26 March 2017

പ്രേമം

അവനൊന്നു നോക്കി ,അവളവനെയും നോക്കി .ആ ബസ്സ്റ്റോപ്പിൽ അവരെ വേറാരും നോക്കുന്നുമില്ല .
കുറേ നാളായി ഈ നോട്ടം തുടങ്ങീട്ട് .ഇങ്ങനെ പോയാൽ ഇതെങ്ങും എത്തില്ലെന്നവൾക്ക് തോന്നി .അവന് നാണമായിരിക്കും .എന്തായാലും പറയുക തന്നെയെന്ന് ഉറപ്പിച്ചു .
ഒരു വൈകുന്നേരം അയാളുടെയടുത്ത് ചെന്ന് അവൾ പറഞ്ഞു - എനിക്ക് ചേട്ടനെ ഇഷ്ടമാണ് .
ഏതൊരു യുവാവിനെയും പോലെ അയാളാദ്യമൊന്ന് ഞെട്ടി .(പെണ്ണുങ്ങളിങ്ങോട്ട് വന്ന് എന്തേലും പറഞ്ഞാ ആരായാലും ഞെട്ടും) പിന്നെ സമചിത്തത വീണ്ടെടുത്തു കൊണ്ട് അയാൾ പറഞ്ഞു
- നീ ഈ കാണിച്ചത് ഒട്ടും ശരിയായില്ല .ഇതാണോ നമ്മുടെ സംസ്കാരം .നിനക്ക് നാണമില്ലേ .ശരി നിനക്ക് ഞാൻ ചില ഉപദേശങ്ങൾ തരാം .ദയവായി കിടക്കുന്നതിന് മുൻപ് നീ ഇത് വായിക്കണം .നിനക്ക് ലക്ഷ്യത്തിലെത്താം .
അയാളൊരു കടലാസിൽ എന്തോ കുത്തിക്കുറിച്ച് മടക്കി അവളുടെ കൈയിൽ പിടിപ്പിച്ചു .
പാവം അവൾക്ക് ചത്താ മതിയെന്ന് തോന്നിത്തുടങ്ങി .നാണക്കേട് ,മാനഹാനി .വേണ്ടായിരുന്നു .എങ്കിലും അയാൾ അങ്ങനെ പറയുമെന്ന് ഒരിക്കലും വിചാരിച്ചില്ല .ദുഷ്ടൻ ,ഇതിനാണോ അവൻ എന്നും കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചത് .അല്ലേലും ഈ ആണുങ്ങൾ ഇങ്ങനാ .
അവളുടെ കണ്ണുകൾ ആലോചിക്കും തോറും നിറഞ്ഞൊഴുകി .അത്താഴം കഴിക്കാൻ തോന്നുന്നില്ല . ബെഡ് റൂമിലെത്തി കതകടച്ച് കട്ടിലിലേക്ക് വീണു. തലയിണയിൽ മുഖം അമർത്തി കുറേ നേരം കിടന്നു കഴിഞ്ഞപ്പോഴാണ് അയാൾ കൊടുത്ത പേപ്പറിനെക്കുറിച്ചവളോർത്തത് .എന്തായിരിക്കും അവന്റെ ഉപദേശം .എന്തായാലും നോക്കിയേക്കാം .
ബാഗിൽ നിന്ന് പേപ്പറെടുത്ത് അവൾ അത് നിവർത്തി .അതിൽ ഇങ്ങനെ എഴുതിയിരുന്നു - മണ്ടീ എന്റെ ഭാര്യ പുറകിൽ നിൽക്കുന്നത് കണ്ടില്ലേ ? അപ്പോഴാണോ ഇതൊക്കെ പറയാൻ കണ്ട സമയം .വിഷമിക്കണ്ട എന്റെ മൊബൈൽ നമ്പർ - 944....... 61.
please call me .

