06 July 2018

ട്വിറ്റർ ഫ്രണ്ട്

 സ്നേഹപൂർവ്വം ജൂലിക്ക്
----------------------------------------
ജൂലൈ ,എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമകൾ തന്നൊരു മാസമാണ് .വർഷങ്ങൾക്ക് മുമ്പൊരു ജൂലൈയിലാണ് ഒരു രാജകുമാരി എന്റെ ക്ലാസിലേക്ക് സ്ഥലം മാറിയെത്തിയതും കാലമേറെ കഴിഞ്ഞ് പടിയിറങ്ങി പോയതും.വർഷങ്ങൾ കഴിഞ്ഞ് ഒരു ജൂലൈയിലാണ് പ്രിയപ്പെട്ട മറ്റൊരുവൾ മനസിലും പിന്നെ എന്റെ കൈ പിടിച്ച് ജീവിതത്തിലേക്കും കയറി വന്നത് .വർഷങ്ങൾക്കിപ്പുറം മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ഈ ജൂലൈയിൽ കാതങ്ങളകലെ നിന്നും മറ്റൊരാൾ ട്വിറ്ററിന്റെ DM ൽ നിന്നും എന്റെ ഹൃദയത്തിലേക്ക് കുടിയേറിയിരിക്കുന്നു ,എന്നോട് പോലും ചോദിക്കാതെ ;ഞാൻ പോലുമറിയാതെ .ഇന്ന് മുഴുവൻ ചിന്തയും അവളെ കുറിച്ചായിരുന്നു .മനസിലെ വിഷമങ്ങൾ പറഞ്ഞ് ഉള്ള് നീറുമ്പോൾ ആശ്വസിപ്പിക്കാൻ പറഞ്ഞ പൊട്ടത്തരങ്ങൾ കേട്ട് ഒന്ന് വിളിക്കുമോ എന്ന് ചോദിക്കാൻ മടി കൊണ്ട് മാത്രം തുനിയാതിരുന്ന എന്റെ പ്രിയ ജൂലൈ പുഷ്പത്തെ ഓർത്ത് .
രാത്രി ഏറെ കഴിഞ്ഞിരിക്കുന്നു.
പഴുത്തു തുടങ്ങിയ ഈന്തപ്പന തോട്ടങ്ങളിൽ നിന്ന് വീശുന്ന മന്ദമാരുതൻ തണുപ്പിക്കാൻ നോക്കുന്നത് എന്റെ മനസിന്റെ നീറ്റലാണോ .ഏയ് ,ഞാനെന്തിനാണ് ആരെന്ന് പോലുമറിയാത്ത ഒരാൾക്ക് വേണ്ടി ചിന്തയുടെ കനം പേറുന്നത് ..?അതാണെനിക്കും അറിയാത്തത് . എവിടെയോ കോഴി കൂവുന്ന സ്വരം ഏ സി യുടെ മുരൾച്ചയിലും കാതിൽ വന്നു വീഴുന്നു .രാവേറെ ചെന്നിട്ടും ഞാനിതുവരെ ഉറങ്ങിയില്ലെന്നോ ..? ചെവിയിൽ തിരുകി വെച്ച ഇയർഫോൺ എപ്പോഴോ ഊർന്ന് പോയത് വീണ്ടും എടുത്ത് കുത്തിക്കയറ്റി . ഗസലിനും വിഷാദം ... ആരോ പാടുന്നു ..."രാത്രിയിൽ മഴ പെയ്തൊഴിഞ്ഞുവോ ...നേർത്ത തെന്നലകന്നുവോ ...എന്തിതെന്നിലെ ചില്ലകൾ മാത്രം...ഒന്നു തോരാതെ ഇങ്ങനെ " ...
