അച്ചൻ കോവിൽ വഴി ചെങ്കോട്ടയിലേക്കൊരു യാത്ര .
ഉണ്ടിരുന്ന നായർക്കൊരു ഉൾവിളി എന്ന് പറഞ്ഞ പോലെ ,രാവിലെ കാപ്പി കുടിയും കഴിഞ്ഞ്, പത്രവും വായിച്ചു തീർന്നു .ഇനി ??.ഓ ഗൾഫീന്ന് വന്ന് വീട്ടിക്കിടന്നുറങ്ങിയാ മതിയോ .അല്ലേൽ തന്നെ ഉറക്കം ഇച്ചിരി കൂടുതലാണെന്നാ ചിലരുടെ പരിഹാസം .വാട്സപ്പെടുത്ത് ഷിറാസിന് ( വാപ്പയുടെ അനുജന്റെ മകൻ) മെസ്സേജയച്ചു .എന്താ പരിപാടി ?.മറുപടി വന്നു - നതിംഗ്. എങ്കിൽ റെഡിയാ വ് നമുക്കൊരു യാത്ര പോകാം .അവനും ഗുൾഫീന്ന് വന്ന് വെറുതെ വീട്ടിലിരിക്കുന്നു .ഓകെ ഞാൻ റെഡിയെന്ന് മറുപടി കിട്ടി .ഇപ്പോൾ സമയം രാവിലെ 8.45 .ശരി ഞാൻ 9 മണിക്ക് നിന്റടുത്തുണ്ടാവും എന്ന് മറുപടി സെന്റ് ചെയ്ത് യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി .കുറച്ച് ദിവസത്തെ തോരാ മഴക്ക് ശേഷം ഇന്ന് ശാന്തമായ അന്തരീക്ഷം .വെയിലുമില്ല മഴയുമില്ല .എങ്കിലും ഒരു പേടി .മഴ പെയ്താലോ .റെയിൻകോട്ടുമില്ല .പെയ്താൽ നനയാമെന്ന് തന്നെ തീരുമാനിച്ചു .അതുമൊരു നല്ല അനുഭവമായിരിക്കും .മുൻപും കൂട്ടുകാരോടൊപ്പം മഴനനഞ്ഞ് നടന്ന് കാട് കേറിയ മുൻ പരിചയം എനിക്കുണ്ട് .ഒരു പ്ലാസ്റ്റിക് ക്യാരി ബാഗ് എടുത്ത് വെച്ചു .മൊബൈലും പണവും നനയാതെ സൂക്ഷിക്കണമല്ലോ .പിന്നെയൊരു തോർത്തും എടുത്തു ;ഇരിക്കട്ടെ ഒരു വഴിക്ക് പോകുന്നതല്ലേ .റോഡ് ചെളിക്കുളമാണെന്ന് അറിയാമായിരുന്നു .മുൻപ് ജോലി ചെയ്യുമ്പോൾ ഇട്ടിരുന്ന റബ്ബർ ഷൂ തപ്പിയെടുത്തു .ഇതാവുമ്പോ കാട്ടിലും ചെളിയിലും സുരക്ഷിതമായി നടക്കാം .ഒറ്റക്കുഴപ്പമേയുള്ളൂ ,അകത്ത് വെള്ളം കയറിയാൽ ഉണങ്ങാൻ പ്രയാസമാണ് .സമയം 9 ആയി .ഹെൽമറ്റും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി .ബൈക്ക് അനുജന്റെയാണ്. സൂക്ഷിക്കണം ഇല്ലേൽ പണി പാളും .ചുറ്റും നടന്ന് നോക്കി .രണ്ട് ടയറിലും തട്ടി നോക്കി .ഇത്രയൊക്കെ ബൈക്കിനെക്കുറിച്ചറിയാമോ എന്ന് ചോദിച്ചാൽ ,രൺജി പണിക്കർ ഒരു സിനിമയിൽ പറയുന്ന പോലെ - ഇതു വല്ലതും അറിഞ്ഞിട്ടാണോ ?എല്ലാരും ചെയ്യുന്നു .നമ്മളും -അത്ര തന്നെ .എ നിക്കും അതു തന്നെ പറയാനുള്ളൂ .