അവസ്ഥ

എടീ എന്തൊക്കെയുണ്ട് വിശേഷം ? ഇന്നലെ അവധിയൊക്കെ ആഘോഷിച്ചോ ?
ഓ ... എന്തു വിശേഷം ,എന്ത് അവധി .എപ്പോഴും സംഭവിക്കുന്ന പോലെ ദുരന്തം തന്നെ ഇന്നലെയും .അങ്ങേര്  കണ്ട ചായക്കടയിലൊക്കെ പോയിരുന്ന് കണ്ണീ കണ്ടവൻമാരോട് വർത്താനോം പറഞ്ഞ് ,കേറി വന്ന് ഉണ്ടാക്കി വെച്ചിരുന്നതൊക്കെ കേറ്റീട്ട് പോയിക്കിടന്നുറങ്ങി ,അത്ര തന്നെ .

ആട്ടെ ,നിനക്കെങ്ങനെയുണ്ടായിരുന്നു ഇന്നലെ ?
എനിക്ക് മറക്കാൻ പറ്റാത്ത സന്തോഷത്തിന്റെ ദിവസമായിരുന്നു .അദ്ദേഹം എന്നെയും കൂട്ടി പുറത്ത് പോയി .ഹോട്ടലിൽ നിന്ന് അടിപൊളി ഭക്ഷണം കഴിച്ചു .എന്നിട്ട് ഞങ്ങൾ മിന്നാമിനുങ്ങുകളെയും നക്ഷത്രങ്ങളെയും കണ്ടു കൊണ്ട് നിലാവിൽ കൈകൾ കോർത്ത് വീടു വരെ നടന്നു .അവിടെ അദ്ദേഹം എല്ലാ റൂമുകളിലും മെഴുകുതിരി കൊളുത്തിവെച്ചു .ജനലുകൾ തുറന്നിട്ട് കാറ്റേറ്റ് കിടന്നുറങ്ങി .
        മറ്റൊരിടത്ത് അവരുടെ ഭർത്താക്കൻമാർ കഴിഞ്ഞ ദിവസത്തേ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് .
അളിയാ ,ഇന്നലെ ശരിക്കും എൻജോയ് ചെയ്ത ടാ .ജംഗ്ഷനിലെ ചായക്കടയിൽ നാട്ടുകാരും കൂട്ടുകാരുമൊക്കെയായി ബഹു രസമായിരുന്നു .വീട്ടിൽ ചെന്നപ്പോൾ ഭാര്യ നല്ല ഫുഡ് ഉണ്ടാക്കി വെച്ചിരിക്കുന്നു .തിന്നിട്ട് കിടന്ന് സുഖമായിട്ടുറങ്ങി .
നീയോ ?
ഒന്നും പറയണ്ട .ഒരു മുടിഞ്ഞ ദിവസമായിപ്പോയി ഇന്നലെ .കറണ്ട് ബില്ലടക്കാൻ മറന്ന കാരണം ഫ്യൂസ് അവൻമാര് ഊരി .ആകെ ഇരുട്ടായത് കൊണ്ട് ഭക്ഷണം പുറത്ത് നിന്നാക്കി .മുടിഞ്ഞ തീറ്റി കാരണം ബില്ലടച്ച് കഴിഞ്ഞപ്പം കൈയിലുള്ള പണവും തീർന്നു .പിന്നെ ഇരുട്ടത്ത് വീട് വരെ നടന്നു .അടുത്തുള്ള കടയിൽ നിന്ന് ഒരു കൂട് മെഴുകിതിരിയും വേടിച്ച് കത്തിച്ച് ,കൊതുകുകടിയും കൊണ്ട് കിടക്കേണ്ടി വന്നു .

MORAL: PRESENTATION DOES MATTER… NO MATTER WHAT THE REALITY IS.

