21 November 2018

ആർക്കും കേറാനാവാത്ത ഒരു ദ്വീപ്

ആൻഡമാനിലെ സെന്റിനെലീസ് ദ്വീപാണത് . അവിടെ പോയവര്‍ പലരും തിരിച്ച് വന്നിട്ടില്ല; അവര്‍ക്ക് പുറംലോകവുമായി ബന്ധവുമില്ല.
ആന്‍ഡമാന്‍ നിക്കോബാറിലെ നോര്‍ത്ത് സെന്റിനെലീസ് ദ്വീപിലടക്കം ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാന്‍ തയ്യാറല്ലാത്ത ഗോത്രസമൂഹമുണ്ട്. 60,000 വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്ന ഗോത്രസമൂഹമാണ് ഇതെന്നാണ് കരുതുന്നത്. നിലവിലെ ജനസംഖ്യ എത്രയാണെന്ന് അറിയില്ല. ഇവരെ കാണാനുള്ള അധികൃതരുടെ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.

ഇവിടെ പോയവര്‍ പലരും തിരിച്ച് വന്നിട്ടില്ല. പലരും പരിക്കുകളോടെയാണ് തിരിച്ചുവന്നത്. 2006ല്‍ ഈ ദ്വീപിന് സമീപം ബോട്ടില്‍ കിടന്നുറങ്ങിയ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. 2004ലെ സുനാമി രക്ഷാപ്രവര്‍ത്തന കാലത്ത് പോലും ഇവര്‍ സൈനികരേയോ അധികൃതരേയോ അടുപ്പിച്ചിരുന്നില്ല. ഭക്ഷണം, വസ്ത്രം, സമ്മാനപ്പൊതികള്‍ ഒന്നും ഇവരുടെയടുത്ത് ഏറ്റില്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ ലക്ഷ്യം വച്ച് അമ്പയയ്ക്കാന്‍ ഒരുങ്ങുന്ന ഗോത്രവര്‍ഗക്കാരുടെ ചിത്രം വന്നിരുന്നു.

ഞങ്ങള്‍ ദ്വീപിനടുത്തെത്തുമ്പോള്‍ അവര്‍ മലവിസര്‍ജ്ജനം നടത്താനിരിക്കുന്ന പോലെ ചന്തി കാട്ടി ഇരിക്കും. ഞങ്ങളെ അപമാനിക്കുന്ന പോലെ, ഇങ്ങോട്ട് വരേണ്ടതില്ലെന്ന സൂചനയില്‍. നിങ്ങള്‍ സുഹൃത്തായോ ശത്രുവായോ എങ്ങനെ അവിടെ എത്തിയാലും ഒരേ സ്വീകരണമാണ് കിട്ടുക, അമ്പും വില്ലുമായി – നരവംശ ശാസ്ത്രജ്ഞന്‍ ടിഎന്‍ പണ്ഡിറ്റ് പറയുന്നു. 1980കളിലും 90കളിലും ഇവിട ഗവണ്‍മെന്റ് ദൗത്യങ്ങളുമായി എത്തിയപ്പോഴുള്ള അനുഭവങ്ങളാണ് പണ്ഡിറ്റ് പങ്കുവച്ചത്. 1964 മുതല്‍ ഇവരുമായി ബന്ധപ്പെടാന്‍ അധികൃതര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.

ഒരിക്കല്‍ മാത്രമാണ് ഇവിടെ പുറത്ത് നിന്നുള്ളവര്‍ സ്വീകരിക്കപ്പെട്ടത്. 1991 ജനുവരി നാലിന് ഇവിടെയെത്തിയ ഒരു സംഘം പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ഗോത്രവര്‍ഗക്കാര്‍ സ്വീകരിച്ചതായാണ് അവര്‍ അവകാശപ്പെട്ടത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ 2005ല്‍ ഇനി ഇവരുമായി ബന്ധപ്പെടാനോ അവരുടെ ജീവിതത്തില്‍ ഇടപെടാനോ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരും ആന്‍ഡമാന്‍ അധികൃതരും തീരുമാനിച്ചു. ഈ ദ്വീപിലേയ്ക്ക് സഞ്ചാരികളെ വിലക്കി കൊണ്ട് നാവികസേന മൂന്ന മൈല്‍ പരിധിയില്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment