഷെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് സംഭവം പിന്നെയുമങ്ങനെ ഒഴുകുകയാണ് .മണി ഒന്ന് ,രണ്ട് ,മൂന്ന് .അവസാനം കപ്പൽ രണ്ട് ദ്വീപുകൾക്കിടയിലൂടെ  തിരകളില്ലാത്ത ശാന്തമായ ഭാഗത്തേക്ക് പ്രവേശിച്ചു .അവസാനം കപ്പൽ നങ്കൂരമിട്ടു .
എല്ലാവരും ബാഗുകൾ എടുത്ത് തയ്യാറായിക്കഴിഞ്ഞു. താഴെ ഗേറ്റിന് വെളിയിൽ നിന്ന് മാമ ഞങ്ങളെ കൈ വീശിക്കാണിക്കുന്നുണ്ട് .എല്ലാവരുടെ മുഖത്തും സന്തോഷം ,പുഞ്ചിരി .പക്ഷെ വർഷങ്ങൾക്ക് മുൻപ് തടവുകാരായി ,നരകയാതനയേറ്റ് ഭക്ഷണവും വെള്ളവും കിട്ടാതെ  ഇവിടെയെത്തിയ ഹതഭാഗ്യരെ ഞാനോർത്തു .ബന്ധുക്കളും സുഹൃത്തുക്കളുമല്ല അവരെ സ്വീകരിച്ചത് ബ്രിട്ടീഷുകാരുടെ ചാട്ടവാറും ചങ്ങലയുമായിരുന്നു .അവരുടെ രക്തം വീണ് കറുത്ത കടലിന് മുകളിൽ നിന്ന് അവരുടെ ജീവനെടുത്ത മണ്ണിലേക്ക് ഞങ്ങൾ  ഇറങ്ങിച്ചെന്നു .

ഒരൽപം ചരിത്രം പറഞ്ഞു കൊണ്ട് നമുക്ക് ആൻഡമാൻ കാഴ്ചകളിലേക്ക് നടക്കാം .

മലയ ഭാഷയിലെ Handuman എന്ന പദത്തിൽ നിന്നാണ് ആന്തമാൻ എന്ന പേരു ലഭിച്ചതെന്നു കരുതപ്പെടുന്നു.പുരാതന കാലം മുതൽ ഇവിടെ താമസിച്ചിരുന്ന ആദിവാസികളിൽ നിന്നാണ്‌ നിക്കോബാർ എന്ന പേർ ലഭിച്ചത് . നിക്കോബാർ എന്നതും മലയ ഭാഷയാണ് .അർത്ഥം നഗ്നരുടെ നാട്. ക്രിസ്താബ്ദം672-ൽ ഇവിടെയെത്തിയ ഇത്സങ്ങ്‌ എന്ന ചൈനീസ്‌ യാത്രികനും തഞ്ചാവൂരിലെ പുരാതനരേഖകളും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്‌ നക്കാവരം എന്നാണ്‌, അർത്ഥം നഗ്നരുടെ നാട്‌ എന്നു തന്നെ.
കാലാപാനി എന്നാണ് ഒരിക്കൽ ഈ ദ്വീപു സമൂഹം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാരെ തടവിൽ പാർപ്പിക്കുവാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച സ്ഥലമാണ്‌ ദ്വീപുകൾ. തടവുകാരുടെ ചോര വീണു കറുത്തതിനാലാണത്രെ കാലാപാനി എന്ന പേര്‌ ലഭിച്ചത്.  ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ.കേന്ദ്ര ഭരണ പ്രദേശമാണിത്.വെറും 8249 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം മായാതെ കിടക്കുന്ന ഇവിടം ചരിത്രാന്വേഷികൾക്കും, ശിലായുഗവാസികൾ ഇന്നും വസിക്കുന്നതുകൊണ്ട്‌ നരവംശ ശാസ്ത്രജ്ഞർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ,ഇപ്പോൾ വിനോദസഞ്ചാരികൾക്കും. ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്‌. ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ്‌ ദ്വീപുകൾ. മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുസ്ഥാനിയും ഇവിടെ ഒന്നിച്ചു കഴിയുന്നു. സിക്കും മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും എല്ലാം സാഹോദര്യത്തോടെ ജീവിക്കുന്നു .

ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്.വടക്കുഭാഗത്തുള്ള ആൻഡമാൻ ദ്വീപുസമൂഹത്തിൽ 204 വ്യത്യസ്തദ്വീപുകളാണുള്ളത്. ആൻഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ്. ഈ ദ്വീപുകളിൽ വടക്കേ ആൻഡമാൻ, മദ്ധ്യ ആൻഡമാൻ, തെക്കൻ ആൻഡമാൻ എന്നിങ്ങനെയുള്ള മൂന്നു ദ്വീപുകളാണ് പ്രധാനം. ഈ ദ്വീപുകളെ വേർതിരിച്ചിരിക്കുന്ന ആഴവും, വീതിയും കുറഞ്ഞ ചാലുകളും കണ്ടൽക്കാടുകളും, ഈ ദ്വീപുകളെല്ലാം പണ്ട് ഒരൊറ്റ ദ്വീപായിരുന്നു എന്ന് കാണിക്കുന്നു.
തെക്കുഭാഗത്തെ ദ്വീപുസമൂഹമായ നിക്കോബാർ ദ്വീപുകൾ പത്തൊമ്പത് ദ്വീപുകളുടെ സമൂഹമാണ്. ഈ ദ്വീപുകളിൽ ഏഴ് എണ്ണത്തിൽ മനുഷ്യവാസമില്ല. ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാർ ആണ് ഏറ്റവും വലിയ ദ്വീപ്. 133 ചതുരശ്രമൈൽ ആണ് ഇതിന്റെ വിസ്തീർണ്ണം. ഇന്തോനേഷ്യയിലെ സുമാത്രയിൽ നിന്ന് 90 മൈൽ ദൂരം മാത്രമാണ് ഈ ദ്വീപിലേക്കുള്ളത്
അനേകായിരം വർഷങ്ങൾക്കു മുമ്പുതന്നെ ആന്തമാൻ ദ്വീപു സമൂഹങ്ങളിൽ മനുഷ്യ വാസമുണ്ടായിരുന്നുവെന്നാണ് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. ദ്വീപുകളിൽ നടത്തിയ ഏറ്റവും പുതിയ പുരാവസ്തു ഗവേഷണങ്ങൾ പ്രകാരം 2200 വർഷങ്ങൾക്കു മുമ്പുവരെയുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ദ്വീപിലെ ആദിവാസികളുടെ ജനിതക, സാംസ്കാരിക, ഭാഷാ പശ്ചാത്തലങ്ങളനുസരിച്ച് മുപ്പതിനായിരം മുതൽ അറുപതിനായിരം വർഷങ്ങൾക്കു മുൻപേ ആന്തമാനിൽ മനുഷ്യ വാസമുണ്ടെന്നാണ് ഗവേഷകർ അനുമാനിക്കുന്നത് .ബംഗാൾ ഉൾക്കടലിലെ ഒരു സുപ്രധാന കേന്ദ്രം എന്ന നിലയിലാണ് ദ്വീപുകളെ പ്രയോജനപ്പെടുത്തുവാൻ വെള്ളക്കാർ ആദ്യം തീരുമാനിച്ചത്‌. 1777-ൽ ദ്വീപുകൾ സർവ്വെ ചെയ്യാൻ ജോൺ റിച്ചി നിയോഗിതനായി 1788-ൽ ക്യാപ്റ്റൻ ആർച്ചിബാൾഡ്‌ ബ്ലയർ ആണ്‌ സർവ്വേ പൂർത്തിയാക്കിയത്‌ അക്കൊല്ലം തന്നെ ബ്രിട്ടീഷുകാർ അവിടെ കോളനിയും സ്ഥാപിച്ചു. 270 തടവുകാരേയും 500 നു മുകളിൽ ജനങ്ങളേയും ആണ്‌ ആദ്യമായി ദ്വീപിൽ പാർപ്പിച്ചത്‌. പക്ഷേ വൻകരയിൽ നിന്ന് ഒറ്റപെട്ടനിലയിൽ ആദിവാസികളുടെ ആക്രമണത്തേയും പകർച്ചവ്യാധികളെയും അവർക്ക്‌ പ്രതിരോധിക്കാനായില്ല. 1795-ൽ കോളനി ഉപേക്ഷിക്കപ്പെട്ടു. അതിനു ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ നിക്കോബാർ ദ്വീപുകൾ ഒരു മലയൻ കൊള്ളസംഘത്തിന്റെ ആസ്ഥാനമായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഒരു വിമതനായിരുന്നു ഇവരുടെ നേതാവ്. ബംഗാൾ ഉൾക്കടലിലെ കടൽക്ഷോഭം മൂലം കപ്പലുകൾ പലപ്പോഴും നിക്കോബാർ തീരത്ത് അടുക്കാറുണ്ടായിരുന്നു. കൊള്ളക്കാർ ഇത്തരം കപ്പലുകൾ പിടിച്ചെടുക്കുകയും അതിലെ ചരക്കുകൾ സ്വന്തമാക്കി കപ്പലിലുള്ളവരെ വധിക്കുകയും ചെയ്തിരുന്നു. ഈ വാണിജ്യപാതയുടെ സംരക്ഷണത്തിനായി ബ്രിട്ടീഷുകാർ പിന്നീട് ഈ ദ്വീപുകൾ അവരിൽ നിന്ന് പിടിച്ചെടുത്തു. അതിന് ശേഷം 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ചാണ്‌ ആന്തമാൻ ദ്വീപിനെ ബ്രിട്ടീഷുകാർ വീണ്ടും ഉപയോഗപ്പെടുത്തുന്നത്‌. ശിപായിലഹള എന്നവർ പേരിട്ട സമരത്തിൽ പങ്കാളികളായ 1000-ൽ അധികം പേരെ നാടുകടത്താൻ ദ്വീപ്‌ തിരഞ്ഞെടുത്തു. 1858 മാർച്ച്‌ നാലാം തിയതി ഇരുനൂറ്‌ തടവുകാരുമായി ആദ്യ കപ്പൽ ആന്തമാൻ ദ്വീപിലെത്തി. കൊൽക്കത്തയിൽ നിന്നു തിരിച്ച സംഘത്തിൽ രണ്ട്‌ ഡോക്ടർമാരും 50 നാവികരും ഉണ്ടായിരുന്നു. ഡോ. ജെ.പി. വാൾക്കർ ആയിരുന്നു നേതാവ്‌. പ്രതികൂലാവസ്ഥയിലും തടവുകാരെ ഉപയോഗിച്ച്‌ പോർട്ട്‌ ബ്ലയറും, റോസ്സ്‌ ദ്വീപും മനുഷ്യവാസയോഗ്യമാക്കപ്പെട്ടു. തടവുകാർ സഹനത്തിന്റെ അതിർവരമ്പുകൾ കണ്ടുതുടങ്ങി. ബീഹാറിൽ നിന്ന് ജീവപര്യന്തം തടവുകാരനായെത്തിയ നാരായൺ ഒരു ചെറുബോട്ടിൽ രക്ഷപെടാൻ ശ്രമിച്ചു. പക്ഷേ ഗാർഡുകൾ അയാളെ പിടികൂടി വെടിവെച്ചു കൊന്നു. ദ്വീപുകളിൽ സ്വാതന്ത്ര്യത്തിനു വേണ്ടി വീണ ആദ്യത്തെ രക്തത്തുള്ളി  നാരായണന്റേതായിരിക്കണം . തടവുകാർ പിന്നീടും വന്നുകൊണ്ടിരുന്നു. നിരവധിപേർ മരണമടഞ്ഞു, പലരും രക്ഷപെടാൻ ശ്രമിച്ചു. അവരെയെല്ലാം പിടികൂടി പരസ്യമായി തൂക്കിക്കൊന്നു. ഇക്കാലയളവിൽ 87 പേരാണ്‌ ഇങ്ങനെ കൊല്ലപ്പെട്ടത്‌.1921ലെ മലബാർ കലാപത്തിൽ പങ്കാളികളായയവരെ അന്തമാൻ സ്കീം പ്രകാരം നാടുകടത്തിയതും ഈ ദ്വീപിലേക്കായിരുന്നു. ഇന്ന് ദ്വീപിലുള്ള മലയാളികളിൽ പലരും അവരുടെ പിന്തുടർച്ചക്കാരാണ് .
(വിവരങ്ങൾക്ക് കടപ്പാട്)