14 March 2017

Dear I always remember you

Dear I Always Remember You
ഇതാണത്രെ ഡയറി എന്നതിന്റെ പൂർണ രൂപം .ഇപ്പോഴും ഡയറി എഴുതുന്നവരുണ്ടോ എന്നറിയില്ല .പക്ഷെ ഓൾഡ് ജനറേഷനിലെ ചിലരെങ്കിലും ഡയറിയെഴുത്ത് ശീലമാക്കിയവരാവും .ഇന്നത്തെപ്പോലെ ലൈക്ക് കിട്ടാൻ വേണ്ടിയല്ല ,പിന്നീടെന്നെങ്കിലും വായിച്ച് രസിക്കാൻ ,ഓർമകൾ അയവിറക്കാൻ. അതൊരു രസമുള്ള അനുഭൂതിയാണ് .പക്ഷെ ആ ഡയറി മറ്റാരെങ്കിലും വായിച്ചാൽ ...? അതോടെ തീർന്നു നമ്മുടെ പൊങ്ങച്ചം .ഓരോ പ്രായത്തിലും വ്യത്യസ്തമായ ചിന്താഗതിയും അഭിപ്രായങ്ങളും തീരുമാനങ്ങളും മാറിക്കൊണ്ടേയിരിക്കും .അതു ഡയറിയിലും പ്രതിഫലിക്കും .വർഷങ്ങൾക്ക് ശേഷം അത് വായിക്കുന്ന നമുക്ക് തന്നെ ചിരി വരും .
അങ്ങനെയൊരു ചിരിയാണ് എന്റെ ഡയറികൾ കത്തിക്കാൻ കാരണമായത് .PDC ക്ക് പഠിക്കുമ്പോഴാണ് ഒരു സുഹൃത്ത് എനിക്കൊരു ഡയറി സമ്മാനിക്കുന്നത് .ആദ്യമൊക്കെ മടിച്ചെങ്കിലും പിന്നെ അത് ശീലമായി .2003 ൽ ആദ്യമായി "ഗുൾഫിൽ "വരുന്നത് വരെ എഴുതിയ ഡയറികളും വാങ്ങിക്കൂട്ടിയ പുസ്തകങ്ങളും മാഗസിനുകളും കുറെ കാർട്ടൂണിലാക്കി വെച്ചു.

വർഷങ്ങൾ കടന്നു പോയി .ഇനിയാണ് കഥ .

ഒരു പൊട്ടിച്ചിരി കേട്ടാണ്  ഉച്ചയുറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. നോക്കുമ്പോൾ ഭാര്യ .ഒരു പുസ്തകം വായിച്ച് ചിരിക്കുകയാണ് .നിർത്താതെയുള്ള ചിരി .ഓ വല്ല വേളൂരോ ,തോമസ് പാലയുടെയോ നോവലായിരിക്കും. ഒന്നുകൂടി പുറംചട്ട നോക്കി "മലയാള മനോരമ" ഡയറി .പടച്ചോനെ ചതിച്ചോ ? വല്ലതും കണ്ടു പിടിച്ചോ ? ഏയ് വഴിയില്ല ,അതൊക്കെ കല്യാണത്തിന് മുൻപ് തന്നെ കീറിക്കളത്ത് എഡിറ്റ് ചെയ്തതാണല്ലോ .ഇനി ആണെങ്കിൽ തന്നെ പൊട്ടിക്കരച്ചിലല്ലേ വരേണ്ടത്? പിടിച്ച് വാങ്ങി നോക്കി .ഒ.വി വിജയനും ,സുകുമാർ അഴീക്കോടിനും ,വി.കെ .എന്നിനും പോലും മനസ്സിലാവാത്ത ,കടിച്ചാൽ പൊട്ടാത്ത എന്റെ മലയാള സാഹിത്യം വായിച്ചാണ് ഈ പരിഹാസം .അന്ന് തന്നെ എല്ലാ ഡയറികളും തപ്പിയെടുത്തു കീറി കൂട്ടിയിട്ട് കത്തിച്ചു .മലയാളം വായിച്ചു തുടങ്ങിയ മോന്റെ പൊട്ടിച്ചിരി കൂടി സഹിക്കാൻ വയ്യ .

