30 June 2018

നല്ലപാതിക്ക് സ്നേഹപൂർവം

പ്രിയപ്പെട്ടവളേ ...
നിനക്കെന്റെ വിവാഹ വാർഷികാശംസകൾ .
വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ജൂലൈ 1 നാണ് എനിക്കെന്റെ ബാച്ച്ലർ ഡിഗ്രി നഷ്ടപ്പെട്ടതും നീ ഒരു മാസ്റ്റർ നേടിയതും എന്ന കാര്യം നീ മറന്നാലും ഞാൻ മറക്കില്ല .ജീവിതത്തിൽ സംഭവിക്കുന്ന വലിയ അപകടങ്ങൾ അത്ര പെട്ടെന്നൊന്നും മറക്കാൻ നമുക്കാവില്ലല്ലോ .
എന്നാൽ
പലപ്പോഴും മാസ്റ്റർ നീ തന്നെയായിരുന്നു എന്ന കാര്യം സൗകര്യപൂർവ്വം ഞാൻ മറക്കുന്നു .

നമ്മൾ പ്രേമിച്ച് നടന്ന നാളുകൾ എത്ര സുന്ദരമായിരുന്നു .ആ സ്വഭാവമൊക്കെ നിനക്ക് എങ്ങനെയാണ് ഉപേക്ഷിക്കാൻ കഴിഞ്ഞത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .
വിവാഹ ശേഷമുള്ള ഒന്നു രണ്ട് വർഷങ്ങൾ പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ വലിയ പാടായിരുന്നെങ്കിലും ഇപ്പോൾ എല്ലാം എനിക്ക് ശീലമായത് കൊണ്ട് നിനക്ക് സന്തോഷമായിക്കാണുമെന്ന് വിശ്വസിക്കുന്നു .

നമ്മൾ കീരിയും പാമ്പും പോലെയാണെന്ന് നാട്ടുകാർ പറയുമെങ്കിലും, അങ്ങനെയല്ലെന്നും ഖുബ്ബൂസും പരിപ്പ് കറിയും പോലെ ആണെന്നും നിനക്കറിയാമല്ലോ ... എനിക്കത് മതി .
ഖബ്സച്ചോറിലെ ചുട്ട കോഴി പോലെ നീയെന്റെ ജീവിതത്തിലേക്ക് കയറി വന്നതിന്റെ വാർഷികമാണല്ലോ ഇന്ന് .. ഈ അവസരത്തില്‍ എനിക്ക് ആദ്യമായി നിന്നോട് പറയാനുള്ളത് തേൻവരിക്കയുടെ ചുള പോലെ മധുരതരമായ നമ്മുടെ ജീവിതത്തിൽ ബിരിയാണിയിലെ ഏലക്ക പോലെയും കറുകപ്പട്ട പോലെയും കയ്പുള്ള അനുഭവങ്ങൾ എന്നിൽ നിന്ന് വന്ന് പോയിട്ടുണ്ടെങ്കിൽ എന്നെക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ള നീ അതൊക്കെ ക്ഷമിക്കണമെന്നാണ് .
അവാർഡ് പടം കണ്ടോണ്ടിരിക്കുന്നവന്റെ പോലുള്ള മുഖഭാവമാണെങ്കിലും ഫ്രീസറിൽ നിന്നെടുത്ത ഐസ്ക്രീം പോലെ അലിയുന്ന ഒരു മനസ്സാണ് എനിക്കുള്ളത് .
നിന്നോടുള്ള സ്നേഹം പലപ്പോഴും ഞാന്‍ പുറത്തു കാണിക്കാറില്ല എങ്കിലും ചിക്കൻ പഫ്സിൽ ഒളിഞ്ഞിരിക്കുന്ന ചിക്കൻ   പോലെ ഞാന്‍ സത്യമായും സ്നേഹം ഒളിച്ചു വെച്ചിരിക്കുകയാണ് .ഫ്രൂട്ട് സലാഡ് പതിയെ പതിയെ കഴിക്കുന്നത് പോലെ നിന്നോടൊത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ് പ്രിയേ..
ഞാൻ കഴിക്കുന്ന ഓരോ ഖുബ്ബൂസിലും നിന്റെ മുഖമാണ് പ്രിയേ തെളിയുന്നത്. കട്ടൻ ചായയിൽ നിന്റെ സ്നേഹമാണ് നിറയുന്നത് .