ഇടക്കിടക്ക് ഇനിയും കുറേശ്ശെ ചരിത്രം വരും .അതുകൊണ്ട് ബോറടിക്കില്ല .സഞ്ചാരികളായ നാം ചെല്ലുന്ന സ്ഥലങ്ങൾ ആസ്വദിക്കുന്നതോടൊപ്പം അവിടുത്തെ ചരിത്രവും കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു .നിങ്ങളെ വീണ്ടും ഞാൻ കപ്പലിറങ്ങിയ സ്ഥലത്തേക്ക്  കൊണ്ട് പോവുകയാണ് .
ആദ്യമായാണ് മാമായുടെ രണ്ട് ആൺമക്കളെ കാണുന്നത് .അവർ ഞങ്ങളുടെ ബാഗുകൾ അങ്ങേറ്റെടുത്തു .മാമ എന്റെ കൈ പിടിച്ച് നടന്നു .പോകുന്ന വഴി അവിടുത്തെ സ്ഥലങ്ങളുടെ ഏകദേശ വിവരങ്ങൾ പറഞ്ഞു തന്നു .ചെറിയ ഒരു പാലം കടന്ന് ഞങ്ങൾ അടുത്ത ദ്വീപിലേക്ക് പ്രവേശിച്ചു .ഇതാണ് ചാത്തം ഐലൻറ് .ഏഷ്യയിലെ ഏറ്റവും വലിയ സാമിൽ ഇവിടെയാണ് .മുൻപ് തടികൾ കയറ്റുമതി ചെയ്തിരുന്നു, ഇപ്പോഴില്ല .ഭീമൻ മരങ്ങൾ അടുക്കിയിട്ടിരിക്കുന്നു .വളരെ ചെറിയൊരു ദ്വീപാണ് ഇത് .രണ്ടാം ലോകയുദ്ധത്തിൽ ബോംബ് വീണ ഗർത്തം ഇവിടെയുണ്ട് .ഇവിടുന്ന് കുറേ പോകണോ വീട്ടിലേക്ക് ? ഞാൻ ചോദിച്ചു .ദാ ആ കാണുന്നതാണ് വീട് .അപ്പുറത്തുള്ള ദ്വീപിലെ ഒരു ചെറിയ കുന്ന് ചൂണ്ടി മാമ പറഞ്ഞു .ചാത്തം ഐലന്റിലെ ബോട്ട് ജെട്ടിയിൽ നിന്ന് രണ്ട് രൂപ ടിക്കറ്റെടുത്ത് ബോട്ടിൽ കയറി .അഞ്ച് മിനിറ്റ് കൊണ്ട് അക്കരെയെത്തി .ബോട്ടിൽ നിന്ന് കാലെടുത്ത് വെക്കുന്നത് പോലീസ് സ്റ്റേഷന്റെ മുറ്റത്തേക്കാണ് .ഇതാണ് ബംബൂ ഫ്ലാറ്റ് എന്ന സ്ഥലം .റോഡും കടലും അതിരു പങ്കിടുന്നു .എന്റെ വൈകുന്നേരങ്ങളിൽ എത്രയോ തവണ ആളുകൾ ചൂണ്ടയിടുന്നതും നോക്കി കാറ്റുമേറ്റ് ഇരുന്ന സ്ഥലം .റോഡിൽ നിന്ന് മൺപാതയിലേക്ക് കയറി ഞങ്ങൾ വീട്ടിലെത്തി .ഇവിടെ നിന്നാൽ കടലും തുറമുഖവും നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകളും കാണാം .