ഷിറാസിന്റെ വീട്ടിലെത്തി, അവനുമായി
പുനലൂർ റോഡിൽ കയറി .പുനലൂർ എത്തുംമുൻപ് പമ്പിൽ നിന്ന് 500 രൂപക്ക് പെട്രോൾ അടിച്ചു .പുനലൂർ നിന്ന് പത്തനാപുരം റോഡിൽ കയറി .പുനലൂർ-പത്തനാപുരം റോഡിൽ ഏകദേശം രണ്ട് സ്ഥലത്തിനും ഇടക്കുള്ള ചെറിയ ജംഗ്ഷനാണ് - അലിമുക്ക് - ഇവിടെ നിന്നാണ് അച്ചൻകോവിലിലേക്കുള്ള അവിസ്മരണീയ യാത്രക്കുള്ള റോഡ് തിരിയുന്നത് .ജനവാസ മേഖല വിട്ട് കഴിയുമ്പോൾ ഫാമിംഗ് കോർപറേഷന് കീഴിലുള്ള തോട്ടങ്ങളും മറുഭാഗത്ത് വനത്തിന്റെയും മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് തുടങ്ങാം .ഇവിടമൊക്കെ നല്ല റോഡാണ് .കോർപറേഷന്റെ റബ്ബർതോട്ടത്തിൽ ജോലി ചെയ്യുന്നവരെയും മറ്റും ഇടക്ക് കാണാം .കുറച്ച് കൂടി കഴിഞ്ഞാൽ റോഡിന്റെ സ്വഭാവം മാറും .പിന്നെയങ്ങോട്ട് കുണ്ടും കുഴിയും ചെളിയും നീർച്ചാലുകളുമൊക്കെയാണ് റോഡ് എന്നറിയപ്പെടുന്നത്.
.ഇതു വഴി ഫോർ വീൽ വാഹനങ്ങളിൽ പോകാതിരിക്കുന്നതാണ് നല്ലത് .യാത്രയുടെ എല്ലാ സുഖവും അത് നഷ്ടപ്പെടുത്തും .സമയവും കൂടുതലെടുക്കും .റോഡിന്റെ അവസ്ഥ മോശമാണെങ്കിലും വനത്തിലേക്ക് പ്രവേശിക്കുന്നതോടെ നാമതെല്ലാം മറക്കും .വനത്തിന്റെ ഗാംഭീര ഭാവം ,അതിന്റെ കുളിര് ,പക്ഷികളുടെ ശബ്ദം ,കളകളമൊഴുകുന്ന നീർചോലകൾ ,എല്ലാം നമ്മെ അവരുടെ അതിഥിയായി സ്വാഗതം ചെയ്യും .ഇപ്പോൾ നാം അവരുടെ ഭാഗമാവുകയാണ് .ഈ തണുപ്പ് ,ഈ തണൽ ,ഈ ജലം ,ഇതല്ലേ നിങ്ങൾ നശിപ്പിക്കുന്നത് ?എന്ന് നമ്മോടവർ ചോദിക്കുന്നപോലെ. ഇടക്ക് രണ്ട് മൂന്ന് സ്ഥലത്ത് വ്യത്യസ്ത ഇനങ്ങളിലെ പാമ്പുകൾ റോഡിൽ കിടന്ന് വിശ്രമിക്കുണ്ടായിരുന്നു .ഇവനാരടാ എന്ന ഭാവത്തിൽ ഒന്ന് നോക്കിയിട്ട് പതുക്കെ കാട്ടിലേക്ക് കേറിപ്പോയി .ങാ പൊയ്കോ എന്ന് പറയുന്ന പോലെ .
അകലെ സ ഹ്യൻ ആകാശത്തെ ചുംബിച്ച് നിൽക്കുന്നു .വെളുപ്പും കറുപ്പും മേഘങ്ങൾ അവരെ തഴുകി കടന്നു പോകുന്നു .അതാ ഒരാൺമയിൽ റോഡിൽ പീലി വിടർത്തി നിൽക്കുന്നു .അടുത്തു തന്നെ പിടയുമുണ്ട് .ഞങ്ങളുടെ വരവ് അവന് പിടിച്ചില്ലന്ന് തോന്നുന്നു .സ്വർഗത്തിലെ കട്ടുറുമ്പുകളെ നോക്കിയിട്ട് അവനവന്റെ പാട്ടിന് പോയി .ഞങ്ങൾ മുന്നോട്ടും .അലിമുക്കിൽ നിന്ന് 40 കി.മി. ഉണ്ട് അച്ചൻ കോവിലിലേക്ക് .പുനലൂർ KSRTC ഡിപ്പോയിൽ നിന്ന് ബസുകൾ ഉണ്ട് ഇവിടേക്ക് .രാവിലെ 6 മണി മുതൽ സർവീസ് തുടങ്ങും . ബൈക്കോടിക്കാനും ഡ്രൈവ് ചെയ്യാനും വയ്യാത്തവർക്ക് ബസിൽ പോകാം .മൂന്ന് റൂട്ടുകളുണ്ട് .അതിലൊന്ന് ചെങ്കോട്ട വഴിയാണ് .ദൂര കൂടുതലാണെങ്കിലും നല്ല റോഡായതിനാൽ സുഖ യാത്രയായിരിക്കും .തിരിച്ച് വരുമ്പോൾ മറ്റേ റൂട്ടിലുള്ള ബസിൽ വേണമെങ്കിൽ വരുകയും ചെയ്യാം .കാനന യാത്രയോടൊപ്പം ,അച്ചൻകോവിലിലെ പ്രസിദ്ധമായ ക്ഷേത്ര സന്ദർശനവും നടത്താം .അടുത്തു തന്നെയുള്ള കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ വേണമെങ്കിൽ ഒരു കുളിയുമാവാം .
