Dear I Always Remember You
ഇതാണത്രെ ഡയറി എന്നതിന്റെ പൂർണ രൂപം .ഇപ്പോഴും ഡയറി എഴുതുന്നവരുണ്ടോ എന്നറിയില്ല .പക്ഷെ ഓൾഡ് ജനറേഷനിലെ ചിലരെങ്കിലും ഡയറിയെഴുത്ത് ശീലമാക്കിയവരാവും .ഇന്നത്തെപ്പോലെ ലൈക്ക് കിട്ടാൻ വേണ്ടിയല്ല ,പിന്നീടെന്നെങ്കിലും വായിച്ച് രസിക്കാൻ ,ഓർമകൾ അയവിറക്കാൻ. അതൊരു രസമുള്ള അനുഭൂതിയാണ് .പക്ഷെ ആ ഡയറി മറ്റാരെങ്കിലും വായിച്ചാൽ ...? അതോടെ തീർന്നു നമ്മുടെ പൊങ്ങച്ചം .ഓരോ പ്രായത്തിലും വ്യത്യസ്തമായ ചിന്താഗതിയും അഭിപ്രായങ്ങളും തീരുമാനങ്ങളും മാറിക്കൊണ്ടേയിരിക്കും .അതു ഡയറിയിലും പ്രതിഫലിക്കും .വർഷങ്ങൾക്ക് ശേഷം അത് വായിക്കുന്ന നമുക്ക് തന്നെ ചിരി വരും .
അങ്ങനെയൊരു ചിരിയാണ് എന്റെ ഡയറികൾ കത്തിക്കാൻ കാരണമായത് .PDC ക്ക് പഠിക്കുമ്പോഴാണ് ഒരു സുഹൃത്ത് എനിക്കൊരു ഡയറി സമ്മാനിക്കുന്നത് .ആദ്യമൊക്കെ മടിച്ചെങ്കിലും പിന്നെ അത് ശീലമായി .2003 ൽ ആദ്യമായി "ഗുൾഫിൽ "വരുന്നത് വരെ എഴുതിയ ഡയറികളും വാങ്ങിക്കൂട്ടിയ പുസ്തകങ്ങളും മാഗസിനുകളും കുറെ കാർട്ടൂണിലാക്കി വെച്ചു.
വർഷങ്ങൾ കടന്നു പോയി .ഇനിയാണ് കഥ .
ഒരു പൊട്ടിച്ചിരി കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. നോക്കുമ്പോൾ ഭാര്യ .ഒരു പുസ്തകം വായിച്ച് ചിരിക്കുകയാണ് .നിർത്താതെയുള്ള ചിരി .ഓ വല്ല വേളൂരോ ,തോമസ് പാലയുടെയോ നോവലായിരിക്കും. ഒന്നുകൂടി പുറംചട്ട നോക്കി "മലയാള മനോരമ" ഡയറി .പടച്ചോനെ ചതിച്ചോ ? വല്ലതും കണ്ടു പിടിച്ചോ ? ഏയ് വഴിയില്ല ,അതൊക്കെ കല്യാണത്തിന് മുൻപ് തന്നെ കീറിക്കളത്ത് എഡിറ്റ് ചെയ്തതാണല്ലോ .ഇനി ആണെങ്കിൽ തന്നെ പൊട്ടിക്കരച്ചിലല്ലേ വരേണ്ടത്? പിടിച്ച് വാങ്ങി നോക്കി .ഒ.വി വിജയനും ,സുകുമാർ അഴീക്കോടിനും ,വി.കെ .എന്നിനും പോലും മനസ്സിലാവാത്ത ,കടിച്ചാൽ പൊട്ടാത്ത എന്റെ മലയാള സാഹിത്യം വായിച്ചാണ് ഈ പരിഹാസം .അന്ന് തന്നെ എല്ലാ ഡയറികളും തപ്പിയെടുത്തു കീറി കൂട്ടിയിട്ട് കത്തിച്ചു .മലയാളം വായിച്ചു തുടങ്ങിയ മോന്റെ പൊട്ടിച്ചിരി കൂടി സഹിക്കാൻ വയ്യ .
No comments:
Post a Comment