ശ്ശെടാ ഇതെനിക്ക് വേണ്ടി പാടിയതു പോലുണ്ടല്ലോ .അതെ ഈ നിശീഥീനിയുടെ അവസാന യാമത്തിലും എന്റെ മനസ്സിന്റെ ചില്ലയിൽ ഓർമകൾ തോരാതെ പെയ്യുകയാണ് - അതെ നിന്നെക്കുറിച്ചുള്ള ഓർമകൾ .ജൂണിലെ തോരാമഴയിൽ കുതിർന്ന മണ്ണിന്റെ മടിയിൽ മുളച്ച് ജൂലൈയിൽ വിരിഞ്ഞ കുടമുല്ലപ്പൂവു പോലെ പരിശുദ്ധയായ പനിനീർപൂവിന്റെ ശോഭയുള്ള സുന്ദരി .. " ജൂലി " അവളാണീ കഥയിലെ നായിക .
ശു ശു ശു .....
ഇതെവിടുന്നാണൊരു ചൂളമടി .ഇനി വല്ല പാമ്പും ചീറ്റിയതാണോ ..? അല്ല ഇത് പാമ്പല്ല ഇതതിലും കൂടിയ ഏതോ ഇനമാണ് .കണ്ടില്ലേ പത്തി നീട്ടിയിരിക്കുന്നത് .വെറും പത്തിയല്ല മൈലാഞ്ചിയിട്ട കൈപ്പത്തിയാണ് DM ന്റെ കിളി വാതിലിലൂടെ നീട്ടി വെച്ചിരിക്കുന്നത് .മനുഷ്യനെ മക്കാറാക്കാൻ .ഹോ ഇവളാണോ എന്നെ ശു ശു വിളിച്ചത് .ആളിനെ കാണാനില്ലല്ലോ .. ഓ ഹോ ഒളിച്ച് കളിയാണ് ,അവഗണിച്ചേക്കാം .ഒരുത്തിയേയും വിശ്വസിക്കരുത് .കൈയിൽ മൈലാഞ്ചിയും ഉണ്ണിയപ്പവുമൊക്കെയായി പലരും വരും .എന്നിട്ട് കൊതിപ്പിച്ച് കടന്നു കളയും .നമ്മൾ ഉത്തമ പുരുഷൻമാർ ഇത്തരം വലയിൽ വീണുപോകരുത് .പിടിച്ച് നിൽക്കണം .ആരാണെന്ന് ആർക്കറിയാം .പേരില്ല മുഖമില്ല എന്തിന് നമ്പർ പോലുമില്ല .ഇതൊക്കെ ഇവരുടെ ഒരു നമ്പറല്ലേന്ന് .. എങ്ങനെ വിശ്വസിക്കും .നാളെ TL ലെ എസ് എസ് വിവാദങ്ങളിലെ വില്ലനാവാൻ എന്തായാലും എനിക്ക് വയ്യ .
അങ്ങനങ്ങ് ഇരുന്നാൽ മതിയാരുന്നു .ഐഡന്റിറ്റി തെളിയിക്കാൻ പോയി പോയി അവസാനം പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ .ഇനി മേലാൽ കഥയെഴുതാനോ  എഴുതിയാൽ തന്നെ അത് ആർക്കും വായിക്കാനോ കൊടുക്കരുത് എന്ന മഹനീയ പാഠം ഞാൻ പഠിച്ച് കഴിഞ്ഞു .ഒരു കാര്യം ചോദിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഭസ്മാസുരന് വരം കൊടുത്ത പോലാവുമെന്ന് സ്വപ്നേപി വിചാരിച്ചില്ല .അങ്ങനെയാണ് ഇതെനിക്കിപ്പോൾ  കുത്തിയിരുന്ന് എഴുതേണ്ടി വന്നത് .പുരുഷന്റെ ഏതൊരു കാര്യത്തിനും പിറകിൽ ഒരു സ്ത്രീയുണ്ടാകുമെന്ന് പറയുന്നത് വളരെ ശരിയാണെന്ന് എനിക്കിപ്പോൾ മനസ്സിലായി ,ഇതല്ലേ അവസ്ഥ ( കരയുന്ന ഇമോജി രണ്ട് ,അല്ല മൂന്നെണ്ണം)
ഉറക്കമൊഴിക്കാൻ വേണ്ടി മനപ്പൂർവം പൊടി വലിച്ച് കയറ്റി വലിച്ച് വലിച്ച് കിടന്ന ശബ്ദം എന്നെ കൂടി കേൾപ്പിച്ച് പേടിപ്പിച്ച് എന്റെ ഉറക്കം കൂടി നീ കളഞ്ഞു .പോട്ടെ സാരമില്ല ഉറക്കം വരാൻ ഒരു പാട്ട് പാടിത്തരാമെന്ന് പറഞ്ഞപ്പോ എന്നോട് ചോദിക്കുവാ പാട്ടോ അതെന്താണെന്ന് .അതീ സിനിമയിലൊക്കെയുള്ള ഒരു സാധനമാണെന്ന് പറഞ്ഞപ്പോ സിനിമയോ അതെന്താണെന്ന് .ടി വി പോലും കാണാത്ത ആദിമ ഗുഹാ വാസികളിൽ പെട്ട ഏതോ ജനുസ്സിനോടാണല്ലോ പടച്ചോനേ ഞാനീ പറഞ്ഞതെന്നോർത്ത് ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു .
മുഖം നോക്കി സ്വഭാവം പറയാമെന്ന് പറഞ്ഞപ്പോൾ വീണുപോയ പാവം മ ബു ആണല്ലോ എന്റെ ജൂലീ നീ ... (എന്റെ എന്ന് പറഞ്ഞത് എന്റെ കൂട്ടുകാരി എന്ന് കരുതിക്കോണം ,ഇനി ഒരു പാട് ആവർത്തി നീയത് കേൾക്കേണ്ടി വരും) അപ്പോഴൊക്കെ ഈ ബ്രാ ഇടാൻ എനിക്ക് വയ്യ .യു നോ ഐ ആം എ മടിയൻ .വിഷയത്തിലേക്ക് വരാം .പറഞ്ഞ്‌ വന്നത് ങാ സ്വഭാവം .സ്വന്തം സ്വഭാവം നമുക്ക് അറിയാമല്ലോ പിന്നെന്തിനാണ് ആരേലും പറഞ്ഞറിയുന്നത് .ഇനിയെങ്കിലും ഏതെങ്കിലും വായ് നോക്കികൾ ( ഞാനല്ലേ ... പറഞ്ഞേക്കാം ) ഇങ്ങനൊക്കെ പറഞ്ഞാൽ വിശ്വസിക്കരുത് .എനിക്ക് ശരിക്കും വേണ്ടത് നിന്റെ കണ്ണുകളായിരുന്നു. എന്തിനെന്നോ നിന്റെ കണ്ണുകളിലൂടെ നിന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ .എന്നെ കുറിച്ച് എന്താണ് നിന്റെ മനസിന്റെ ഉള്ളിൽ ഉള്ളതെന്നറിയാൻ .പക്ഷെ നിന്റെ കണ്ണാകുന്ന നീലസാഗരത്തിലെ നിലയില്ലാ കയത്തിൽ വീണ് ശ്വാസം മുട്ടി ഞാനീ കടാപ്പുറത്ത് പാടി പാടി ..ശ്ശെ ഞാനെന്താ  ചെമ്മീനിലെ പരീക്കുട്ടിയോ ..? പരീക്കുട്ടിയോ അതാരാന്ന് ചോദിക്കരുത് .ചെമ്മീൻ നിനക്കറിയാമെന്ന് വിചാരിക്കുന്നു. അതു തന്നെ പൊരിച്ച് തിന്നുന്ന സാധനം .
ഇതു വായിക്കുമ്പോൾ നിന്റെ മുഖത്തൊരു പുഞ്ചിരി വിടരുന്നതെനിക്ക് കാണാം . ചെമ്മീന്റെ കാര്യമോർത്തല്ല ,അതിന് മുമ്പ് പറഞ്ഞ കാര്യം നീ വിശ്വസിച്ചോ ..? നിന്റെ കണ്ണിലൂടെ മനസ്സിൽ ഇറങ്ങിപ്പോയ കാര്യം .( പിന്നേ... ഈ വായിനോക്കി പറയുന്നത് ഞാനിപ്പം വിശ്വസിക്കാം  എന്നല്ലേ നീയിപ്പം മനസിൽ വിചാരിച്ചത് ) അതോർത്തല്ലേ നീ ചിരിച്ചത് ..?
ആ കണ്ണുകളിൽ ഞാൻ കാണുന്നത് വിഷാദമാണല്ലോ .എന്തോ എനിക്കങ്ങനെയാണ് തോന്നിയത് .ചിലപ്പോൾ എന്റെ തോന്നലാവാം .എന്റെ തോന്നലിനെ കുറിച്ച് നിനക്കെന്ത് തോന്നി .എന്ത് തോന്നാൻ എന്നല്ലേ നീ ഇപ്പം ചിന്തിച്ചത് ? നിനക്ക്  പുച്ഛത്തിന്റെ ഒന്നോ രണ്ടോ സ്മൈലി വേണമെങ്കിൽ ഇവിടെ ഇടാവുന്നതാണ് .
നിനക്ക് വേണ്ടി രണ്ടാം ദിവസമാണ് ഞാനെന്റെ ഉറക്കം കളയുന്നത് .ചങ്കിൽ കൊള്ളുന്ന രണ്ട് മൂന്ന് കാര്യം പറഞ്ഞിട്ട് തന്നെ കാര്യം .എന്നിട്ടീ വെറുപ്പിക്കലങ്ങ് അവസാനിപ്പിച്ചേക്കാം .ജീവിതത്തിൽ എന്നും ചേർത്ത് വെക്കപ്പെടുന്ന സൗഹൃദങ്ങൾ അപൂർവ്വമായി മാത്രം സംഭവിക്കുന്നവയാണ് .അവർ വന്നു പോയാലും അതിന്റെ അലകൾ ജീവിതത്തിൽ എന്നും ഒരാർമപ്പെടുത്തലായി മാറിയിട്ടുണ്ടാവും ....അകലെയാണെങ്കിലും അരികിലുള്ള എന്റെ പ്രിയ കൂട്ടുകാരിക്ക് .... എല്ലാ നന്മകളും നേരുന്നു .എന്നെങ്കിലും നാം നേരിൽ കാണുമെന്ന് എനിക്ക് ഒരുറപ്പുമില്ല എങ്കിലും എന്റെ ഓർമ്മ മരിക്കും വരെ നീ എന്റെ ചിന്തകളിൽ കാണുമെന്ന് എനിക്കുറപ്പുണ്ട് .ചാറ്റിലെ കുഞ്ഞുവാക്കുകളിലൂടെ ഞാൻ നിന്നടുത്തെത്തുമ്പോൾ നിന്നധരങ്ങളിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടെങ്കിൽ ഞാൻ ധന്യനായി .നാളെയൊരു പക്ഷേ നമുക്ക് പറയാൻ വാക്കുകൾ ഒന്നുമുണ്ടാവില്ല .ഒരു ജൻമം മുഴുവൻ പറയാനുള്ളത് പറഞ്ഞ് കഴിയുമ്പോൾ മൗനമാവും പിന്നെ സംസാരിക്കുക .അന്ന് നമുക്ക് ഇമോജികൾ മാത്രമാവും കൂട്ടിനുണ്ടാവുക .എങ്കിലും എനിക്ക് വിശ്വാസമുണ്ട് പെണ്ണല്ലേ വർഗം .. ഇല്ലാത്ത വിഷയം ഉണ്ടാക്കാൻ നീയൊക്കെ ധാരാളമാണ് .. ( വായ് പൊത്തിയ കൊരങ്ങൻ)
 .ഇനിയും എന്റെ ചൂണ്ടുവിരലിനെ ബുദ്ധിമുട്ടിക്കുന്നത് താങ്ങാനാവാത്തതിനാൽ മാത്രം നിർത്തട്ടെ ....

നന്ദി നമസ്കാരം ...
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : എനിക്കൊരു പണി തന്ന സ്ഥിതിക്ക് നിനക്കൊരു പണി തന്നില്ലെങ്കിൽ എനിക്കൊരു സമാധാനമില്ല .ആയതിനാൽ ഈ മുകളിലെ ചളിയെഴുത്തിന് രണ്ട് പുറത്തിൽ കവിയാത്ത നിരൂപണം എഴുതി എനിക്ക് സമർപ്പിക്കുക .എനിക്കത് കിട്ടിയേ തീരൂ ... വീണ്ടും നന്ദി

No comments:

Post a Comment