വീട്ടിൽ ബന്ധുക്കളും അയൽക്കാരുമൊക്കെ കാത്തിരിക്കുകയാണ് ഞങ്ങൾക്ക് വേണ്ടി .ആരും ഭക്ഷണം കഴിച്ചിട്ടില്ല .ശരി ഇനി ഭക്ഷണം കഴിച്ചിട്ടാവാം സംസാരമൊക്കെ .വേഗം ഡ്രസ് മാറി വന്നു .തമിഴ്നാട്ടിലൊക്കെ കിട്ടുന്ന പോലുള്ള ബിരിയാണിയായിരുന്നു വിഭവം .ആകെ മസാലക്കൂട്ടുകളുടെ സമ്മേളനം .നമ്മുടെ കൈതയോല പോലുള്ള ഒരിനം ഇല കൊത്തിയരിഞ്ഞ് ഇട്ടിരിക്കുന്നു .അതിനും കറുക ഇലയുടെ ഗന്ധം .വിശന്ന് വലഞ്ഞതിനാൽ ഒന്നും നോക്കിയില്ല വലിച്ച് വാരിത്തിന്നു .തീറ്റി കഴിഞ്ഞ് ചിലർ റോജാ പാക്കൊക്കെയിട്ട് മുറുക്കിത്തുപ്പി തുടങ്ങി .മറ്റു ചിലർക്ക് ഉണക്കപ്പാക്ക് (അടക്ക) പുകയില തുടങ്ങിയ സ്വാദൂറും വിഭവങ്ങളോടാണ് താത്പര്യം .അതോടെ വന്നവരൊക്കെ സ്ഥലം വിട്ടു .

രാത്രി ചപ്പാത്തിയും ഡാലുകറിയും കട്ടൻ ചായയുമായിരുന്നു . വീടിന് വെളിയിൽ നിന്ന് തുറമുഖത്തേക്ക് നോക്കിയാൽ കപ്പലുകളും അവയുടെ ലൈറ്റുകളും കാണാം .പായ് വിരിച്ച് തറയിലാണ് കിടന്നത് .കണ്ണടക്കുമ്പോഴൊക്കെ വീടും അതിൽ കിടക്കുന്ന ഞാനും ആടുന്നുണ്ടോ എന്നൊരു സംശയം . കപ്പലിന്റെ ഹാങ്ങോവർ മാറിയിട്ടില്ല .അങ്ങനെ ആൻഡമാനിലെ അദ്യരാത്രി ,സുഖമായി പുതച്ചുമൂടി കിടന്നുറങ്ങി .പിറ്റേന്ന് ഭയങ്കരൻ ഒരു പഴുതാരയെ വീട്ടിനകത്ത് കണ്ടതിന് ശേഷം പിന്നെയാ ഉറക്കം കിട്ടിയിട്ടുമില്ല .മൺ വീടുകളും പരമ്പ് (ഈറ) കൊണ്ട് മറച്ച ഭിത്തികളുമാണ് അന്ന് കൂടുതലും ഉണ്ടായിരുന്നത് .വലിയ പണക്കാർക്ക് മാത്രമാണ് ഇരുനില വീടുകൾ ,അതും പലകയടിച്ച തട്ടും ഓടോ, ഓലയോ ,തകരഷീറ്റോ മേഞ്ഞ മേൽക്കൂരയും .കോൺക്രീറ്റ് ബിൽഡിംഗുകൾ വളരെ വളരെ അപൂർവ്വമായിരുന്നു .