ടൊമാറ്റോ സോസിനു നിന്റെ കവിളിണയുടെ ചുവപ്പ് ആണോ ..? മില്‍ക്ക് ഷേക്ക്‌ നു നിന്റെ മനസിന്റെ നിറമാണോ..? ഐസ്ക്രീമിന് നിന്റെ സ്നേഹത്തിന്റെ കുളിര്‍മയാണോ..? പാല്പായസത്തിനു നിന്റെ സ്നേഹത്തിന്റെ രുചിയാണോ ..? ഈ അവസരത്തില്‍ കരിക്കിന്‍ വെള്ളം  പോലെ തെളിഞ്ഞ എന്റെ മനസ്സില്‍ കുലുക്കി പൊട്ടിച്ച സെവനപ്പ് പോലെ നിന്നോടുള്ള സ്നേഹം പതഞ്ഞു പൊങ്ങുകയാണ് പ്രിയേ ... സത്യമായും നിന്നോടുള്ള എന്റെ സ്നേഹം രൂപക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് പോലെ ഓരോ ദിവസവും കുതിച്ചുയരുകയാണ് എന്ന് നീ അറിയുന്നുണ്ടോ ..

പ്രിയേ, നീ വരുന്നതിനു മുന്‍പ് ഉള്ള ജീവിതം എനിക്ക് പരിപ്പ് കറിയില്ലാത്ത ഉണക്ക ഖുബ്ബൂസ് പോലെ ആയിരുന്നു എന്ന് ഈ  അവസരത്തില്‍ ഞാന്‍ ഓര്‍ത്ത്‌ പോകുന്നു . ഉണക്ക റൊട്ടിയും ഫൂൽ കറിയും തിന്നു തള്ളി നീക്കിയ ആ വറുതിയുടെ ദിനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു . പക്ഷെ നിന്നോടോത്തുള്ള ഈ ജീവിതം സുഭിക്ഷമായ കുഴിമന്തി പോലെയും പോത്തിറച്ചിയും ബിരിയാണിയും ഉള്ള ബലിപ്പെരുന്നാളു പോലെയുമാണ് . ഇനിയും ഒരുപാട് കാലം അങ്ങനെ തന്നെ ആയിരിക്കട്ടെ .

ഞാനൊരു കുഴിമടിയനാണെങ്കിലും ട്വിറ്റർ കിളികളുമായി സല്ലപിക്കുന്ന സമയമൊഴിച്ച് എപ്പോൾ വിളിച്ചാലും കണ്ണീര് ഒലിപ്പിച്ചാണെങ്കിലും നിനക്ക് ഞാൻ ഉള്ളി അരിഞ്ഞ് തരും .കഴുകിയ ഡ്രസുകൾ അയയിൽ വിരിച്ചു തരും ,(ദയവായി കഴുകാൻ പറയരുത് ചെയ്യില്ല .കാരണം പിന്നെയതൊരു ശീലമായിപ്പോകും ).ജീവിതമാകുന്ന പണിപ്പുരയില്‍ എന്നാല്‍ കഴിയുന്ന ഇതുപോലുള്ള സഹായ സഹകരണം ഒക്കെ ഞാന്‍ ചെയ്യുന്നതായിരിക്കും എന്ന് ഞാൻ ഈ വാർഷികത്തിൽ വാക്കു തരുന്നു .ഇതുവരെ തന്നതുപോലുള്ള വാക്കല്ല ,ഇത് സത്യമായ് ഞാൻ പാലിക്കും .കാരണം വയസായി വരികയാണ് ഇനി നിന്നെ പിണക്കിയാൽ പണി പാളും എന്നതു കൊണ്ട് വാക്ക് തെറ്റിക്കാൻ ഞാൻ തയാറല്ല .
കടിച്ചാൽ പൊട്ടാത്ത അരിയുണ്ട പോലെ മസിലുപിടിച്ചു പരസപരം തമില്ലടിച്ചു കഴിയുന്ന ദമ്പതിമാര്‍ക്ക് ഇടയില്‍  സെവൻ ഡെയ്സ് കമ്പനിയുടെ സാൻഡ്വിച്ച് പോലെ പതുപതുത്തതും ചൂടേറ്റ ചോക്ളേറ്റ് പോലെ  അലിവുള്ളതുമായ  മനസുമായി   ബ്രഡും ജാമും പോലെ , ഇഡലിയും സാമ്പാറും പോലെ , പൊറോട്ടയും ബീഫുംപോലെ , മോഡിജിയും അമിട്ടും പോലെ മെയ്‌ഡ് ഫോര്‍ ഈച്ച് അദര്‍ ആയി ഒരുപാടുകാലം നമുക്ക് ജീവിക്കാന്‍ കഴിയട്ടെ .
എന്ന് നിന്റെ സ്വന്തം അഹങ്കാരി❤🐦

NB : ഈ എഴുത്തിന് മറ്റു വല്ലവരുടെ എഴുത്തുമായി സാമ്യം തോന്നുന്നുവെങ്കിൽ അത് വെറും യാദൃശ്ചികമാണ് .അല്ല.... ലൗ ലെറ്ററിൽ എഴുതിയിരുന്ന ഓർമ്മിൽ എഴുതിയെന്നേ ഉള്ളൂ .ഇത് സത്യമായും ഞാനെഴുതിയതാണ് .

No comments:

Post a Comment