കാഴ്ചകൾ കണ്ട് 12 മണിയോടെ ഞങ്ങൾ അച്ചൻകോവിലിലെത്തി .വനശ്രീയുടെ റെസ്സ്റ്റോറന്റിൽ നിന്ന് പുഴുങ്ങിയ കപ്പയും മുളകും വാങ്ങി കഴിച്ചു .പൊറോട്ടയും ചപ്പാത്തിയുമൊക്കെയുണ്ട് .ഊണില്ല. സ്പെഷൽ ഐറ്റംസ് ഞായറാഴ്ച മാത്രം .അടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ (കാണാനായാലും)പോകണമെങ്കിൽ ടിക്കറ്റെടുക്കണം . വണ്ടി പാർക്കിങ്ങിനും വേണം ടിക്കറ്റ് .എടുത്താലും ഇല്ലേലും റോഡരികിലാണ് പാർക്കിംഗ് ,എടുക്കാത്തതാണ് നല്ലത് .അത്രയും ലാഭിക്കാം . തമിഴൻമാരും തെലുങ്കരു മൊക്കെ കുഞ്ഞുകുട്ടികളും കിളവിമാരുമുൾപടെ കുളിക്കാനായി പോകുന്നുണ്ട് .റോഡിൽ നിന്ന് 400 മീറ്റർ നടപ്പാത താണ്ടണം വെള്ളച്ചാട്ടത്തിലേക്ക് .നല്ല തിരക്ക് .പോയി കുളിച്ചിട്ട് വരാൻ കുറച്ച് കഷ്ടപ്പെടണം .പിന്നെ നമ്മൾ മലയാളികൾക്ക് ഈ വെള്ളവും വെള്ളച്ചാട്ടവുമൊന്നും പുത്തരിയല്ലാത്തതുകൊണ്ട് "ഇതൊക്കെയെന്ത് " എന്ന് സലിം കുമാർ സ്റ്റൈലിൽ മുഖഭാവവുമായി കുറച്ച് നിന്നിട്ട് അവിടം വിട്ടു .ചെങ്കോട്ട റോഡ് വഴി വരുമ്പോഴും നീർച്ചോലകളും അകലെ വെള്ളച്ചാട്ടവുമൊക്കെ കാണാം .നല്ല റോഡും കാലാവസ്ഥയും .തമിഴ് നാട്ടിലേക്കുള്ള ചുരമിറങ്ങുമ്പോഴും അകലെയുള്ള മലനിരകളുടെ വശ്യത നമ്മെ കുറച്ച് നേരം അവിടെ പിടിച്ച് നിർത്തും.ചെങ്കോട്ടയിലെത്തി ഒരു ചിന്ന ഹോട്ടലിൽ കയറി ശാപ്പിട്ടാച്ച് .അതുക്ക് പിന്നാടി 8 km അകലെയുള്ള തെങ്കാശിക്ക് വിട്ടു .ഒരു ചിന്ന പർച്ചേസിങ് .ഇലക്ട്രിക്കൽ സാധനങ്ങൾ കേരളത്തിലേതിനെക്കാൾ വിലക്കുറവുണ്ട് .നിറയെ വ്യാപാര സ്ഥാപനങ്ങളാണിവിടെ
ഇനി മടക്കം ചെങ്കോട്ട ,തെൻമല വഴി പുനലൂർ .ആര്യങ്കാവ് ചെക് പോസ്റ്റ് കഴിഞ്ഞ് കുറച്ച് കൂടി വരുമ്പോഴാണ് പ്രസിദ്ധമായ പാലരുവി വെള്ളച്ചാട്ടമുള്ളത് .വാഹനത്തിൽ വരുന്നവർ ഒരു മണിക്ക് അച്ചൻകോവിൽ വിട്ടാൽ ഇവിടെ വന്ന് സുഖമായി കുളിക്കാം .തിരക്കുണ്ടെങ്കിലും സൗകര്യമുണ്ട് .ശരിക്കും വെള്ളവും .അല്ലങ്കിൽ ചെങ്കോട്ടയിൽ നിന്ന് കുറ്റാലത്തേക്കും പോകാം .സഹ്യന്റെ മുകളിൽ നിന്ന് സൂര്യൻ താഴേക്ക് പോകുന്നത് കണ്ട് കൊണ്ട് തമിഴ്നാട് അതിർത്തി കടന്നു .അവിടെ സന്ധ്യയെത്തി. നമ്മുടെ നാട്ടിൽ അതാ വീണ്ടും വെയിൽ .അതെ ഓരോ യാത്രയും അങ്ങനെയാണ് സന്തോഷവും അത്ഭുതങ്ങളും നിറഞ്ഞ, കുളിരുന്ന ഓർമകൾ .പ്രകൃതിയുടെ വിരുന്ന് .






No comments:
Post a Comment