03 March 2017

മനോഹരമായ പാതകൾ

ചില വഴികളിലൂടെ പോകുമ്പോള്‍ എന്തെന്നില്ലാത്ത ആവേശമാണ്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ അങ്ങനെയങ്ങ് പോവുക. അതിന് പറ്റിയ വഴികളാണെങ്കില്‍ പറയുകയും വേണ്ട. ആ ഒരു മൂച്ചിന് ഹിമാലയം വരെ വേണമെങ്കില്‍ പോയിക്കളയും. ഇത്തവണ ചില വഴികളെ കുറിച്ച് പറയാം. യാത്ര ചെയ്യുവാന്‍ ഇഷ്ടമുള്ളവരെ ഉന്മാദികളാക്കുന്ന കേരളത്തിലെ വഴികള്‍. അവ ചിലപ്പോള്‍ ഒന്നോ രണ്ടോ കിലോമീറ്ററുകളേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ചിലത് നമ്മുടെ മനസുപോലെ ഇങ്ങനെ നീണ്ടു കിടക്കും. അതിന്റെ അറ്റം തേടി പൊയ്ക്കൊണ്ടേയിരിക്കാം.
യാത്രികരെ സംബന്ധിച്ചിടത്തോളം എല്ലാ പുതിയ വഴികളും അവന്/അവള്‍ക്ക് ഹരമാണ്. നമ്മുടെ കേരളത്തിലും ചില വഴികളുണ്ട് കടന്നുപോയിട്ടുള്ളതാണെങ്കിലും വീണ്ടും അതുവഴി പോകുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ആ വഴികളിലുണ്ട്. അത് പ്രകൃതിഭംഗി മാത്രമല്ല, മറഞ്ഞിരിക്കുന്ന എന്തോ ഒന്ന്. പക്ഷെ എല്ലാ സമയത്തും നമുക്ക് ആ വഴികളിലൂടെ പോകുമ്പോള്‍ ഉദ്ദേശിച്ച ‘കിക്ക്’ കിട്ടണമെന്നില്ല. ചിലപ്പോള്‍ അതിരാവിലെ പോകുമ്പോള്‍, അല്ലെങ്കില്‍ ഒന്നു നേരം പുലര്‍ന്നിട്ട്, ചെറിയ തണുപ്പും കൊണ്ട് ഹെല്‍മറ്റ് ഇല്ലാതെ ബൈക്കില്‍ പോകുമ്പോള്‍. വൈകിട്ട്, സന്ധ്യക്ക്, രാത്രിയില്‍ അങ്ങനെ ചില സമയങ്ങളില്‍ മാത്രം ആ കിക്കുകള്‍ കിട്ടും ഈ വഴികളിലൂടെ പോയാല്‍.
മിക്കവരും പോകുന്നതാണ് അതിരപ്പള്ളി-വാല്‍പ്പാറ റൂട്ട്. അതുവഴി പുലര്‍കാലത്ത് ബൈക്കില്‍ പോയിട്ടില്ലെങ്കില്‍ ഒന്നു പോയി നോക്കണം. ഗംഭീരമായിരിക്കും ആ അനുഭവം (രാവിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നു പോകുവാന്‍ സമ്മതിക്കില്ല. കമഴ്ന്നു വിണ് കെഞ്ചി എങ്ങനെയെങ്കിലും പോകണം. ഒന്നു പറ്റിയില്ലെങ്കില്‍ ഒരു 30 കിലോ മീറ്ററെയുള്ളൂ അങ്ങ് നടന്നോണം. ഇടയ്ക്കിടെ ബസുകള്‍ വരും തിരിച്ച് അതില്‍ വരാമല്ലോ. ഇച്ചിരി ധൈര്യം വേണം. നല്ലതുപ്പോലെ ആനയൊക്കെ ഇറങ്ങുന്ന കാടാണ്). മഞ്ഞിന്റെ തുള്ളികള്‍ ശരീരത്തില്‍ വീഴുമ്പോള്‍ ആലിലപോലെ വിറയ്ക്കും. വിട്ടുകൊടുക്കരുത്… അതാണ് ഫ്രണ്ട്സ്, യാത്ര. 
ചങ്ങനാശ്ശേരി-ആലപ്പുഴ റോഡ് അത്യാവശ്യം തിരക്കുള്ള റോഡാണ്. പക്ഷെ അതുവഴി വൈകിട്ട് ഒരു നാലര കഴിഞ്ഞ് ഒന്നു പോകണം. ഉറങ്ങിപ്പോകരുത്. അത്രക്കു നല്ല സുഖമുള്ള കാറ്റാണ് വീശുന്നത്. നിങ്ങളു പോവുകയാണെങ്കില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും ആലപ്പുഴയിലേക്കേ പോകാവൂ തിരിച്ചാണെങ്കില്‍ അത്ര സുഖമുണ്ടാവില്ല. കാരണം കാറ്റിന്റെ വീശലിന്റെ പ്രത്യേകതയാണ്. ആ റോഡിലൂടെ പടിഞ്ഞാറ് വശത്തേക്ക് പോകുമ്പോള്‍ അസ്തമന സൂര്യന്‍ വശങ്ങളിലുള്ള തോടുകളില്‍ വെട്ടിതെളങ്ങുന്ന കാഴ്ച കണ്ട് കണ്ണ് മഞ്ഞളിച്ച് വണ്ടി വെറെ വണ്ടിയുടെ നെഞ്ചത്ത് കൊണ്ടുപോയി കയറ്റരുത്. വേണമെങ്കില്‍ ആ റോഡില്‍ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ ഉള്ള ചെറിയ റോഡുകളിലൂടെ പോവുകയാണെങ്കില്‍ കുട്ടനാടിന്റെ തനതു ഭംഗിയും ആസ്വദിക്കാം.
സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡിലും അത്യാവശ്യം നല്ലതുപോലെ വാഹനങ്ങള്‍ പോകുന്ന വനപാതയാണ്. കാട്ടില്‍ കൂടിയുള്ള യാത്രയുടെ ചെറിയൊരു അനുഭവം അത് നല്‍കും. കഴിയുമെങ്കില്‍ രാത്രി പന്ത്രണ്ട് മണിക്കു ശേഷം വെളുപ്പിനെ ഒരു അഞ്ചു മണിക്ക് മുമ്പായിട്ട് ഒന്നു പോയി നോക്ക്. വണ്ടിയുടെ വെട്ടം അടിക്കുമ്പോള്‍ ചുറ്റിനും തിളങ്ങുന്ന കണ്ണുകളുമായി ചില കാട്ടുജീവികള്‍ നമ്മളെ പേടിപ്പിക്കാന്‍ നോക്കും. അതിനെ മൈന്‍ഡ് ചെയ്യാതെ ഇരുട്ടിനെ കീറിമുറിച്ചു കടന്നുപോകുന്നത് ഒരു നല്ലൊരു അനുഭവമായിരിക്കും. വയനാട്ടില്‍ തന്നെ കാട്ടിക്കുളത്തു നിന്നും കര്‍ണാടക അതിര്‍ത്തി തോല്‍പ്പെട്ടി റോഡും നല്ല റൈഡിംഗിനുള്ള ഒരു വഴിയാണ്. സൂക്ഷിച്ചില്ലെങ്കില്‍ ആന നമ്മളെ വാരി നിലത്തടിക്കും. കാട്ടുപോത്തും കാണും.
മദ്ധ്യതിരുവതാംകൂറുകാര്‍ക്കും തെക്കന്‍ തിരുവതാംകൂറുകാര്‍ക്കും ഒരു ഓളം ഉണ്ടാക്കാന്‍ കഴിയുന്നയിടമാണ് വടക്കന്‍ മലബാറിലെ പല ചെമ്മണ്‍ പാതകളും. പയ്യന്നൂര്‍ ഭാഗത്തു നിന്ന് ഒന്നു തിരിഞ്ഞാല്‍ ഏഴോം എന്ന സ്ഥലത്തൂടെ വടക്കന്‍ പാട്ടുകളില്‍ കേള്‍ക്കുന്ന പട്ടുവം പുഴയുടെ ഓരത്തൂടെയുള്ള പ്രദേശത്ത് വൈകിട്ട് ഒന്നുകറങ്ങണം. നമ്മള്‍ തിരുവതാംകൂറുകാര്‍ പിന്നെ പെട്ടിയും കിടക്കയും എടുത്ത് അവിടെ കൂടും. ഇടയ്ക്ക് വണ്ടിയില്‍ നിന്നിറങ്ങി പറ്റുമെങ്കില്‍ വള്ളത്തില്‍ നാട്ടുകാരുടെ ഒപ്പം പട്ടുവം പുഴയിലൂടെ അക്കരയ്‌ക്കൊന്നു പിടിക്കണം. നാട്ടുകാരു പലതും ചോദിച്ചേക്കും നമ്മള്‍ക്ക് പലതും തിരിയൂല. എന്നാലും സ്‌നേഹിക്കാന്‍ മടികാണിക്കാത്ത കൂട്ടരാണ്. അതും ഒരു അനുഭവമായി കൂടെയുണ്ടാവും.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലൂടെ ഒന്നുകില്‍ രാവിലെ 5.30നു അല്ലെങ്കില്‍ വൈകിട്ട് 5.30നു പോകണം. സൂര്യോദയമോ സൂര്യാസ്തമനമോ കണക്കാക്കിയായിരിക്കണം യാത്ര. അത് നഗരത്തിന്റെ ഹാങ്ങ്ഓവര്‍ മാറ്റാന്‍ സഹായിക്കും. കോട്ടയം തിരുവഞ്ചൂര്‍ റൂട്ടിലെ നാലുമണിക്കാറ്റില്‍ കൂടി പോയാല്‍ ഒരു പ്രത്യേക മൂഡായിരിക്കും കിട്ടുക. പാടത്തിന്റെ വശത്തൂടിയുള്ള ആ റോഡ് യാത്ര പെട്ടെന്ന് തീരുമ്പോള്‍ നമ്മള്‍ക്ക് ഒരു ചെറിയൊരു നഷ്ടബോധം തോന്നും. പേരു പോലെ തന്നെ വൈകിട്ട് നാലുമണിയാണ് ഇവിടെ റൈഡിങിന് പോകാന്‍ പറ്റിയ സമയം. കോട്ടയത്തു നിന്നു കുമരകം വഴി വൈക്കത്തേക്കോ ചേര്‍ത്തലയ്‌ക്കോ ഒന്നു പോകണം. അതും നാലുമണി സമയത്ത് തന്നെ. പക്ഷികളുടെ ബഹളമായിരിക്കും, കലപില കലപില.
കേമന്‍മാരായ യാത്രക്കാര്‍ പോകുന്ന പലയിടങ്ങളുമുണ്ട് കേരളത്തില്‍. എല്ലാകൂടി വിളമ്പിയാല്‍ ദഹിക്കത്തില്ലല്ലോ. എല്ലാവര്‍ക്കും ഒരുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാക്കണമെന്നുമില്ലല്ലോ. നമ്മുടെ മനസ് പെട്ടന്ന് മാറ്റുന്ന ചില വഴികളുണ്ട്. അതുവഴി ചിലസമയങ്ങളില്‍ പോകുമ്പോള്‍ വല്ലാത്ത ഒരു അനുഭൂതി ഉണ്ടാവും. ഹരം പിടിപ്പിച്ച വട്ടു പിടിപ്പിച്ച വഴികള്‍ ഇനിയും ഒരുപാടുണ്ട്.

(കടപ്പാട്: ഇന്ദിര - അഴിമുഖം)