അതിരാവിലെ തന്നെ വീട്ടുകാരെല്ലാം എഴുന്നേറ്റിരുന്നു .ഞാനും എഴുന്നേറ്റ് പുറത്ത് വന്നു .നല്ല കട്ട തണുപ്പ് .പല്ലുതേപ്പ് കഴിഞ്ഞ് കട്ടൻ ചായയും കുടിച്ച് വരാന്തയിൽ ഇരുന്നപ്പോൾ ഒരു കാഴ്ച കണ്ടു ,കുറേ ഞണ്ടുകൾ മുൻപിലുള്ള തെങ്ങുകളിൽ നിന്നിറങ്ങി വരുന്നു .അതും നല്ല മുട്ടൻ സാധനങ്ങൾ .മുകളിൽ കയറി ഇളം കരിക്കു തുരന്ന് ശാപ്പിടലാണ് ഇവൻമാരുടെ വിനോദം .(നമ്മുടെ നാട്ടിലിപ്പോൾ പലയിടത്തും ആഫ്രിക്കൻ ഒച്ചുകളാണ് ശല്യം .) മാമ ജോലിക്ക് പോകാൻ റെഡിയാവുന്നു .സെല്ലുലാർ ജയിൽ എവിടാ .ഇവിടെ അടുത്തെങ്ങാനുമാണോ ?ഞാൻ ചോദിച്ചു.
അത് ബജാറിനടുത്താ .ഞാൻ ആ വഴിക്കാ പോകുന്നത് .ങാഹാ ,എങ്കിൽ ഞാനും വരുന്നു .എനിക്ക് ജയിൽ കാണണം .എടാ നീ വന്നതല്ലേയുള്ളൂ പിന്നീട് പോകാം എന്ന് മാമ .ഇല്ല എനിക്കിന്നു തന്നെ കാണണം .എങ്കിൽ ശരി റെഡിയായിക്കോ .ഞാനെപ്പോഴേ റെഡി .പിന്നെയെല്ലാം പെട്ടന്നായിരുന്നു .കുളിയും കാപ്പി കുടിയും കഴിഞ്ഞ് ഒരുങ്ങിയിറങ്ങി .ജെട്ടിയിൽ വാഹനങ്ങളുൾപടെ കയറ്റുന്ന വലിയ ബോട്ടിൽ ( വെഹിക്കിൾ ഫെറി )കയറി. ബോട്ട് പോകുന്നത് ഫീനിക്സ് ബേ ജെട്ടിയിലേക്കാണ് .ടൂറിസ്റ്റ് സ്പോട്ടുകളിലേക്കും മറ്റ് ദീർഘദൂര ദീപുകളിലേക്കും ഇവിടുന്ന് സർവീസുണ്ട് . ഞങ്ങൾ ബോട്ടിൽ നിന്നിറങ്ങി ബസാറിലേക്ക് നടന്നു .ആൻഡമാന്റെ തലസ്ഥാനമായ പോർട്ട് ബ്ലയറിലെ പ്രധാന സിറ്റിയാണ് അബർദീൻ ബസാർ .നാട്ടുകാർ ബജാർ / ബസാർ എന്നാണ് പറയുന്നത് .സിറ്റി എന്ന് പറയുമെങ്കിലും അത്ര വലിയ സംഭവമൊന്നുമല്ല ,ഒരു ചെറിയ പട്ടണം അത്ര തന്നെ .പോകുന്ന വഴി എനിക്ക് ആ സ്ഥലങ്ങളുടെ ഒരു വിവരണവും ചരിത്രകഥകളുമൊക്കെ മാമായിൽ നിന്ന് കിട്ടിക്കൊണ്ടിരുന്നു. ജയിലിലേക്ക് പോകുന്ന വഴി കാണിച്ച് തന്നിട്ട് മാമ ,മാമാടെ പണിക്ക് പോയി .ഉച്ചയാവുമ്പോൾ ഞാനവിടെ എത്താമെന്നും ഒന്നിച്ചു വീട്ടിൽ പോകാമെന്നും പറഞ്ഞിരുന്നു .

  • ബാജാറിൽ നിന്ന് അൽപം നടന്നാൻ ജയിലിനടുത്തെത്താം. ജയിൽ കവാടത്തിന് മുന്നിൽ കുറച്ച് നേരം നോക്കി നിന്നു .എന്തുമാത്രം ഹതഭാഗ്യരായിരിക്കും ഇതുവഴി കടന്നു പോയിട്ടുണ്ടാവുക .പക്ഷെ അവരിലധികവും പിന്നെ ജീവനോടെ പുറത്ത് പോയിട്ടില്ലെന്ന് ഓർത്തപ്പോൾ ഒരു വിറയൽ കാലിൽ നിന്നരിച്ച് കയറി . 

."ലോകത്ത്‌ ഒരു ദൈവമേയുള്ളു, അദ്ദേഹം സ്വർഗ്ഗത്തിൽ ആണു താമസിക്കുന്നത്‌ .എന്നാൽ പോർട്ട്‌ ബ്ലയറിൽ രണ്ട്‌ ദൈവങ്ങളുണ്ട്‌, ഒന്ന് സ്വർഗ്ഗത്തിലെ ദൈവം പിന്നെ ഞാനും" പുതിയ തടവുകാരെ ചീഫ്‌ വാർഡൻ ഡേവിഡ് ബാരി സ്വീകരിക്കുന്നത്‌ ഇങ്ങനെയായിരുന്നത്രെ. ആ ക്രൂരനായ പിശാചിന്റെ നരകത്തിലേക്ക് ഞാൻ കയറിച്ചെന്നു .....(തുടരും )




ഈ പോസ്റ്റിൽ കൊടുക്കുന്ന ചിത്രങ്ങൾ Andaman &Nicobar Tourism വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നെടുത്തതാണ് .കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ സൈറ്റിൽ നിന്ന് കിട്ടും .വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി .

No comments:

Post a Comment